പൂരങ്ങളുടെ നാട്ടിൽ തുടർജയം ഉറപ്പിച്ച് ഇടതുപോരാട്ടം; എതിരാളികൾക്ക് നെഞ്ചിടിപ്പേറ്റി തൃശ്ശൂരിന്റെ മണ്ണ്

തൃശ്ശൂർ: എതിരാളികളുടെ നെഞ്ചിടിപ്പേറ്റുകയാണ് തൃശ്ശൂരിന്റെ മണ്ണ്. പൂരത്തിന്റെ നാട്ടിൽ പൂരത്തെ വെല്ലുന്ന ആവേശത്തോടെയാണ് എൽഡിഎഫ് പ്രചാരണം. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും എൽഡിഎഫിനെ തുണച്ച മണ്ണാണ് തൃശ്ശിവപേരൂരിന്റേത്. ഇത്തവണയും മാറ്റമൊന്നുമുണ്ടാകില്ലെന്നു ഇടതുപക്ഷം ഉറച്ചു വിശ്വസിക്കുന്നു. ആ തെരഞ്ഞെടുപ്പുകളിൽ ലഭിച്ച വോട്ടും പ്രചാരണത്തിലും സ്ഥാനാർഥിനിർണയത്തിലും എൽഡിഎഫ് നേടിയ മുൻകൈയും തന്നെയാണ് ഈ വിലയിരുത്തലിന്റെ അടിസ്ഥാനം. നിയമസഭ, ലോക്‌സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ നേടിയതിനേക്കാൾ മികച്ച വിജയം എൽഡിഎഫ് ഇത്തവണ കൈവരിക്കുമെന്ന് എതിരാളികൾപോലും സമ്മതിക്കുന്നതായി ദേശാഭിമാനിക്കു വേണ്ടി ഇ.എസ് സുഭാഷ് റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ ജില്ലയിലെ രാഷ്ട്രീയ സാഹചര്യവും യുഡിഎഫ് അകപ്പെട്ട പ്രതിസന്ധിയും എൽഡിഎഫിന്റെ സാധ്യത കൂടുതൽ മെച്ചപ്പെടുത്തി. കൊലപാതകരാഷ്ട്രീയവും ഗ്രൂപ്പ്‌പോരിൽ നടത്തിയ കൊലപാതകങ്ങളും കോൺഗ്രസിനെയും യുഡിഎഫിനെയും വേട്ടയാടുന്നു. ഇതിനിടെ മറ്റൊരു ഐ ഗ്രൂപ്പുകാരനെ കൊലപ്പെടുത്താൻ നടത്തിയ ഗൂഢാലോചന പുറത്തായതും അസ്വാരസ്യം വർധിപ്പിച്ചു. ഗ്രൂപ്പ് പോരിന്റെ പേരിൽ ചാവക്കാട് ഹനീഫയെ കൊലപ്പെടുത്തിയ കേസിൽ ആരോപണവിധേയനായ കോൺഗ്രസ് മുൻ ഗുരുവായൂർ ബ്‌ളോക്ക് പ്രസിഡന്റ് ഗോപപ്രതാപനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് മൂന്ന് എ ഗ്രൂപ്പുകാരാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. പുതിയ സംഭവവികാസങ്ങളോട് പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയിൽ വട്ടം കറങ്ങുകയാണ് കോൺഗ്രസ്. ബിജെപി കാര്യമായ ചലനമൊന്നും ഇത്തവണയും സൃഷ്ടിക്കാൻ പോകുന്നില്ല.

ജില്ലയിൽ 13 നിയമസഭാ മണ്ഡലങ്ങൾ. 25 ലക്ഷത്തിലേറെ വോട്ടർമാർ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റ് എൽഡിഎഫും ആറ് സീറ്റ് യുഡിഎഫും നേടി. ഇതിനുശേഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഉൾപ്പെട്ട മൂന്ന് ലോകസഭാ മണ്ഡലങ്ങളിലും എൽഡിഎഫ് വിജയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടിന്റെ കണക്ക് അനുസരിച്ച് ജില്ലയിൽ 11 നിയമസഭാ മണ്ഡലങ്ങളിൽ എൽഡിഎഫിനാണ് ഭൂരിപക്ഷം. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ട് കണക്ക് അനുസരിച്ച് 12 മണ്ഡലങ്ങളിലും എൽഡിഎഫിന് വ്യക്തമായ മേൽക്കൈയുണ്ട്.

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എ.സി മൊയ്തീൻ (കുന്നംകുളം), സിറ്റിങ് എംഎൽഎമാരായ കെ വി അബ്ദുൾഖാദർ(ഗുരുവായൂർ), പ്രൊഫ. സി രവീന്ദ്രനാഥ് (പുതുക്കാട്), ബി ഡി ദേവസ്സി (ചാലക്കുടി), ഗീത ഗോപി (നാട്ടിക), വി എസ് സുനിൽകുമാർ (തൃശൂർ), മുൻ എംഎൽഎ മുരളി പെരുനെല്ലി (മണലൂർ), യു ആർ പ്രദീപ് (ചേലക്കര), മേരി തോമസ് (വടക്കാഞ്ചേരി), പ്രൊഫ. കെ യു അരുണൻ (ഇരിങ്ങാലക്കുട), അഡ്വ. കെ രാജൻ (ഒല്ലൂർ), ഇ ടി ടൈസൻ മാസ്റ്റർ (കയ്പമംഗലം), വി ആർ സുനിൽകുമാർ (കൊടുങ്ങല്ലൂർ) എന്നിവരാണ് എൽഡിഎഫ് സ്ഥാനാർഥികൾ.

കെപിസിസി ജനറൽ സെക്രട്ടറി പത്മജ വേണുഗോപാൽ (തൃശൂർ), തോമസ് ഉണ്ണിയാടൻ (ഇരിങ്ങാലക്കുട), എം പി വിൻസന്റ് (ഒല്ലൂർ), കെ പി ധനപാലൻ (കൊടുങ്ങല്ലൂർ), കെ എ തുളസി (ചേലക്കര), അനിൽ അക്കര (വടക്കാഞ്ചേരി), സി പി ജോൺ (കുന്നംകുളം), ഒ അബ്ദുറഹിമാൻകുട്ടി (മണലൂർ), സുന്ദരൻ കുന്നത്തുള്ളി (പുതുക്കാട്), കെ വി ദാസൻ (നാട്ടിക), സാദിഖലി(ഗുരുവായൂർ), ടി യു രാധാകൃഷ്ണൻ (ചാലക്കുടി), മുഹമ്മദ് നഹാസ് ( കയ്പമംഗലം) തുടങ്ങിയവർ യുഡിഎഫ് സ്ഥാനാർഥികളായി രംഗത്തുണ്ട്.

ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. ബി ഗോപാലകൃഷ്ണൻ (തൃശൂർ), ജില്ലാ പ്രസിഡന്റ് എ നാഗേഷ് (പുതുക്കാട്), സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ (മണലൂർ) എന്നിവരാണ് ബിജെപി നിരയിലെ പ്രമുഖർ.

സ്ഥാനാർഥിനിർണയം നേരത്തെ പൂർത്തിയാക്കി എൽഡിഎഫ് സ്ഥാനാർഥികൾ നാലുതവണ മണ്ഡലത്തിലുടനീളം പ്രചാരണം പൂർത്തിയാക്കി കഴിഞ്ഞു. യുഡിഎഫിലും കോൺഗ്രസിലും സ്ഥാനാർഥിനിർണയത്തെ ചൊല്ലിയുള്ള തർക്കം ഇനിയും പരിഹരിച്ചിട്ടില്ല. മന്ത്രി സി എൻ ബാലകൃഷ്ണൻ, തേറമ്പിൽ രാമകൃഷ്ണൻ, പി എ മാധവൻ എന്നീ നാല് സിറ്റിങ് എംഎൽഎമാർക്ക് സീറ്റ് നിഷേധിച്ചതിലുള്ള പ്രതിഷേധം യുഡിഎഫിന്റെ പ്രചാരണത്തെയാകെ താളംതെറ്റിച്ചിരിക്കയാണ്. ബാലകൃഷ്ണന് സീറ്റ് നിഷേധിച്ചുവെന്നുമാത്രമല്ല കോൺഗ്രസിലെ അദ്ദേഹത്തിന്റെ എക്കാലത്തെയും എതിരാളിക്ക് സീറ്റ് നൽകുകയും ചെയ്തു. മത്സരരംഗത്തില്ലെന്ന് ആദ്യം പ്രഖ്യാപിക്കുകയും പീന്നീട് സീറ്റിനുവേണ്ടി അവസാനനിമിഷം വരെ കരുക്കൾ നീക്കുകയും ചെയ്ത പ്രതാപൻ പ്രചാരണരംഗത്ത് ഇതുവരെയും ഇറങ്ങിയിട്ടില്ല. പി എ മാധവനും തേറമ്പിൽ രാമകൃഷ്ണന്റെയും സ്ഥിതി വ്യത്യസ്തമല്ല. ഇതിനു പുറമെയാണ് സീറ്റ് ലഭിക്കാത്ത ടി വി ചന്ദ്രമോഹൻ, ജോസ് വള്ളൂർ, ജോസഫ് ടാജറ്റ്, എൻ കെ സുധീർ തുടങ്ങിയവരുടെ നിസ്സഹരണം.

ജില്ലയിലെ രാഷ്ട്രീയസാഹചര്യവും ഓരോദിവസം ചെല്ലുന്തോറും യുഡിഎഫിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കയാണ്. ഗ്രൂപ്പ്‌പോരിന്റെ പേരിൽ സ്വന്തം പാർടിയിലെ മൂന്നുപേരെ കൊലപ്പെടുത്തിയത് വിശദീകരിക്കാൻ കഴിയാത്ത കോൺഗ്രസിന് പുതിയ വെളിപ്പെടുത്തൽ ഇരുട്ടടിയായിരിക്കയാണ്.  കൺസ്യൂമർഫെഡ് അഴിമതി ഉൾപ്പെടെയുള്ള കേസുകളിൽ മന്ത്രി സി എൻ ബാലകൃഷ്ണനെതിരായി നടക്കുന്ന വിജിലൻസ് അന്വേഷണവും തെരഞ്ഞെടുപ്പിൽ സജീവചർച്ചയാണ്. എൻഡിഎ സഖ്യം ചില മണ്ഡലങ്ങളിൽ കോൺഗ്രസുമായി രഹസ്യധാരണയ്ക്കുള്ള നീക്കവും നടത്തുന്നുണ്ട്. ഒരു മണ്ഡലത്തിലും രണ്ടാം സ്ഥാനത്തുപോലും എത്താൻ ബിജെപി സഖ്യത്തിന് കഴിയില്ല. നിലവിലെ രാഷ്ട്രീയസാഹചര്യത്തിൽ തൃശൂരിൽ എൽഡിഎഫ് ചരിത്രംകുറിക്കുന്ന വിജയത്തിലേക്കാണ് നീങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here