മലയാളസിനിമയുടെ നട്ടെല്ല് ചവിട്ടിയോടിക്കുന്ന പണിയാണ് ‘സിനിമ പ്രേമികളായ’ കുറച്ചുപേര്‍ ‘ലീല’യോട് ചെയ്യുന്നതെന്ന് ആഷിഖ് അബു

രഞ്ജിത്ത് ബിജുമേനോന്‍ ചിത്രം ലീലയുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സംവിധായകന്‍ ആഷിഖ് അബു.

‘പൊരുതിയും കലഹിച്ചും നിവര്‍ന്നുവരുന്ന മലയാളസിനിമയുടെ നട്ടെല്ല് ചവിട്ടിയോടിക്കുന്ന പണിയാണ് ‘സിനിമ പ്രേമികളായ’ കുറച്ചുപേര്‍ ‘ ലീല ‘ എന്ന സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച് ക്രൂരമായ വിനോദം ആസ്വദിക്കുന്നതിലൂടെ ചെയ്യുന്നത്. മനസില്‍ അല്‍പമെങ്കിലും സ്‌നേഹവും ബഹുമാനവും ഈ കലാരൂപത്തോടും ഈ വ്യവസായത്തോടും ബാക്കിയുള്ളവര്‍ ഈ ക്രിമിനല്‍ കര്‍മത്തില്‍ പങ്കാളികള്‍ ആവരുതേ എന്നപേക്ഷിക്കുന്നു.’- ആഷിഖ് അബു പറഞ്ഞു.

ലീലയുടെ വ്യാജന്‍ ചില വെബ്‌സൈറ്റുകളില്‍ പൂര്‍ണമായും ഫേസ്ബുക്ക് പേജുകളില്‍ ഭാഗിക ദൃശ്യങ്ങളുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത് ആരാണ് ചെയ്തതെന്നോ എവിടെ നിന്നാണ് ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങിയതെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് നിര്‍മ്മാതാവും സംവിധായകനുമായ രഞ്ജിത്ത് പറഞ്ഞു.
തീയേറ്റര്‍ റിലീസിനൊപ്പം ഓണ്‍ലൈന്‍ റിലീസും ‘ലീല’ ടീം നടത്തിയിരുന്നു. റിലീസ് ദിവസം തന്നെ ഇന്ത്യ ഒഴിച്ച് ലോകത്ത് എവിടെ ഇരുന്നും സിനിമ ഓണ്‍ലൈനില്‍ കാണാനാണ് അവസരമൊരുക്കിയിരുന്നത്. ഇതുവഴിയാണ് ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങിയതെന്നാണ് ലഭിക്കുന്ന സൂചനകള്‍.

ഉണ്ണി ആറിന്റെ പ്രശസ്തമായ ലീല എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബിജു മേനോന്‍ നായക കഥാപാത്രമായ കുട്ടിയപ്പന്റെ വേഷത്തില്‍ എത്തുമ്പോള്‍ ലീലയായി പാര്‍വതി നമ്പ്യാരാണ് വേഷമിടുന്നത്. വിജയ രാഘവന്‍, ഇന്ദ്രന്‍സ് അടക്കമുള്ള താരങ്ങളും ചിത്രത്തിലുണ്ട്. ബിജിബാലാണ് സംഗീതം. രഞ്ജിത്തിന്റെ തന്നെ ക്യാപിറ്റോള്‍ തിയേറ്ററാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News