തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 96.59 ശതമാനമാണ് ഇത്തവണത്തെ വിജയ ശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് ശതമാനം കുറവാണ് ഈ വര്‍ഷത്തെ വിജയം. 1207 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. 22,879 കുട്ടികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി. പത്തനംതിട്ടയാണ് വിജയ ശതമാനം കൂടുതലുള്ള ജില്ല. വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ ആണ്. വിജയശതമാനം കുറഞ്ഞ വിദ്യാഭ്യാസ ജില്ല വയനാട് ആണ്.
ഒരു വിഷയം തോറ്റവര്‍ക്കുള്ള സേ പരീക്ഷ മേയ് 23 മുതല്‍ 27 വരെ നടക്കും. സര്‍ട്ടിഫിക്കറ്റുകള്‍ മെയ് അവസാനവാരം മുതല്‍ നല്‍കും. മോഡറേഷന്‍ ഇത്തവണ നല്‍കിയില്ലെന്ന് ഫലം പ്രഖ്യാപിച്ച ചീഫ് സെക്രട്ടറി പി.കെ.മൊഹന്തി അറിയിച്ചു.
4,74,286 പേരാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. ഇതില്‍ 4,73,753 പേര്‍ കേരളത്തിലും 533 പേര്‍ ഗള്‍ഫിലുമാണ് എഴുതിയത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതിയത്. 83,315 വിദ്യാര്‍ത്ഥികളായിരുന്നു മലപ്പുറത്ത് പരീക്ഷയെഴുതിയത്. 12,451 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ പത്തനംതിട്ടയിലാണ് ഏറ്റവും കുറവ്. മലപ്പുറം ജില്ലയിലെ പികെഎംഎം എച്ച്എസിലും തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച്എസ്എസിലുമാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതിയത്. പികെഎംഎം എച്ച്എസില്‍ 2347 കുട്ടികളും പട്ടം സെന്റ് മേരീസ് എച്ച്എസ്എസില്‍ 1647 കുട്ടികളുമാണ് പരീക്ഷയെഴുതിയത്.
ഫലമറിയാന്‍ വിപുലമായ സംവിധാനങ്ങളാണ് ഐടി@സ്‌കൂളും പൊതുവിദ്യാഭ്യാസ വകുപ്പും ഒരുക്കിയിരിക്കുന്നത്. വെബ്‌സൈറ്റിലും സ്മാര്‍ട്ട് ഫോണുകളില്‍ സാഫല്യം മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഫലമറിയാം. എസ്എംഎസ് മുഖേന ഫലമറിയാനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. ഫലം www.result.kerala.gov.in, www.results.itschool.gov.in, www.result.itschool.gov.in, www.keralapareekshabhavan.in, www.results.kerala.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭിക്കും. സിറ്റിസണ്‍സ് കാള്‍ സെന്റര്‍ മുഖേന 155300 (ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈനില്‍നിന്ന്), 0471-155300 (ബിഎസ്എന്‍എല്‍ മൊബൈലില്‍നിന്ന്), 0471-2335523, 0471-2115054, 0471-2115098 (മറ്റ് മൊബൈലുകളില്‍നിന്ന്) എന്നീ നമ്പറുകളില്‍ ഫലം ലഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here