എണ്ണയില്ലാതെ ജീവിക്കാൻ സൗദിക്കു കഴിയും; കാതലായ സാമൂഹികമാറ്റത്തിനുമൊരുങ്ങി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സമൂല പരിഷ്‌കാരങ്ങൾ

റിയാദ്: എണ്ണയില്ലെങ്കിലോ എണ്ണവിലിയിടഞ്ഞാലോ സൗദി അറേബ്യ തകരുമെന്ന് കരുതിയെങ്കിൽ തെറ്റി. എണ്ണയില്ലാതെയും ലോകത്തെ സമ്പന്നശക്തിയായി തുടരാൻ കഴിയുമെന്നാണ് സൗദി തെളിയിക്കാനൊരുങ്ങുന്നത്. എണ്ണവില കുറഞ്ഞാൽ ഒന്നും സംഭവിക്കില്ലെന്നും ഒരു തുള്ളി എണ്ണപോലും കയറ്റി അയക്കാനില്ലെങ്കിലും ഒരു തളർച്ചയുമുണ്ടാകില്ലെന്നും വ്യക്തമാക്കുകയാണ് സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ. വിഷൻ 2030 എന്ന പേരിൽ പുറത്തിറക്കിയ പരിഷ്‌കര പദ്ധതിയുടെ മുഖവുരയായാണ് രാജകുമാരൻ ഇക്കാര്യം വ്യക്തമാക്കിയത്.

സമ്പദ് വ്യവസ്ഥയുടെ പരിഷ്‌കരണത്തിനൊപ്പം സാമൂഹിക ജീവിതത്തിലും കാതലായ മാറ്റം വരുത്താനാണ് മുഹമ്മദ് രാജകുമാരന്റെ നിർദേശം. യാഥാസ്ഥിതികരുടെ കടുത്ത എതിർപ്പിനിടയിലായിരിക്കും സാമൂഹിക പരിഷ്‌കാരങ്ങൾക്ക് ഒരുങ്ങുന്നത്. സ്ത്രീകൾക്കു വാഹനമോടിക്കാനുള്ള സ്വാതന്ത്ര്യത്തിന് സമൂഹത്തിൽ എതിർപ്പുകളുണ്ടെങ്കിലും ഏതു തുറയിലും മാറ്റത്തിനുള്ള സാധ്യതകൾ തേടുമെന്ന രാജകുമാരന്റെ പ്രഖ്യാപനം വലിയ ചർച്ചകൾക്കായിരിക്കും വഴിതുറക്കുക. സൗദിയിൽ നിലവിൽ സിനിമകൾക്കു നിരോധനമുണ്ട്. സ്ത്രീകൾ കായികവിനോദങ്ങളിൽ ഏർപ്പെടുന്നതിനു വിലക്കും നിയന്ത്രണവുമുണ്ട്.

ജനങ്ങളുടെ ജീവിതനിലവാരത്തെക്കുറിച്ചാണ് രാജകുമാരൻ പറയുന്നതെന്നും അതേസമയം പല കാര്യങ്ങളിലും വൈമനസ്യം പ്രകടിപ്പിക്കുന്നതായും പ്രമുഖ സൗദി മാധ്യമപ്രവർത്തകനായ ജമാൽ ഖഷോഗി പറയുന്നു. സൗദി യുവത്വത്തിന്റെ പ്രതീകമായാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ വിലയിരുത്തുന്നത്. മതകാര്യങ്ങളിൽ കർക്കശക്കാരനുമാണ്. അതേസമയംതന്നെ, പഴയതലമുറയിൽനിന്നു വ്യത്യസ്തമായ പാത ചിന്തകളിലും പ്രവൃത്തികളിലും സ്വീകരിക്കുന്നതിനാൽ മാറ്റം വെറുവാക്കാവില്ലെന്നാണ് പൊതു നിഗമനം.

ലോകവ്യാപകമായ മാറ്റത്തിനാണ് സൗദിയുടെ പരിഷ്‌കാരം കൊണ്ടു ലക്ഷ്യമിടുന്നതെന്നാണ് പദ്ധതിക്കു വിഷൻ 2030 എന്ന പേരിട്ടതിലൂടെ മുഹമ്മദ് രാജകുമാരൻ വിവക്ഷിക്കുന്നതെന്നും സൂചനയുണ്ട്. സാധാരണ ഹിജ്‌റ കലണ്ടർ പ്രകാരമാണ് സൗദി കാര്യങ്ങൾ തീരുമാനിക്കാറുള്ളത്. അതിൽനിന്നു മാറിയുള്ള രാജകുമാരന്റെ ചിന്ത ലോകത്തിന്റെ തന്നെ ശ്രദ്ധയുടെ ഇടപെടലും സാമ്പത്തികമായും സാമൂഹികമായും സൗദിയിലേക്കു കൊണ്ടുവരുന്നതിന്റെ ഭാഗമാണെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. പദ്ധതി അവതരിപ്പിച്ചുകൊണ്ടു സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെ രാജകുമാരൻ വിളിച്ചുചർച്ച നടത്തിയിരുന്നു.

ചുരുക്കത്തിൽ സമൂലമായ മാറ്റത്തിനാണ് വരുന്ന പതിനാലുവർഷങ്ങളിൽ സൗദി കടന്നുപോകാൻ പോകുന്നതെന്നാണ് വിലയിരുത്തൽ. സിനിമകൾക്കുള്ള വിലക്കു നീങ്ങാനും എഴുത്തുകാർക്കും സിനിമാ പ്രവർത്തകർക്കും കുറച്ചുകൂടി വിശാലമായ പ്രവർത്തനത്തിന് വഴി തുറക്കുന്ന മാറ്റങ്ങളുണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. മതപരമായ കാര്യങ്ങളിൽ മുറുകെപ്പിടിച്ചുകൊണ്ടുതന്നെ വളരെ പുരോഗമനപരമായ മാറ്റങ്ങളായിരിക്കും രാജകുമാരൻ കൊണ്ടുവരിക. എണ്ണയെ ആശ്രയിക്കാതെ വളരാനുള്ള മണ്ണൊരുക്കുന്നതിന്റെ ഭാഗമായാണ് മക്ക, മദീന തീർഥാടനങ്ങൡലൂടെ കൂടുതൽ പണം കണ്ടെത്താനുള്ള തീരുമാനവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News