കേരളത്തിൽ വ്യാജ മദ്യദുരന്തത്തിനു സാധ്യതയെന്ന് ഇന്റലിജൻസ് രഹസ്യാന്വേഷണ റിപ്പോർട്ട്; റെഡ് അലർട്ട് പ്രഖ്യാപിക്കാൻ എക്‌സൈസ് കമ്മീഷണർക്ക് നിർദേശം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുപ്പിച്ച് കേരളത്തിൽ വ്യാജ മദ്യദുരന്തം ഉണ്ടാകാൻ സാധ്യതയെന്ന് റിപ്പോർട്ട്. സർക്കാർ രഹസ്യാന്വേഷണ വിഭാഗമാണ് റിപ്പോർട്ട് നൽകിയത്. ഇതേതുടർന്ന് സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. എക്‌സൈസ് കമ്മീഷണർക്കാണ് റെഡ് അലർട്ട് പ്രഖ്യാപിക്കാൻ രഹസ്യാന്വേഷണ വിഭാഗം നിർദേശം നൽകിയത്. എക്‌സൈസ് പൊലീസ് വകുപ്പുകളെ ഏകോപിപ്പിച്ച് മദ്യദുരന്തം തടയാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർമാർക്കും നിർദേശം നൽകിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിനോടു അനുബന്ധിച്ച് കേരളത്തിൽ മദ്യദുരന്തത്തിന് സാധ്യതയുണ്ടെന്ന് കഴിഞ്ഞദിവസം ഉത്തരമേഖലാ എക്‌സൈസ് കമ്മീഷണർ അനിൽ സേവ്യർ കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപിച്ചിരുന്നു. അതിർത്തി കടന്നു വ്യാജമദ്യവും, സ്പിരിറ്റും ഒഴുകാനുള്ള സാധ്യത തടയാനുള്ള പ്രവർത്തനങ്ങൾ എക്‌സൈസ് വകുപ്പ് തുടങ്ങിയതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു. സംസ്ഥാന സർക്കാരിന്റെ മദ്യനയം പൂർണമായും നടപ്പാക്കുമെന്നും എക്‌സൈസ് കമ്മീഷണർ പറഞ്ഞിരുന്നു.

പൊതുവെ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മദ്യവും ലഹരിവസ്തുക്കളും സ്വർണവുമൊക്കെ കേരളത്തിലേക്കാണ് അതിർത്തി കടക്കുന്നത്. പ്രത്യേകിച്ച് തെരഞ്ഞെടുപ്പിനിടെയാണ് ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ വർധിക്കുന്നത്. സംസ്ഥാനത്ത് ബാറുകളില്ലാത്തതിനാൽ വ്യാജമദ്യവും സ്പിരിറ്റുമൊക്കെ കേരളത്തിലേക്ക് ഒഴുകാനുള്ള സാധ്യതയാണ് എക്‌സൈസ് വകുപ്പ് കാണുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News