ഉത്തരാഖണ്ഡില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ചോദ്യങ്ങളുമായി സുപ്രീംകോടതി; രാഷ്ട്രപതി ഭരണം തുടരും; വെള്ളിയാഴ്ച വിശ്വാസ വോട്ടെടുപ്പില്ല

ദില്ലി: ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം തുടരാമെന്ന് സുപ്രീം കോടതി. വെള്ളിയാഴ്ച വിശ്വാസ വോട്ടെടുപ്പ് വേണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന്‍മേലുള്ള സ്റ്റേ തുടരും. ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

സുപ്രീം കോടതിയുടെ അടുത്ത ഉത്തരവ് വരുന്നതു വരെ രാഷ്ട്രപതി ഭരണം തുടരും. വെള്ളിയാഴ്ച വിശ്വാസ വോട്ടെടുപ്പ് ഉണ്ടാകില്ല. മെയ് 13ന് മുമ്പായി അന്തിമ വിധിയുണ്ടാകുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കണമെന്നും അപ്പീല്‍ പരിഗണിക്കവേ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഇതിലേക്കായി കോടതി തയ്യാറാക്കിയ ഏഴ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും ആവശ്യപ്പെട്ടു.

കോടതിയുടെ ചോദ്യങ്ങള്‍ ഇങ്ങനെ. ഒമ്പത് എംഎല്‍എമാരെ അയോഗ്യരാക്കിയത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള മതിയായ കാരണമാണോ, ധന വിനിയോഗബില്‍ പാസ്സാകാത്തതാണോ സര്‍ക്കാറിന് ഭൂരിപക്ഷം ഇല്ല എന്ന് ബോധ്യപ്പെടാനുള്ള കാരണം, ഭൂരിപക്ഷം തെളിയിക്കുന്നത് വൈകിയാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താമോ, സഭയിലുണ്ടാകുന്ന വിഷയങ്ങള്‍ രാഷ്ട്രപതി ഭരണത്തിനുള്ള കാരണമാകുമോ തുടങ്ങിയ ചോദ്യങ്ങളാണ് കോടതി ചോദിച്ചത്.ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here