അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതിയില്‍ സഭയില്‍ ബിജെപി-കോണ്‍ഗ്രസ് അംഗങ്ങളുടെ കയ്യാങ്കളി; വിവാദത്തെ ഭയപ്പെടുന്നില്ലെന്ന് സോണിയ ഗാന്ധി

ദില്ലി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് വി.വി.ഐ.പി ഹെലികോപ്ടര്‍ ഇടപാടിന്റെ പേരില്‍ രാജ്യസഭയില്‍ ബിജെപി-കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളിയിലേയ്ക്ക് വരെ കാര്യങ്ങള്‍ നീങ്ങി. വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ ബി.ജെ.പി നേതാവ് സുബ്രഹ്ണ്യന്‍സ്വാമി, സോണിയാഗാന്ധിയെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചു.

പരാമര്‍ശത്തില്‍ പ്രകോപിതരായ കോണ്‍ഗ്രസ് അംഗങ്ങള്‍ സീറ്റ് വിട്ടെഴുന്നേറ്റു. സ്പീക്കറുടെ ഡയസിന് ചുറ്റുമെത്തിയ കോണ്‍ഗ്രസ് എം.പിമാര്‍ ഒരു വേള ബിജെപി എംപിമാരുടെ സീറ്റിന് നേരേയും കടന്നതോടെ സഭ അല്‍പ്പസമയത്തേക്ക് നിറുത്തി വയ്‌ക്കേണ്ടി വന്നു. പിന്നീട് ചേര്‍ന്നെങ്കിലും സമാനസംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു. ലോക്‌സഭാ അംഗമായ സോണിയയുടെ പേര് രാജ്യസഭയില്‍ ഉന്നയിച്ചത് ചട്ടം ലംഘനമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തുടര്‍ന്ന് സോണിയയുടെ പേര് സഭാ രേഖകളില്‍ നിന്നും ഡപ്യൂട്ടി സ്പീക്കര്‍ കുര്യന്‍ നീക്കി. സുബ്രഹ്ണ്യസ്വാമിയെ ശാസിക്കുകയും ചെയ്തു. സഭാ ചട്ടപ്രകാരമാണ് ആരോപണം ഉന്നയിക്കേണ്ടന്ന് കുര്യന്‍, സുബ്രഹ്മണ്യസ്വാമിയോട് പറഞ്ഞു.

അതേസമയം, ആരോപണത്തിന് പിന്നില്‍ ഇന്ത്യ-ഇറ്റലി പ്രധാനമന്ത്രിമാര്‍ തമ്മിലുള്ള ഒത്തുകളിയാണന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി. വിവാദമുണ്ടായപ്പോള്‍ യു.പി.എ സര്‍ക്കാര്‍ അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. പക്ഷെ മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതിയില്‍ പങ്കെടുക്കാന്‍ മോദി സര്‍ക്കാര്‍ കമ്പനിയെ അനുവദിച്ചെന്നും ഗുലാം നബി പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രിമാര്‍ തമ്മിലുള്ള ഒത്തുകളിയെന്ന ആരോപണം തെറ്റെന്ന് അരുണ്‍ ജറ്റ്‌ലി പറഞ്ഞു.കൈക്കൂലി നല്‍കിയെന്ന് തെളിഞ്ഞെന്നും ജയ്റ്റ്‌ലി ചൂണ്ടികാട്ടി.

അതേസമയം, ആരോപണങ്ങളോട് സോണിയാ ഗാന്ധി പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. പുതിയ വിവാദത്തെ കോണ്‍ഗ്രസ് പാര്‍ട്ടി ഭയപ്പെടുന്നില്ല. എന്‍.ഡി.എ സര്‍ക്കാര്‍ വിവാദത്തെക്കുറിച്ച് അന്വേഷിക്കട്ടേയെന്നും സോണിയാഗാന്ധി പറഞ്ഞു.

പിന്നീട് വീണ്ടും സഭ ചേര്‍ന്നപ്പോളും ബഹളം രൂക്ഷമായതോടെ ഉച്ച രണ്ടുവരെ നിര്‍ത്തിവയ്ക്കാന്‍ സ്പീക്കര്‍ തീരുമാനിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here