എന്നും ചുവന്ന പേരാമ്പ്രയുടെ മണ്ണിൽ ഇക്കുറിയും ആരും അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്നില്ല; പേരാമ്പ്രയിൽ ചിത്രം വ്യക്തമാണ്

പേരാമ്പ്ര/കോഴിക്കോട്: കർഷക തൊഴിലാളി സമരപോരാട്ടങ്ങൾക്ക് പേരുകേട്ട പേരാമ്പ്രയുടെ ചുവന്ന മണ്ണിൽ വലിയ അത്ഭുതമൊന്നും പ്രതീക്ഷിക്കാനില്ല. ഇടതുപക്ഷ പ്രസ്ഥാനത്തിന് ശക്തമായ അടിത്തറയുള്ള മണ്ഡലത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണനാണ് എൽഡിഎഫ് സ്ഥാനാർഥി. പേരാമ്പ്രയിൽ ചിത്രങ്ങളെല്ലാം ഇതിനകം വ്യക്തമായിക്കഴിഞ്ഞതായി ദേശാഭിമാനിക്കു വേണ്ടി ജിജോ ജോർജ് റിപ്പോർട്ട് ചെയ്യുന്നു.

എക്കാലത്തും ഇടതുപക്ഷത്തിനൊപ്പം നിന്ന പാരമ്പര്യമാണ് പേരാമ്പ്രയ്ക്കുള്ളത്. ചങ്ങരോത്ത്, ചക്കിട്ടപാറ, കൂത്താളി, പേരാമ്പ്ര, ചെറുവണ്ണൂർ, തുറയൂർ, കീഴരിയൂർ, മേപ്പയ്യൂർ, അരിക്കുളം, നൊച്ചാട് പഞ്ചായത്തുകളാണ് നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്നത്. തദ്ദേശതെരഞ്ഞെടുപ്പിൽ പത്തിൽ എട്ട് പഞ്ചായത്തും എൽഡിഎഫ് ഭരണത്തിലാണ്. ഓരോ സീറ്റിന്റെ വ്യത്യാസത്തിലാണ് ചങ്ങരോത്ത്, തുറയൂർ പഞ്ചായത്തുകളുടെ ഭരണം എൽഡിഎഫിന് നഷ്ടമായത്. 10 പഞ്ചായത്തുകളിലായി 154 വാർഡുകളിൽ 96-ലും എൽഡിഎഫിനാണ് മേൽക്കൈ.

പേരാമ്പ്രയിൽ 1957 മുതൽ നടന്ന 14 തെരഞ്ഞെടുപ്പുകളിൽ 11ലും കമ്യൂണിസ്റ്റ്-ഇടതുപക്ഷ സ്ഥാനാർഥികളാണ് വിജയിച്ചത്. കഴിഞ്ഞ കാലങ്ങളിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളാണ് എൽഡിഎഫിന്റെ പ്രധാന പ്രചാരണായുധം. 2.85 കോടി ചെലവിൽ നിർമിച്ച പേരാമ്പ്ര മിനി സിവിൽസ്റ്റേഷൻ, 19.24 കോടിയുടെ സംസ്ഥാന പാത വിപുലീകരണം, പേരാമ്പ്ര സികെജി ഗവ. കോളേജിന് ഒരു കോടി ചെലവിൽ പുതിയ പിജി ബ്‌ളോക്ക്, താലൂക്കാശുപത്രിയിൽ ഒരു കോടിയുടെ ഡയാലിസിസ് സെന്റർ, പേരാമ്പ്ര ഫയര്‍‌സ്റ്റേഷന്റെ പുതിയ കെട്ടിടം, സർക്കാർ, എയ്ഡഡ് സ്‌കൂളുകൾക്ക് കംപ്യൂട്ടറുകളും സ്മാർട്ട് ക്‌ളാസ്‌റൂമുകളും, ഒമ്പത് പഞ്ചായത്തുകൾക്ക് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ആംബുലൻസ് എന്നിവ കഴിഞ്ഞ അഞ്ചുവർഷത്തെ പ്രധാന വികസന നേട്ടങ്ങളാണ്. മലയോരം ഉൾക്കൊള്ളുന്ന കാർഷിക പ്രധാന മണ്ഡലമാണ് പേരാമ്പ്ര. കസ്തൂരിരംഗൻ റിപ്പോർട് നടപ്പാക്കുന്നതുമൂലമുള്ള ആധിയിൽ ജീവിക്കുന്ന ചക്കിട്ടപാറയിലെ കൃഷിക്കാരും വിലക്കുറവിനാൽ കണ്ണീർ കുടിക്കുന്ന റബ്ബർ കർഷകരുമടങ്ങുന്ന വോട്ടർമാർ കൂടുതൽ കരുത്തോടെ ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്ന് പ്രചാരണരംഗം വ്യക്തമാക്കുന്നു.

പേരാമ്പ്ര മണ്ഡലത്തിലെ കീഴരിയൂർ നമ്പ്രത്ത്കരയിൽ ജനിച്ച രാമകൃഷ്ണൻ മണ്ഡലത്തിലെ വോട്ടർമാർക്ക് സുപരിചിതനാണ്. ജനങ്ങളിലൊരാളായി, നാടിന്റെ വികസനത്തിന് പ്രവർത്തിച്ച നാട്ടുകാരനായ ടി പിയുടെ ജനകീയശൈലി പേരാ്ര്രമ്പക്കാർക്ക് ആരും പറഞ്ഞുകൊടുക്കേണ്ട. 2001-2006 കാലത്ത് പേരാമ്പ്രയിൽ നിന്നുള്ള ജനപ്രതിനിധിയായി തെരഞ്ഞെടുത്ത് ഈ തൊഴിലാളി നേതാവിനെ അംഗീകരിച്ചവരാണ് പേരാമ്പ്രക്കാർ. അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമായ പൊലീസ് മർദനത്തിനിരയായി ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. 2004 മുതൽ 2014 വരെ സിപിഐഎം ജില്ലാ സെക്രട്ടറിയായി. ഇപ്പോൾ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റും അഖിലേന്ത്യാ പ്രവർത്തക സമിതി അംഗവുമാണ്.

കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലെ മുഹമ്മദ് ഇക്ബാലാണ് യുഡിഎഫ് സ്ഥാനാർഥി. കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗമായ ഇക്ബാൽ 2011ൽ പേരാമ്പ്രയിൽ മത്സരിച്ച് തോറ്റതാണ്. മാണി വിഭാഗത്തിന് കാര്യമായ സ്വാധീനമില്ലാത്ത മണ്ഡലം അവർക്ക് വിട്ടുകൊടുത്തതിൽ കോൺഗ്രസിലെ ഒരുവിഭാഗത്തിന് കടുത്ത എതിർപ്പുമുണ്ട്. ബിഡിജെഎസിലെ കൊളത്തേരി സുകുമാരൻനായരാണ് എൻഡിഎ സ്ഥാനാർഥി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News