മല്യയ്ക്ക് ഭൂമി നല്‍കിയത് എന്‍ഇ ബല്‍റാമിന്റെ കാലത്തെ നടപടി അനുസരിച്ചെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്; 71ല്‍ ഭൂമി നല്‍കിയത് പാട്ടത്തിനെന്ന് ഉമ്മന്‍ചാണ്ടി പുറത്തുവിട്ട രേഖകളില്‍നിന്ന് വ്യക്തം

തിരുവനന്തപുരം: മദ്യരാജാവ് വിജയ് മല്യയ്ക്ക് ഭൂമി നല്‍കിയത് 1971 മുതലുള്ള നടപടിക്രമം അനുസരിച്ചാണെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് തെളിയുന്നു. മുഖ്യമന്ത്രി തന്നെ പുറത്തുവിട്ട രേഖകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. പ്രീമിയര്‍ ബ്രുവറീസ് എന്ന കമ്പനിക്ക് 1971ല്‍ പാട്ടക്കരാര്‍ അനുസരിച്ചാണ് ഭൂമി നല്‍കിയത്. പ്രീമിയര്‍ ബ്രുവറീസ് മാതൃകമ്പനിയില്‍ ലയിപ്പിച്ചതോടെ പാട്ടകരാര്‍ റദ്ദായി. പ്രസ്തുത ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാവുകയും ചെയ്തു. ഈ ഭൂമിയാണ് 2013ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിജയ് മല്യയുടെ യുണൈറ്റഡ് ബ്രുവറീസിന് പതിച്ച നല്‍കിയത്.

എന്‍ഇ ബല്‍റാം മന്ത്രിയായിരിക്കെ ഭൂമി പതിച്ച് നല്‍കാന്‍ നടപടി തുടങ്ങി എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വാദം. പാട്ടത്തിന് നല്‍കിയ ഭൂമി വിജയ് മല്യയ്ക്ക് നിസാര വിലയ്ക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പതിച്ചുനല്‍കി. ഇത് മറച്ചുപിടിക്കാനാണ് എന്‍ഇ ബലറാമിനെ മുഖ്യമന്ത്രി കൂട്ടുപിടിച്ചത്. മുഖ്യമന്ത്രിയുടെ വാദത്തിനെതിരെ എന്‍ഇ ബലറാമിന്റെ മകള്‍ ഗീത നസീര്‍ രംഗത്തുവന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രി രേഖകള്‍ പുറത്തുവിട്ട് ഫേസ്ബുക് പോസ്റ്റിട്ടത്. മുഖ്യമന്ത്രി പുറത്തുവിട്ട രേഖകള്‍ തന്നെയാണ് ഉമ്മന്‍ചാണ്ടിയുടെ വാദം പൊളിക്കുന്നത്.

1971 ജനുവരി 13ന് അന്നത്തെ വ്യവസായ വകുപ്പ സെക്രട്ടറി പാലക്കാട് ജില്ലാ കളക്ടര്‍ക്ക് അയച്ച കത്തിലാണ് ഭൂമി പാട്ടത്തിന് നല്‍കാന്‍ നിര്‍ദ്ദേശിച്ചത്. പ്രീമിയര്‍ ബ്രുവറീസ് മാതൃകമ്പനിയില്‍ ലയിച്ചതോടെ ഫലത്തില്‍ പാട്ടക്കരാര്‍ അവസാനിക്കുകയും ചെയ്തു. സര്‍ക്കാര്‍ വക ഭൂമി പാട്ടത്തിന് എടുത്ത കമ്പനി മാതൃകമ്പനിയില്‍ ലയിപ്പിച്ചാല്‍ പാട്ടക്കരാര്‍ റദ്ദാകുമെന്ന നിയമമാണ് ഇവിടെ പ്രാബല്യത്തിലാക്കിയത്. അതോടെ ഭൂമി വീണ്ടും സര്‍ക്കാരില്‍ നിക്ഷിപ്തമായി.

പിന്നീട് 2013ലാണ് ഭൂമി വിജയ് മല്യയുടെ യുണൈറ്റഡ് ബ്രുവറീസിന് സര്‍ക്കാര്‍ പതിച്ചുനല്‍കിയത്. വസ്തുത ഇതാണെന്നിരിക്കെ 1971ലാണ് ഭൂമി പതിച്ചുനല്‍കാന്‍ നടപടികള്‍ ആരംഭിച്ചത് എന്ന വാദം ഉയര്‍ത്തി സ്വയം ന്യായീകരിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. 4 ലക്ഷം മുതല്‍ 6 ലക്ഷം രൂപ വരെ വിലയുള്ള 20 ഏക്കര്‍ ഭൂമിയാണ് സെന്റിന് കേവലം 70,000 രൂപ വിലയ്ക്ക് മല്യയ്ക്ക് പതിച്ച് നല്‍കിയത്. ഇതിലൂടെ പൊതുഖജനാവിന് 75 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here