പുതുപ്പള്ളിക്ക് വേണ്ടി പുസ്തക സമാഹരണവുമായി ജെയ്ക് സി തോമസ്; തെരഞ്ഞെടുപ്പ് പ്രചരണം നാടിന്റെ നേട്ടമാക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പതിറ്റാണ്ടുകളായി കക്ഷത്ത് വച്ചുനടക്കുന്ന മണ്ഡലമാണ് പുതുപ്പള്ളി. മന്ത്രി മണ്ഡലമായും മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും ഒക്കെ മണ്ഡലമായി വേഷപ്പകര്‍ച്ച നേടിയപ്പോഴും പുതുപ്പള്ളി നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് വലിയ പരിഹാരം ഒന്നും സംഭവിച്ചിട്ടില്ല. കുടിവെള്ളം മുതല്‍ കിടപ്പാടെ വരെയുള്ള ഒരുപാട് പ്രശ്‌നങ്ങള്‍ വിവിഐപി മണ്ഡലമായ പുതുപ്പള്ളിയിലുണ്ട്. ഇത് പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ് മണ്ഡലത്തിലെ എല്‍ഡിഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്.

തെരഞ്ഞെടുപ്പിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്ന് നാടിനായി എന്ത് ചെയ്യാന്‍ കഴിയും എന്ന ചിന്തയാണ് ജെയ്ക് സി തോമസിനെ വേറിട്ട സ്ഥാനാര്‍ത്ഥിയാക്കുന്നത്. തെരഞ്ഞെടുപ്പിന്റെ ഫലം എന്തായാലും പ്രചരണത്തിന്റെ ബാക്കിപത്രമായി എന്തെങ്കിലും ഒന്ന് വേണം. അതാണ് ഒടുവില്‍ സമഗ്രവായനശാല എന്ന ആശയത്തിലേക്ക് എത്തിച്ചത്. പുതുപ്പള്ളി മണ്ഡലത്തില്‍ നല്ലൊരു വായനശാല ഇല്ലാത്തതും ജെയ്കിന്റെ ആശയത്തിന് ചൂട് പകരുന്നു. ഇതിനായി ലോകത്തിന്റെ ഏത് കോണില്‍നിന്നും സുമനസ്സുകളില്‍ നിന്നും പുസ്തകം സ്വരൂപിക്കാനാണ് ജെയ്ക് ശ്രമം തുടങ്ങിയത്.

പുതുപ്പള്ളിക്കൊരു പുസ്തകം എന്ന് പേരിട്ട വ്യത്യസ്ത പ്രചരണ പരിപാടിയാണ് ജെയ്ക് അവതരിപ്പിക്കുന്നത്. പ്രചരണം അവസാനിപ്പിക്കുമ്പോള്‍ മണ്ഡലത്തിനായി ഈ നന്മ യാഥാര്‍ത്ഥ്യമാക്കണം എന്നാണ് ജെയ്കിന്റെ ആഗ്രഹം. ‘എന്നെയും പാര്‍ട്ടിയെയും സ്‌നേഹിക്കുന്ന പുതുപ്പള്ളി മണ്ഡലത്തിനകത്തും പുറത്തുമുള്ള എല്ലാവരോടുമായി അവശ്യപ്പെടാനൊന്നേയുള്ളൂ. നിങ്ങളുടെ പിന്തുണ പുസ്തകങ്ങളുടെ രൂപത്തില്‍ അയച്ചു തരിക. ഭാഷാ – വിഷയ ഭേദമന്യേ ഏതു പുസ്തകവും നിങ്ങള്‍ക്ക് അയയ്ക്കാം. ഓരോ പുസ്തകവും എനിക്കുള്ള നിങ്ങളുടെ വലിയ പിന്തുണയാണ്.’ – ജെയ്ക് സി തോമസ് പറയുന്നു.

 

പുതുപ്പള്ളിക്കാര്‍ക്ക് മുന്നില്‍ അറിവിന്റെ നിറകുടം തുറക്കുന്ന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തോമസ് ഐസക്ക് എംഎല്‍എ പള്ളിക്കത്തോട്ടില്‍ വച്ച് നിര്‍വഹിച്ചു. 5 കൊല്ലം കേരളത്തെ അഴിമതിയില്‍ മൂടിയ സര്‍ക്കാരിന്റെ അമരക്കാരനെ തോല്‍പ്പിക്കുക എന്നതാണ് ഇത്തരം ഒരു പ്രചരണം വഴി ജെയ്ക് ലക്ഷ്യമിടുന്നത്. പുതുപ്പള്ളിയുടെ നിലവിലെ അമരക്കാരന്റെ അഴിമതിയെ ചെറുക്കാന്‍ അറിവിലൂടെ പോരാട്ടമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതുവഴി വായന അന്യമായിക്കൊണ്ടിരിക്കുന്ന പുതുതലമുറയ്ക്ക് മുന്നില്‍ അറിവിന്റെയും വിജ്ഞാനത്തിന്റെയും അക്ഷയപാത്രം തുറന്ന് മാതൃകയാവുക എന്നതാണ് പുതുപ്പള്ളിയിലെ ഈ ഇടത് സ്ഥാനാര്‍ത്ഥിയുടെ ലക്ഷ്യം.

ജെയ്ക് സി തോമസിന്റെ ഫേസ്ബുക് പോസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News