ജെഎന്‍യു വീണ്ടും സമരച്ചൂടിലേക്ക്; ജാതിവാദികളായ ഭരണസമിതിയുടെ റിപ്പോര്‍ട്ട് കത്തിച്ചുകളയുമെന്ന് കനയ്യ കുമാര്‍; തീരുമാനം പിന്‍വലിക്കുംവരെ നിരാഹാര സമരം

ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥി നേതാക്കള്‍ക്കെതിരെ അധികൃതര്‍ ശിക്ഷാനടപടികള്‍ പ്രഖ്യാപിച്ചതോടെ ക്യാമ്പസ് വീണ്ടും സമരച്ചൂടിലേക്ക്. സര്‍വകലാശാല ഭരണസമിതിയുടെ ശിക്ഷാ നടപടി അംഗീകരിക്കില്ലെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

തങ്ങള്‍ പിഴയൊടുക്കില്ലെന്നും ഹോസ്റ്റല്‍ ഒഴിയില്ലെന്നും സര്‍വകലാശാല തീരുമാനം പിന്‍വലിക്കും വരെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നും വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ വ്യക്തമാക്കി. ജാതിവാദികളായ ജെഎന്‍യു ഭരണസമിതിയുടെ റിപ്പോര്‍ട്ട് കത്തിച്ചുകളയുമെന്നും കനയ്യ പറഞ്ഞു.

റിപ്പോര്‍ട്ടിലെ വ്യാജ കണ്ടെത്തലുകള്‍ അംഗീകരിക്കാന്‍ തയ്യാറല്ലെന്നും കനയ്യ കുമാര്‍ വ്യക്തമാക്കി. ജനാധിപത്യവിരുദ്ധമായ രീതിയിലാണ് ഉന്നതതല അന്വേഷണ സമിതിയെ നിയോഗിച്ചതെന്നും തുടക്കം മുതല്‍ എതിര്‍പ്പ് വ്യക്തമാക്കിയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. പുറത്തു നിന്നുള്ളവരാണ് രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചതെന്ന് അധികൃതര്‍ തന്നെ പറയുന്നു. പിന്നെ എന്തിനാണ് തങ്ങള്‍ക്കെതിരെ നടപടി എടുക്കുന്നതെന്നും കനയ്യ ചോദിച്ചു.

അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങ് വിവാദം അന്വേഷിക്കാന്‍ സര്‍വകലാശാല നിയോഗിച്ച ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെ നടപടികള്‍ തിങ്കളാഴ്ചയാണ് വാഴ്‌സിറ്റി പ്രഖ്യാപിച്ചത്. ഉമര്‍ ഖാലിദിനെ ഒരു സെമസ്റ്റര്‍ കാലത്തേക്കും മുജീബ് ഗട്ടുവിനെ രണ്ട് സെമസ്റ്ററിലേക്കുമാണ് സസ്‌പെന്റ് ചെയ്തത്. ഉമറിന് 20,000 രൂപ പിഴയുമിട്ടിട്ടുണ്ട്. അനിര്‍ബെന്‍ ഭട്ടാചാര്യക്ക് അഞ്ച് വര്‍ഷത്തേക്ക് ജെഎന്‍യുവില്‍ കോഴ്‌സുകള്‍ക്ക് ചേരുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കനയ്ക്ക് 10,000 രൂപ പിഴയാണ് ഇട്ടിരിക്കുന്നത്. മറ്റു 13 വിദ്യാര്‍ത്ഥികള്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്. അശുതോഷ് കുമാര്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ പ്രവേശിക്കുന്നത് വിലക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News