കോണ്‍ഗ്രസ് വിട്ടാല്‍ എംഎല്‍എമാര്‍ക്ക് 50 കോടിയും സീറ്റും വാഗ്ദാനവുമായി ബിജെപി; ഉത്തരാഖണ്ഡില്‍ കാലുമാറ്റത്തിന് പിന്നാലെ ബിജെപിയെ തിരിഞ്ഞുകുത്തി കോഴ ആരോപണവും

ഡെറാഡൂണ്‍: രാഷ്ട്രീയ പ്രതിസന്ധി തുടരന്ന ഉത്തരാഖണ്ഡില്‍ കാലു മാറ്റത്തിനായി കോണ്‍ഗ്രസ്സ് എംഎല്‍എമാര്‍ക്ക് കോഴ വാഗ്ദാനം ചെയ്ത ബിജെപി വെട്ടിലായി. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ വന്നാല്‍ 50 കോടി രൂപയും രാജ്യസഭാ സീറ്റും ബിജെപി വാഗ്ദാനം ചെയ്തതായി രണ്ട് കോണ്‍ഗ്രസ്സ് എംഎംഎല്‍എമാരാണ് വെളിപ്പെടുത്തിയത്. എന്നാല്‍ ആരോപണം ബിജെപി നിഷേധിച്ചു.

കോണ്‍ഗ്രസ്സ് എംഎല്‍എമാരായ രാജേന്ദ്ര ബണ്ഡാരി, ജീത്ത് രാം എന്നിവരാണ് കാല് മാറ്റത്തിന് ബിജെപി കോഴവാഗ്ദാനം ചെയ്തു എന്ന കാര്യം വെളിപ്പെടുത്തിയത്. അമ്പത് കോടി രൂപ, കുടുംബത്തിലെ ഒരാള്‍ക്ക് നിയമസഭ തിരഞ്ഞെടുപ്പില്‍ ടിക്കറ്റ്, രാജ്യസഭ സീറ്റ് എന്നിവയായിരുന്നു ബിജെപിയുടെ വാഗ്ദാനം. നേരത്തെ കോണ്‍ഗ്രസ്സ് വിട്ട് ബിജെപിയില്‍ എത്തിയ സത്പല്‍ മഹാരാജുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് വെളിപ്പെടുത്തല്‍ നടത്തിയ എംഎല്‍എമാര്‍.

മറ്റൊരു കോണ്‍ഗ്രസ്സ് എംഎല്‍എയും ഡെപ്യൂട്ടി സ്പീക്കറുമായ അനസൂയ പ്രകാശ് മൈഖുരിയെയും കോഴ വാഗ്ദാനം ചെയ്ത് വരുതിയിലാക്കാന്‍ ബിജെപി ശ്രമിച്ചു. വിമത എംഎല്‍എമാരുടെ എണ്ണം ഒമ്പതില്‍ നിന്നും 12 ആയി ഉയര്‍ത്താനായായിരുന്നു ബിജെപിയുടെ ശ്രമം. രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ട ഉടന്‍ തന്നെ വാദഗ്ദാനവുമായി ബിജെപി സമീപിച്ചു.

രണ്ടര കോടിയില്‍ തുടങ്ങിയ വാഗ്ദാനം പിന്നീട് അമ്പത് കോടി വരെ ഉയര്‍ന്നുവെന്നും എംഎല്‍എമാര്‍ ആരോപിച്ചു. കോണ്‍ഗ്രസ്സിനൊപ്പം ഉറച്ച് നില്‍ക്കുമെന്നും കുതിരക്കച്ചവടത്തിന് ഇല്ലെന്നും ബോധ്യപ്പെടുത്താനാണ് ഈ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയതെന്നും കോണ്‍ഗ്രസ് എംഎല്‍എമാര്‍ വിശദീകരിച്ചു.

ഏഴോളം കോണ്‍ഗ്രസ്സ് എംഎല്‍എമാരെ ഇതേ രീതിയില്‍ സ്വാധീനിക്കാന്‍ ബിജെപി ശ്രമിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കിഷോര്‍ ഉപാധ്യായ് പറഞ്ഞു. എന്നാല്‍ ബിജെപി ഈ ആരോപണങ്ങള്‍ നിഷേധിച്ചു. ആരോപണം തെളിയിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെ വെല്ലുവിളിക്കുന്നുവെന്ന് ബിജെപി വക്താവ് മുന്നസിങ്ങ് ചൗഹാന്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News