ഉമ്മന്‍ചാണ്ടിക്കെതിരെ സിപിഐഎം; ഉമ്മന്‍ചാണ്ടിക്കെതിരായ ആരോപണത്തിലുറച്ച് വിഎസ്; വിഎസിനെതിരെ മാത്രം നിയമനടപടി എന്തിനെന്ന് പിണറായി വിജയന്‍

തൃശൂര്‍/കോട്ടയം: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാടിനെതിരെ എല്‍ഡിഎഫ് നേതാക്കള്‍. മുഖ്യമന്ത്രിയും മന്ത്രിമാരും അഴിമതിക്കാര്‍ തന്നെയെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ആവര്‍ത്തിച്ചു. വിഎസിനെതിരെ മാത്രം ഉമ്മന്‍ചാണ്ടി നിയമനടപടി സ്വീകരിക്കുന്നത് എന്തിനെന്ന് പിണറായി വിജയന്‍ ചോദിച്ചു. ഉമ്മന്‍ചാണ്ടി പുകമറ സൃഷ്ടിക്കുകയാണ് എന്ന് കോടിയേരിയും പറഞ്ഞു.

മുഖ്യമന്ത്രിയും മന്ത്രിമാരും അഴിമതിക്കാര്‍ തന്നെയെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. തനിക്കെതിരെ കേസ് നല്‍കിയാലും ഉമ്മന്‍ചാണ്ടിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുമെന്നും വിഎസ് പറഞ്ഞു. 136 കേസുകള്‍ ഉണ്ടെന്ന ആക്ഷേപം തെറ്റാണ് എന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. പാമോയില്‍ അഴിമതി, ബാര്‍ കോഴ, സോളാര്‍ തട്ടിപ്പ്, പാറ്റൂര്‍ ഭൂമി കൈമാറ്റം തുടങ്ങിയ നിരവധി അഴിമതികളാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും നടത്തിയതെന്നും വിഎസ് പറഞ്ഞു.

എക്‌സൈസ് മന്ത്രി കെ ബാബു 10 കോടിയും ധനമന്ത്രി കെഎം മാണി കോടിക്കണക്കിന് രൂപയും കോഴവാങ്ങി. അഴിമതിക്കാര്‍ അധികാരത്തില്‍ ഇരുന്നുകൂടാ എന്ന് താന്‍ പറഞ്ഞിട്ടുണ്ട്. അതുതന്നെയാണ് എല്‍ഡിഎഫ് നേതാക്കളും പറയുന്നത്. കൊച്ചി മെട്രോയും കണ്ണൂര്‍ വിമാനത്താവളവും കാട്ടി കപട വികസനവാദമാണ് ഉമ്മന്‍ചാണ്ടി ഉന്നയിക്കുന്നതെന്നും വിഎസ് പറഞ്ഞു. മണലൂരില്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു

വിഎസിനെതിരെ മാത്രം ഉമ്മന്‍ചാണ്ടി നിയമനടപടി സ്വീകരിക്കുന്നത് എന്തിനെന്ന് പിണറായി വിജയന്‍ ചോദിച്ചു. ആരോപണമുന്നയിച്ചവര്‍ക്കെതിരെ എന്തുകൊണ്ട് കേസിന് പോകുന്നില്ല. പൊതുരംഗം മലീമസമാക്കിയവര്‍ കേസിന് പോകുമ്പോള്‍ ആര് വിലകല്‍പ്പിക്കുമെന്നും പിണറായി വിജയന്‍ ചോദിച്ചു. കോട്ടയത്ത് തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കവെയാണ് ഉമ്മന്‍ചാണ്ടിക്കെതിരെ പിണറായി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

വിഎസിനെതിരായ നിയമനടപടി ആരോപണങ്ങളില്‍ പുകമറ സൃഷ്ടിക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ തന്ത്രമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News