ദക്ഷിണാഫ്രിക്കക്കാരനായതിൽ തനിക്ക് ലജ്ജ തോന്നുന്നെന്ന് ദക്ഷിണാഫ്രിക്കൻ മുൻ താരം ജാക്ക് കാലിസ്. ക്രിക്കറ്റ് ടീമിൽ കറുത്ത വർഗക്കാരെ കൂടുതൽ ഉൾപ്പെടുത്തണമെന്ന ദക്ഷിണാഫ്രിക്കൻ സർക്കാരിന്റെ വർണവിവേചന പരമായ തീരുമാനത്തിനെതിരെയാണ് കാലിസ് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. കൂടുതൽ കറുത്ത വർഗക്കാരെ ഉൾപ്പെടുത്താത്തതിനു നാലു സ്‌പോർട്‌സ് ഫെഡറേഷനുകളെ വിലക്കിയ നടപടിക്കെതിരെ പ്രതികരിക്കുകയായിരുന്നു കാലിസ്. ക്രിക്കറ്റ്, റഗ്ബി, നെറ്റ്ബാൾ എന്നീ കായിക ഇനങ്ങളിലെല്ലാം ഇത്തരത്തിൽ വർണവിവേചനം നടപ്പാക്കുന്നുണ്ട് സർക്കാർ.
ട്വിറ്ററിലായിരുന്നു കാലിസിന്റെ പ്രതികരണം. ഞാനൊരു ദക്ഷിണാഫ്രിക്കക്കാരൻ ആണെന്നു പറയുന്നതിൽ എനിക്കു തന്നെ ലജ്ജ തോന്നുന്നു. ഇങ്ങനെ പറയാൻ എനിക്ക് ദുഃഖമുണ്ട്. സ്‌പോർട്‌സിൽ രാഷ്ട്രീയം കലർത്തരുതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. മറ്റു ദക്ഷിണാഫ്രിക്കൻ താരങ്ങളും സർക്കാർ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു.
@News24 So sad that i find myself embarrassed to call myself a South African so often these days #no place for politics in sport
— Jacques Kallis (@jacqueskallis75) April 25, 2016
ദേശീയ ടീമിൽ 60 ശതമാനം തദ്ദേശീയരായ കളിക്കാർ ഇല്ലാത്തതിനാൽ അന്താരാഷ്ട്ര ടൂർണമെന്റുകൾക്ക് വേദിയാകുന്നതിന് ശ്രമിക്കരുതെന്ന് ദക്ഷിണാഫ്രിക്കൻ കായിക മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ആഫ്രിക്കൻ കറുത്ത വർഗക്കാർ, സങ്കര വർഗക്കാർ, ഇന്ത്യൻ വംശജർ എന്നിവരെയാണ് നിർബന്ധമായും ടീമിൽ എടുക്കേണ്ടതെന്നും മന്ത്രാലയം നിർദേശം നൽകി. ഇതു ലംഘിക്കുന്ന ഏതു ഫെഡറേഷൻ ആണെങ്കിലും അതിനെ വീറ്റോ ചെയ്യുമെന്നും കായികമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ദക്ഷിണാഫ്രിക്കയുടെ 90 ശതമാനവും കറുത്തവർഗക്കാരാണ്. എന്നാൽ, റഗ്ബി, ക്രിക്കറ്റ് എന്നീ ഇനങ്ങളിൽ ആദ്യ ഇലവനിൽ നിന്ന് ഇപ്പോഴും കറുത്ത വർഗക്കാർ പുറത്താണ്. സർക്കാരിന്റെ ഈ വീറ്റോ ക്രിക്കറ്റിൽ ഒരു വലിയ ടൂർണമെന്റിനു ആതിഥേയത്വം വഹിക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് തടസ്സമാകില്ല. എന്നാൽ, റഗ്ബി ഫെഡറേഷനു ഇതു തിരിച്ചടിയാകും. 2023-ലെ ലോകകപ്പ് റഗ്ബി ടൂർണമെന്റിനു ആതിഥേയത്വം വഹിക്കാനുള്ള നീക്കത്തിനു ഇതു വിലങ്ങു തടിയായേക്കും.
Get real time update about this post categories directly on your device, subscribe now.
Discussion about this post