മട്ടന്നൂരിൽ ഇപിയാണു താരം; തോൽവിയുറപ്പിച്ച സീറ്റിൽ യുഡിഎഫ് മത്സരം പേരിനുമാത്രം

മട്ടന്നൂർ: സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജൻ വീണ്ടും ജനവിധി തേടുന്ന മട്ടന്നൂർ യുഡിഎഫ് തുടക്കത്തിലേ കൈവിട്ട മണ്ഡലമാണ്. ദയനീയ തോൽവി ഭയന്ന് ജനതാദൾ യു കോൺഗ്രസിന് വച്ചുമാറാൻ തീരുമാനിച്ച സീറ്റാണിത്. കോൺഗ്രസ് ഏറ്റെടുക്കാൻ തയ്യാറാകാത്തതിനാൽ വീണ്ടും വീരേന്ദ്രകുമാറിന്റെ പാർടിയുടെ തലയിലായി. വൻ പരാജയം ഭയന്ന് ജനതാദൾ യുവിന്റെ ജില്ലയിലെ മുതിർന്ന നേതാക്കളെല്ലാം ഒഴിഞ്ഞുമാറി. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം അട്ടിമറിക്കാനുള്ള നീക്കത്തിലും പണിതീരുംമുമ്പ് ഉദ്ഘാടനം നടത്തിയതിലും പരിഹാസ്യമായ മുഖവുമായി തെരഞ്ഞെടുപ്പിനെ നേരിടുന്ന യുഡിഎഫിനു മണ്ഡലത്തിൽ ആശിക്കാൻ കാര്യമായൊന്നുമില്ലെന്ന് ദേശാഭിമാനിക്കു വേണ്ടി പി സുരേശൻ റിപ്പോർട്ടു ചെയ്യുന്നു.

2011-ലാണ് മട്ടന്നൂർ നിയമസഭാമണ്ഡലം രൂപംകൊണ്ടത്. ഇരിക്കൂർ, പേരാവൂർ, കൂത്തുപറമ്പ് മണ്ഡലങ്ങളിൽ ഉൾപ്പെട്ട പഞ്ചായത്തുകളും മട്ടന്നൂർ മുനിസിപ്പാലിറ്റിയും ചേർന്നതാണ് മട്ടന്നൂർ. എട്ട് പഞ്ചായത്തും മട്ടന്നൂർ മുനിസിപ്പാലിറ്റിയും ഭരിക്കുന്നത് എൽഡിഎഫ്്. ചിറ്റാരിപ്പറമ്പ്, കീഴല്ലൂർ, കൂടാളി, മാലൂർ, മാങ്ങാട്ടിടം, തില്ലങ്കേരി, കോളയാട്, പടിയൂർ എന്നീ പഞ്ചായത്തുകളിലാണ് എൽഡിഎഫ് അധികാരത്തിലുള്ളത്. മത്സരം ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷം അറിയാൻവേണ്ടി മാത്രം. പഴശ്ശി, തില്ലങ്കേരി രക്തസാക്ഷികളുടെ നാട്ടിൽ വലതുപക്ഷത്തിന് നിലയുറപ്പിക്കാനുള്ള ഇടമില്ല. 2011-ൽ 30,512 വോട്ടിനാണ് എൽഡിഎഫ് വിജയക്കൊടി പാറിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 20,733 വോട്ടിന്റെയും തദ്ദേശ തെരഞ്ഞെടുപ്പിൽ 29,467 വോട്ടിന്റെയും ഭൂരിപക്ഷമാണ് എൽഡിഎഫിനുള്ളത്.

എണ്ണമറ്റ വികസന പ്രവർത്തനങ്ങളിലൂടെ മണ്ഡലത്തിന്റെ മനം കീഴടക്കിയ എൽഡിഎഫ് സ്ഥാനാർഥി ഇ.പി ജയരാജൻ കക്ഷിവ്യത്യാസമില്ലാതെ ഏവർക്കും സ്വീകാര്യൻ. മികച്ച നിയമസഭാ സാമാജികനായ ഇ.പി 1991-ൽ അഴീക്കോട് മണ്ഡലത്തിൽനിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്.
രാഷ്ട്രീയ എതിരാളികളുടെയും വലതുപക്ഷ മാധ്യമങ്ങളുടെയും നിരന്തര വേട്ടയാടലിന് ഇരയാകപ്പെടുന്ന പൊതുപ്രവർത്തകനാണ് ഇ.പി. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയും എംഎൽഎയുമായി പ്രവർത്തിക്കവെ ചണ്ഡീഗഡിൽ നടന്ന 15-ാം പാർടി കോൺഗ്രസിൽ പങ്കെടുത്ത് മടങ്ങവെ തീവണ്ടിയിൽവച്ച് വാടകക്കൊലയാളികളുടെ വെടിയേറ്റു. 1995 എപ്രിൽ 12ന് ആന്ധ്രയിലെ ചിരാല റെയിൽവേ സ്റ്റേഷനുസമീപമുണ്ടായ ആക്രമണത്തിൽ കഴുത്തിൽ തറച്ച വെടിയുണ്ടകൾ സമ്മാനിച്ച അസ്വസ്ഥതകളുമായാണ് ഇപ്പോഴും ജീവിതം. വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തനത്തിന് തുടക്കമിട്ടത്. കർഷകസംഘം സംസ്ഥാന പ്രസിഡന്റ്, ദേശാഭിമാനി ജനറൽ മാനേജർ, വ്യാപാരി വ്യവസായി സമിതി സംസ്ഥാന രക്ഷാധികാരി എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ഡിവൈഎഫ്‌ഐയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലും പ്രവർത്തിച്ചു.

യുവ ജനതാദൾ ജില്ലാ പ്രസിഡന്റ് കെ പി പ്രശാന്താണ് യുഡിഎഫ് സ്ഥാനാർഥി. കണ്ണൂർ വലിയന്നൂർ സ്വദേശിയാണ്. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു ഏളക്കുഴിയാണ് എൻഡിഎ സ്ഥാനാർഥി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News