വൈക്കം ചെമ്പില്‍ 150 ഏക്കര്‍ വയല്‍ നികത്താന്‍ അനുമതി നല്‍കിയതും മുഖ്യമന്ത്രി; സമൃദ്ധി വില്ലേജ് പദ്ധതി സാമ്പത്തിക വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് ഐഡിസി; നിബന്ധനകള്‍ പാലിക്കുന്നതായി വ്യവസായവകുപ്പും

കോട്ടയം: ജില്ലയിലെ വൈക്കം ചെമ്പില്‍ 150 ഏക്കര്‍ വയല്‍ നികത്താന്‍ അനുമതി നല്‍കിയതിന് പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭായോഗത്തിനുള്ള കുറിപ്പ്, വിവാദ വയല്‍നികത്തല്‍ ഉത്തരവിന് പിന്നിലെ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്നു. 150.73 ഏക്കര്‍ ഭൂമിക്ക് ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിടുകയായിരുന്നെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

ചെമ്പ് വില്ലേജില്‍ ‘സമൃദ്ധി വില്ലേജ് പദ്ധതി’ സ്ഥാപിക്കാന്‍ ഭൂപരിഷ്‌കരണ നിയമം സെക്ഷന്‍ 81(3) പ്രകാരം ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്മാര്‍ട്ട് ടൗണ്‍ഷിപ് പ്രൈവറ്റ് ലിമിറ്റഡ് എംഡി സമര്‍പ്പിച്ച അപേക്ഷ സംബന്ധിച്ചുള്ളതാണ് കുറിപ്പ്. ആദ്യ ഘട്ടത്തില്‍ ഇളവിനുള്ള അപേക്ഷ കലക്ടര്‍ നിഷേധിച്ചത് കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്. സ്മാര്‍ട്ട് ടൗണ്‍ഷിപ് ലിമിറ്റഡിനായി പോക്കുവരവ് ചെയ്തിട്ടുള്ള മുഴുവന്‍ നിലങ്ങളും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെടേണ്ടതാണെന്നും പദ്ധതികൊണ്ട് പൊതുതാല്‍പ്പര്യം സംരക്ഷിക്കപ്പെടുമെന്ന് കരുതാനാകില്ലെന്നും പരിസ്ഥിതിക്ക് ദോഷകരമാണെന്നും ഇക്കാരണത്താല്‍ അപേക്ഷ നിരസിച്ചതായുമാണ് കലക്ടറുടെ റിപ്പോര്‍ട്ട്.

പിന്നീട് വിഷയം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കമ്പനി വീണ്ടും അപേക്ഷ നല്‍കി. സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയുടെ സംരക്ഷണം ഉറപ്പാക്കി നിബന്ധനകളും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കുമെന്ന ഉറപ്പില്‍ അനുമതി നല്‍കുന്നത് പരിഗണിക്കാമെന്ന് പിന്നീട് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി.

തുടര്‍ന്ന് വ്യവസായ വകുപ്പിന് കീഴിലുള്ള ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ പദ്ധതി പരിശോധിച്ച്, സാമ്പത്തിക വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് വിലയിരുത്തി. നിബന്ധനകള്‍ പാലിക്കുന്നതായി വ്യവസായവകുപ്പും അറിയിച്ചു. ഇതേത്തുടര്‍ന്ന് ഫയല്‍ മന്ത്രിസഭായോഗത്തില്‍ പരിഗണനയ്ക്ക് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു.

കുമരകം മെത്രാന്‍ കായല്‍ പാടശേഖരമുള്‍പ്പെടെ 425 ഏക്കര്‍ നികത്താനുള്ള അനുമതിക്ക് പിന്നാലെയാണ് വൈക്കത്ത് 150 ഏക്കര്‍ വയല്‍ നികത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. വിനോദസഞ്ചാരം, വിദ്യാഭ്യാസം, വാണിജ്യം, വ്യവസായം, സാങ്കേതികവിദ്യ ഉള്‍പ്പെടുന്ന പദ്ധതി എന്ന പേരിലായിരുന്നു അനുമതി. പ്രദേശം പൂര്‍ണമായും വയലാണെന്ന് ഉത്തരവിലുണ്ട്. കമ്പനിയുടെ അപേക്ഷയും പദ്ധതി റിപ്പോര്‍ട്ടും വിശദമായി പരിശോധിച്ചെന്ന് ഉത്തരവില്‍ പറയുന്നു. 1500 കോടി പദ്ധതിയില്‍ 5000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന അവകാശവാദവും ഉത്തരവില്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News