ആലപ്പുഴ: നിയമസഭാ തെരഞ്ഞടുപ്പില്‍ വോട്ടര്‍മാരോട് വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ച് നടന് കുഞ്ചാക്കോ ബോബനും. ചാക്കോച്ചന് പ്രചരണത്തിന് ഇറങ്ങുന്നത് ഏതെങ്കിലും ഒരു പാര്‍ട്ടിക്കുവേണ്ടിയോ സ്ഥാനാര്‍ത്ഥിക്കുവേണ്ടിയോ അല്ല. വോട്ടര്‍മാര്‍ക്കുള്ള ബോധവത്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായാണ് കുഞ്ചാക്കോ ബോബന് വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിക്കുന്നത്.
ആലപ്പുഴ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കലക്ടര്‍ ആര്. ഗിരിജ 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ പ്രകാശനം ചെയ്തു. ജില്ലാ തെരഞ്ഞെടുപ്പ് വെബ്സൈറ്റിലും ഫേസ്ബുക്കിലും ഇത് കാണാം. ജില്ലയിലെ തെരഞ്ഞെടുപ്പ് ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ താരപ്രചാരകനായ കുഞ്ചാക്കോ ബോബന്റെ വീഡിയോ സന്ദേശത്തിന് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും വ്യാപകമായ പ്രചാരം നല്‍കുമെന്ന് കലക്ടര്‍ പറഞ്ഞു.
പരിപാടിയുടെ ഭാഗമായി നേരത്തെ നീലേശ്വരത്ത് വോട്ടഭ്യര്‍ത്ഥനയുമായി നടി കാവ്യമാധവനും എത്തിയിരുന്നു. വോട്ട് ചെയ്യുകയെന്നത് പൗരന്റെ കടമയാണെന്നും അത് വളരെ പ്രധാനപ്പെട്ടതാണെന്നായിരുന്നു കാവ്യയുടെ അഭിപ്രായം. വോട്ടിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കേണ്ടത് അനിവാര്യമാണെന്നും കാവ്യ പറയുന്നു. വോട്ടിംഗ് ശതമാനം കൂട്ടുന്നതിനായി കാസര്‍ഗോഡ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചിരുന്നത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here