തൃക്കാക്കരയിൽ പട കോൺഗ്രസ് പാളയത്തിലാണ്; തൃക്കാക്കരയെ ഇളക്കിമറിച്ച് സെബാസ്റ്റ്യൻ പോളിന്റെ പടയോട്ടം

കൊച്ചി: തൃക്കാക്കരയപ്പന്റെ കാൽ പതിഞ്ഞ തൃക്കാക്കരയിൽ പോരാട്ടം കടുക്കുകയാണ്. പാളയത്തിൽ പടയാണ് കോൺഗ്രസിന്റെ തലവേദന. ഒരുഭാഗം ഭാഗം കളമശേരി മണ്ഡലത്തിലേക്ക് പോയെങ്കിലും തൃക്കാക്കര മണ്ഡലത്തിൽ കള്ളവേഷം കെട്ടിയെത്തുന്നവരുടെ ഒളിവെട്ട് തുടരുകയാണ്. പാർടിക്കകത്തെ ഈ പടവെട്ടിൽ യുഡിഎഫിന്റെയും എൻഡിഎയുടെയും പ്രഖ്യാപിത സ്ഥാനാർഥികളാണ് ഇക്കുറി പാതാളം പൂകിയത്.

പ്രഖ്യാപിത സ്ഥാനാർഥികളുടെ പിന്മാറ്റവും പിടിച്ചെടുക്കലും കൊണ്ട് നിയമസഭാതെരഞ്ഞെടുപ്പിൽ ശ്രദ്ധപിടിച്ചുപറ്റിയ മണ്ഡലമാണ് തൃക്കാക്കര. മാധ്യമപ്രവർത്തകൻ, മനുഷ്യാവകാശ പ്രവർത്തകൻ, അഭിഭാഷകൻ, അധ്യാപകൻ എന്നീ വിവിധ തലങ്ങളിൽ ശ്രദ്ധേയനായ സെബാസ്റ്റ്യൻ പോൾ ഇടതുപക്ഷത്തിന്റെ സ്ഥാനാർഥിയായെത്തിയതും മണ്ഡലത്തിലെ മത്സരത്തിന് തിളക്കമേറ്റുന്നു.

മുഖ്യമന്ത്രിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ സിറ്റിംഗ് എംഎൽഎ ബെന്നി ബെഹനാനെ വീണ്ടും എന്തുകൊണ്ട് മത്സരിപ്പിക്കുന്നില്ലെന്ന് മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തർകർ തന്നെ ചോദിക്കുന്നു. ഈ ചർച്ച സോളാറും ബാർകോഴയും അടക്കമുള്ള യുഡിഎഫ് സർക്കാരിന്റെ അഴിമതിയുടെ ചർച്ചകളിലേക്ക് വഴിതുറക്കുന്നതായി ദേശാഭിമാനിക്കു വേണ്ടി ഡി ദിലീപ് റിപ്പോർട്ട് ചെയ്യുന്നു. ബെന്നി ബെഹ്നാന് പകരമെത്തിയ പി ടി തോമസിന് ആദ്യഘട്ടത്തിൽ കോൺഗ്രസിൽ നിന്നു തന്നെയാണ് എതിർപ്പുയരുന്നത്. ഇടുക്കി ബിഷപ്പിനെതിരെ 2013ൽ നടത്തിയ മോശം പരാമർശവും അദ്ദേഹത്തെ തിരിഞ്ഞുകൊത്തുന്നു.

ഘടകകക്ഷിയായ എൽജെപിക്കാണ് തൃക്കക്കര സീറ്റ് എൻഡിഎ ആദ്യം നൽകിയത്. സ്ഥാനാർഥിയായി അഡ്വ. വിവേക് കെ വിജയനെ പ്രഖ്യാപിക്കുകയും പ്രചാരണം തുടങ്ങുകയും ചെയ്തു. എന്നാൽ, സ്ഥാനാർഥിത്വത്തിനായി പാർടി ഒരുകോടി രൂപ കോഴ ചോദിച്ചുവെന്ന വിവാദത്തെ തുടർന്ന് അദ്ദേഹത്തെ പിൻവലിപ്പിച്ചു. ബിജെപി സീറ്റ് ഏറ്റെടുത്ത് എസ് സജിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. വിശ്വഹിന്ദു പരിഷത്ത് എറണാകുളം-തൃശൂർ ജില്ലകൾ ഉൾപ്പെടുന്ന വിഭാഗത്തിന്റെ സെക്രട്ടറിയാണ് സജി. എന്നാൽ, വിവേക് മത്സരത്തിൽനിന്ന് പിന്മാറില്ലെന്ന് പ്രഖ്യാപിച്ചതും എൻഡിഎക്ക് തിരിച്ചടിയായി. അതേസമയം, സെബാസ്റ്റ്യൻ പോളിന്റെ സ്ഥാനാർഥിത്വത്തിനു കിട്ടിയ സാർവത്രികമായ അംഗീകാരം ആദ്യഘട്ടത്തിൽ ഇടതുപക്ഷത്തിന് മണ്ഡലത്തിൽ മുൻകൈ നൽകി. രാജ്യത്തെ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ സെബാസ്റ്റ്യൻ പോൾ സ്വീകരിച്ച നിലപാട് ന്യൂനപക്ഷങ്ങളിൽ വലിയ സ്വീകാര്യതയാണ് ഉണ്ടാക്കിയത്.

വികസനംതന്നെയാണ് ഇവിടത്തെ പ്രധാന ചർച്ച. നഗരസഭയിൽ 40,000 പേർ മാത്രമുണ്ടായിരുന്ന 1987-ൽ നിർമിച്ച കുടിവെള്ള ടാങ്കിൽനിന്നാണ് ഇന്ന് ഒന്നേകാൽ ലക്ഷം പേർക്ക് കുടിവെള്ളം നൽകുന്നത്.

പുതിയ ഒരു റോഡ് പോലും കഴിഞ്ഞ അഞ്ചുവർഷത്തിനിടയ്ക്ക് ഉണ്ടാക്കിയിട്ടില്ല. വൈറ്റില മൊബിലിറ്റി ഹബ് രണ്ടാംഘട്ടം യുഡിഎഫ് സർക്കാർ തകർത്തു. വൈറ്റില ഫ് ളൈ ഓവറിന്റെ സ്ഥിതിയും അങ്ങനെതന്നെ. വാഴക്കാലയിലെ ഗതാഗതക്കുരുക്ക് തുടരുകയാണ്. നേട്ടത്തിനായി ധൃതിപിടിച്ച് ഉദ്ഘാടനംചെയ്ത സ്മാർട്ട് സിറ്റി നാണക്കേടുമായി. അവിടെ ഒരു നല്ല കമ്പനിപോലും കൊണ്ടുവരാനാകാത്തത് തിരിച്ചടിയായി. അതേസമയം, തലയുയർത്തിനിൽക്കുന്ന ഇൻഫോപാർക്കിനെ രക്ഷിച്ചത് എൽഡിഎഫാണെന്ന് ജനങ്ങൾ തിരിച്ചറിയുന്നു.

ജില്ലയുടെ തലസ്ഥാനം, കേരളത്തിന്റെ സിലിക്കൺവാലി എന്നീ ഒട്ടേറെ സവിശേഷതകളുണ്ട് ഈ മണ്ഡലത്തിന്. തൃക്കാക്കര നഗരസഭയും കൊച്ചി നഗരസഭയിലെ 22 ഡിവിഷനും ചേർന്നതാണ് മണ്ഡലം. കഴിഞ്ഞ നഗരസഭാതെരഞ്ഞെടുപ്പിൽ ഒപ്പത്തിനൊപ്പം എത്തിയ തൃക്കാക്കരയിൽ എൽഡിഎഫാണ് ഭരണത്തിൽ. ബെന്നി ബഹ്നാന്റെ ഭൂരിപക്ഷവും പഴങ്കഥയാണ്. തദ്ദേശതെരഞ്ഞെടുപ്പിലെ കണക്കെടുത്താൽ നഗരസഭയിലും കോർപറേഷനിലെ ഡിവിഷനുകളിലുമായി 1500 വോട്ടിന്റെ ഭൂരിപക്ഷം എൽഡിഎഫിനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News