വരൾച്ച നേരിടാൻ മലയാളികളെ ഒന്നിപ്പിച്ച് നടൻ മമ്മൂട്ടി; ഇന്നു സന്നദ്ധസംഘടനകളെയും പൊതുജനങ്ങളെയും ഒന്നിപ്പിച്ച് ആലോചചനാ യോഗം; സർക്കാരുമായി സഹകരിക്കും

കൊച്ചി: വരൾച്ചയും കൊടും ചൂടും നേരിടാൻ മലയാളികൾ ഒന്നിച്ചു രംഗത്തിറങ്ങണമെന്ന് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ആഹ്വാനം. വരൾച്ച നേരിടാൻ സർക്കാരുമായി സഹകരിച്ചു പ്രവർത്തിക്കൻ തയാറാണെന്നു കൊച്ചിയിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മമ്മൂട്ടി അറിയിച്ചു. പ്രതിരോധ, ആശ്വാസ പ്രവർത്തനങ്ങൾ ആലോചിക്കാൻ ഇന്നു സന്നദ്ധ സംഘടനകളുടെയും പൊതുജനങ്ങളുടെയും യോഗം കൊച്ചിയിൽ ചേരുമെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം മമ്മൂട്ടി മാധ്യമങ്ങളോടു പറഞ്ഞു.

കേരളത്തിൽ സ്ഥിതി കടുത്തതാവുകയാണ്. പലർക്കും ജോലി ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയായി. ഭക്ഷണവും വെള്ളം ലഭ്യമല്ലാതാകുന്നു. ഇപ്പോൾ സൂര്യാതപം മാത്രമാണ് നമ്മൾ നേരിടുന്നത്. സൂര്യാഘാതത്തിലെത്തുന്നതിനു മുമ്പു പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണം. അതിനുള്ള കാര്യങ്ങളായിരിക്കണം നാളെ ആലോചിക്കേണ്ടത്. തന്നെക്കൊണ്ടു മാത്രം ചെയ്യാവുന്ന കാര്യങ്ങളേക്കാൾ ഒരു കൂട്ടായ്മകൊണ്ടു സാധിക്കും. ഏതുവിധേനയും സഹകരിക്കാൻ കഴിയുന്നവർ ഇന്നു എറണാകുളം ഗസ്റ്റ് ഹൗസിൽ ചേരുന്ന യോഗത്തിൽ പങ്കെടുക്കണമെന്നും മമ്മൂട്ടി ആവശ്യപ്പെട്ടു.

സർക്കാർ വകുപ്പുകളുടെയും സന്നദ്ധപ്രവർത്തകരുടെയും നേതൃത്വത്തിൽ പ്രതിരോധ ആശ്വാസ പ്രവർത്തനങ്ങൾ നടത്താനാണ് ഉദ്ദേശിക്കുന്നത്. തമിഴ്‌നാട്ടിൽ പ്രളയദുരിതമുണ്ടായപ്പോൾ ഏറ്റവും സഹായമുണ്ടായത് കേരളത്തിൽനിന്നാണ്. നമ്മുടെ നാട്ടിൽ ഒരു പ്രശ്‌നമുണ്ടാകുമ്പോൾ ഈ മനസ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതാണ് താൻ രംഗത്തുവരാൻ കാരണം. ഓരോ നിമിഷം വൈകുന്തോറും ജലശേഖരം കുറയുകയാണ്. അടുത്തുതന്നെ മഴയുണ്ടാകുമെന്നു പ്രതീക്ഷിക്കാം. പക്ഷേ, ഒരു ദുരന്ത സാഹചര്യമുണ്ടാകുന്നത് ചെറുക്കാൻ എല്ലാ മലയാളികൾക്കും കടമുയുണ്ട്.

ഏതു തരം സഹായത്തിനും തയാറാണെന്നു മമ്മൂട്ടി അറിയിച്ചതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. മമ്മൂട്ടി രംഗത്തുവന്നത് മാതൃകാപരമാണ്. വരൾച്ചാ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാർ ഇടപെടുന്നതിന് തെരഞ്ഞെടുപ്പു കമ്മീഷനിൽനിന്ന് അനുമതി വാങ്ങിയിട്ടുണ്ടെന്നും പകൽ നേരം ജോലി ചെയ്യുന്നവരുടെ ഇടവേളയിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here