അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ ജയലക്ഷ്മി ഡിഗ്രി തോറ്റു, പ്ലസ്ടു ജയിച്ചു; അഞ്ചു വര്‍ഷം കൊണ്ട് ‘വിദ്യാഭ്യാസം കുറഞ്ഞ’ ലോകത്തിലെ ആദ്യ മന്ത്രി

മാനന്തവാടി: ഭരണത്തിലിരുന്ന് അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ മാനന്തവാടി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി മന്ത്രി പി.കെ ജയലക്ഷ്മിക്ക് ‘വിദ്യാഭ്യാസം കുറഞ്ഞു’.

2011ല്‍ നല്‍കിയ നാമനിര്‍ദേശ പത്രികയില്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയായി കാണിച്ചത് ബി.എ ആയിരുന്നു. ഒപ്പം ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്ന യോഗ്യതയും കാണിച്ചിരുന്നു. എന്നാല്‍ ഇന്നലെ നല്‍കിയ നാമനിര്‍ദേശ പത്രികയില്‍ പ്ലസ്ടു (ഹയര്‍ സെക്കന്‍ഡറി ബോര്‍ഡ് 2001) എന്നാണ് ഉയര്‍ന്ന യോഗ്യതയായി കാണിച്ചിട്ടുള്ളത്. ഒപ്പം ബി.എ കോഴ്‌സ് പരീക്ഷയെഴുതി, ബി.എ ഫെയില്‍ഡ് എന്നും ചേര്‍ത്തിട്ടുണ്ട്.

2011ല്‍ പത്രികയോടൊപ്പം തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ച് ബീനാച്ചി സ്വദേശി ജീവന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം പൂര്‍ത്തിയായി തീരുമാനം കാത്തിരിക്കുകയാണ്.

2011ല്‍ അവിവാഹിതയായിരുന്ന ജയലക്ഷ്മിക്ക് ആകെയുണ്ടായിരുന്ന ജംഗമ ആസ്തിയുടെ മൂല്യം 247659 രൂപയായിരുന്നു. എന്നാല്‍ വിവാഹിതയായി 2016ല്‍ അത് 18,36,854 രൂപയായി ഉയര്‍ന്നിട്ടുണ്ട്. സ്വന്തമായി ഭൂമിയോ വീടോ കെട്ടിടങ്ങളോ തനിക്കില്ലെന്നും ജയലക്ഷ്മി നാമനിര്‍ദേശ പത്രികയില്‍ പറയുന്നു.

പട്ടികവര്‍ഗ സംവരണ മണ്ഡലമായ മാനന്തവാടിയിലെ ഭരണാധികാരി സബ് കളക്ടര്‍ ശീറാം സാമ്പശിവറാവുവിനാണ് ജയലക്ഷ്മി പത്രിക സമര്‍പ്പിച്ചത്.

> Also Read

>>>  തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജയലക്ഷ്മിക്ക് അയോഗ്യതയ്ക്ക് സാധ്യത; മന്ത്രി നടത്തിയത് ആറുമാസം തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here