രാജ്യത്തിന് മാതൃകയായ കേരളത്തിന് ബിജെപിയുടെ മോഡല്‍ വേണ്ട; ബിജെപി കണ്ടുപഠിക്കേണ്ടത് കേരള മാതൃക

വഴിമുട്ടിയ കേരളത്തിന് വഴികാട്ടാന്‍ അവതരിച്ചിരിക്കുകയാണ് ബിജെപി എന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഇവിടെ ആദ്യം ഉയരുന്ന ചോദ്യം കേരളത്തിന് വഴി മുട്ടിയോ എന്നതു തന്നെയാണ്. ആ ചോദ്യത്തിന് ഉത്തരം കണ്ടിട്ടു മാത്രമെ ബിജെപിയുടെ വഴി ഏതെന്ന് ആരായേണ്ടതുള്ളു.

ആദ്യമായി ചോദിക്കേണ്ട ചോദ്യം വികസനകാര്യത്തില്‍ കേരളം എവിടെ നില്ക്കുന്നു എന്നതുതന്നെയാണ്. അതിന് മുമ്പ് എന്താണ് വികസനം എന്ന് വ്യക്തമാക്കേണ്ടതുണ്ട്. നീതിപൂര്‍വ്വവും സ്ഥായിയുമായ ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയാണ് വികസനം. ഇന്ത്യയിലെ മറ്റിതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും നീതിപൂര്‍ണ്ണമായ വിതരണം ഉറപ്പുവരുത്താന്‍ കഴിഞ്ഞ സംസ്ഥാനമാണ് കേരളം. ഇന്ത്യയിലെ മറ്റിതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് മാത്രമല്ല മൂന്നാം ലോകരാജ്യങ്ങളില്‍ പലതിനെയും അപേക്ഷിച്ചുതന്നെ ഉയര്‍ന്ന ജീവിതനിലവാരവും അന്തസ്സും പൗരന്മാര്‍ക്ക് ഉറപ്പുവരുത്താന്‍ കഴിഞ്ഞ സംസ്ഥാനമാണ് കേരളം. സാര്‍വ്വത്രിക വിദ്യാഭ്യാസവും പ്രാഥമിക ആരോഗ്യപരിരക്ഷയും മിനിമം ഭക്ഷണത്തിന് ആവശ്യമായ റേഷന്‍, വീടുവെക്കാനൊരു തുണ്ടുസ്ഥലം, മിനിമം കൂലി, സാമൂഹ്യസുരക്ഷ, ജാതി വ്യവസ്ഥയുടെ തീവ്രരൂപങ്ങള്‍ ഇല്ലാതാക്കല്‍, ജനാധിപത്യാവകാശങ്ങള്‍ ഉറപ്പുവരുത്തല്‍ ഇതൊക്കെ ചെയ്തുകൊണ്ടാണ് കേരളം ഈ നേട്ടം കൈവരിച്ചത്.

ജീവിത ഗുണമേന്മ അളക്കുന്ന സൂചകങ്ങളില്‍ കേരളം ഒന്നാം സ്ഥാനത്തുതന്നെ നിലകൊള്ളുന്നു. ശിശുമരണനിരക്ക്, മാതൃമരണനിരക്ക്, പ്രതീക്ഷിത ആയുസ്സ്, സാക്ഷരത, സാമൂഹ്യക്ഷേമ രംഗങ്ങളിലെ പശ്ചാത്തല സൗകര്യങ്ങള്‍ എന്നിവയിലെല്ലാം ഒന്നാം സ്ഥാനത്തുനില്‍ക്കുന്നത് കേരളമാണ്. ശിശുമരണനിരക്ക് 2011ല്‍ ദേശീയ ശരാശരി 47ഉം കേരളത്തില്‍ 11ഉം ആണ്. മാതൃമരണനിരക്കാവട്ടെ ദേശീയ ശരാശരി 212 ആണെങ്കില്‍ കേരളത്തില്‍ അത് 81 മാത്രമാണ്. പുരുഷന്മാരുടെ ഇന്ത്യയിലെ ശരാശരി പ്രതീക്ഷിത ആയുസ്സ് 62.6 ആണെങ്കില്‍ കേരളത്തില്‍ അത് 70 ആണ്. സ്ത്രീകളുടേത് യഥാക്രമം 64ഉം 76ഉം ആണ്.

സാര്‍വ്വത്രിക സാക്ഷരതയിലും സ്ത്രീസാക്ഷരതയിലും കേരളം ആണ് മുന്‍പന്തിയില്‍ നില്ക്കുന്നത്. വിദ്യാഭ്യാസ ആരോഗ്യ ഭക്ഷ്യവിതരണ രംഗങ്ങളില്‍ കൈവരിച്ച പുരോഗതിയാണ് കുറഞ്ഞ മരണനിരക്കിനും ആയൂര്‍ദൈര്‍ഘ്യത്തിനും കാരണമായിരിക്കുന്നത്. മരണനിരക്കില്‍ മാത്രമല്ല ജനനനിരക്കിലും ഇത് പ്രതിഫലിച്ചു, കഴിഞ്ഞ ദശാബ്ദത്തില്‍ കേരളത്തിലെ ജനസംഖ്യാവര്‍ധന 1.46ശതമാനം മാത്രമായിരുന്നു. ഈ നിലയില്‍ മുന്നോട്ടുപോയാല്‍ 2035 ആകുമ്പോള്‍ ജനസംഖ്യാവര്‍ധന തന്നെ നിലയ്ക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

ഈ നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിന് വിഘാതമുണ്ടാക്കുന്നത് 1991ല്‍ പുത്തന്‍ സാമ്പത്തികനയം എന്ന പേരില്‍ നടപ്പിലാക്കാനാരംഭിച്ച നവലിബറല്‍ നയങ്ങളാണ്. സ്വകാര്യവത്കരണവും ഗവണ്‍മെന്റുകള്‍ സാമൂഹിക ക്ഷേമനടപടികളില്‍ നിന്ന് പിന്മാറുന്നതുമാണ് ഇതിനിടയാക്കുന്നത്. നവലിബറല്‍ നയങ്ങള്‍ക്ക് ബദല്‍ നയങ്ങള്‍ മുന്നോട്ടുവെച്ചുകൊണ്ടു മാത്രമെ ഈ നേട്ടങ്ങള്‍ നിലനിര്‍ത്തി മുന്നേറാനാവൂ. എന്നാല്‍ വഴികാട്ടാന്‍ വരുന്ന ബിജെപി നവലിബറല്‍ നയങ്ങള്‍ കൂടുതല്‍ തീവ്രമായി നടപ്പിലാക്കുന്നവരാണ്. അവരുടെ മാതൃകയാണ് ഗുജറാത്ത്. എന്താണ് അവിടത്തെ സ്ഥിതി?

മാനവവിഭവ വികസന സൂചികയില്‍ കേരളം ഒന്നാമതും ഗുജറാത്ത് എഴാമതുമാണ്. ശിശുമരണ നിരക്കാണല്ലോ ആരോഗ്യത്തിന്റെ ഏറ്റവും നല്ല സൂചിക. ആയിരം കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ 11 പേരാണ് കേരളത്തില്‍ മരണപ്പെടുന്നത്. ഗുജറാത്തില്‍ ഇത് 48 ആണ്. കേരളത്തിന് 1ഉം ഗുജറാത്തില്‍ 9ഉം സ്ഥാനങ്ങള്‍. ജീവിതായുസ്സിന്റെ കാര്യത്തിലോ അവിടെയും കേരളം ഒന്നാമത്. ഗുജറാത്തിന് 9ാം സ്ഥാനം. കേരളത്തില്‍ 75ശതമാനം കുഞ്ഞുങ്ങള്‍ക്കും പ്രതിരോധകുത്തിവെപ്പ് ലഭിക്കുമ്പോള്‍ ഗുജറാത്തില്‍ അത് വെറും 45ശതമാനം.

സ്ത്രീകളോടുള്ള വിവേചനത്തിന്റെ ആഴം സ്ത്രീപുരുഷ അനുപാതത്തില്‍ നിന്ന് അളന്നെടുക്കാം. ഗുജറാത്തില്‍ ആയിരം പുരുഷന്മാര്‍ക്ക് 918 സ്ത്രീകളേയുള്ളൂ. കേരളത്തില്‍ ഈ തോത് 1048 ആണ്. കേരളത്തില്‍ മാതൃമരണനിരക്ക് ആയിരത്തില്‍ 81 (ഒന്നാംസ്ഥാനം) ആയിരിക്കുമ്പോള്‍ ഗുജറാത്തില്‍ ഇത് 148 (6ാം സ്ഥാനം) ആണ്. വിളര്‍ച്ചയുള്ള സ്ത്രീകളുടെ ശതമാനം കേരളത്തിന്റെ ഇരട്ടിയാണ് ഗുജറാത്തില്‍. സാക്ഷരതയില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന കേരളത്തില്‍ സ്ത്രീപുരുഷ അന്തരം ഇല്ല. ഗുജറാത്തിന്റേത് ആറാം സ്ഥാനമാണ്.

ഗുജറാത്തിലെ പ്രതിശീര്‍ഷവരുമാനം കേരളത്തേക്കാള്‍ ഉയര്‍ന്നതാണ്. അതേസമയം ഉപഭോഗനിലവാരം താരതമ്യപ്പെടുത്തുകയാണെങ്കില്‍ കേരളത്തിന്റെ റാങ്ക് ഒന്നാം സ്ഥാനമായി ഉയരും. ഗുജറാത്തിന്റേത് 10ആയി താഴും. ദരിദ്രര്‍ ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനമാണ് കേരളത്തിനുള്ളത്. ഗുജറാത്തിന്റെ സ്ഥാനം ഒമ്പതും. കേരളത്തില്‍ 4.3 ശതമാനം വീടുകളിലെ കക്കൂസുകളില്ലാതുള്ളൂ. ഗുജറാത്തില്‍ ഇത് 43 ശതമാനമാണ്. ശരാശരി ഭവനനിലവാരവും കേരളത്തില്‍ വളരെ ഉയര്‍ന്നതാണ്. ഇവരാണോ കേരളത്തിന് വഴികാട്ടാന്‍ വരുന്നത്?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News