ഉത്തര കൊറിയയിൽ 40 വർഷത്തിനിടെ ആദ്യത്തെ പാർട്ടി കോൺഗ്രസ് ചേരുന്നു; ചരിത്രപരമായ പാർട്ടി കോൺഗ്രസ് മെയ് ആറിന്; കിം ജോഗ് ഉന്നിന് കൂടുതൽ പിന്തുണ പ്രഖ്യാപിക്കും

സോൾ: 40 വർഷത്തെ ചരിത്രത്തിനിടെ ആദ്യമായി ഉത്തര കൊറിയയിൽ പാർട്ടി കോൺഗ്രസ് ചേരുന്നു. 40 വർഷത്തിനിടെ ആദ്യത്തേതും ഉത്തര കൊറിയയുടെ ചരിത്രത്തിലെ ഏഴാമത്തെയും പാർട്ടി കോൺഗ്രസിനു പ്യോംഗ്‌യാംഗ് വേദിയാകും. അടുത്തമാസം ആറിനാണ് പാർട്ടി കോൺഗ്രസ് തീരുമാനിച്ചിട്ടുള്ളത്. കിം ജോംഗ് ഉൻ ഉത്തര കൊറിയയുടെ നേതൃത്വം ഏറ്റെടുത്ത ശേഷം ആദ്യമായാണ് പാർട്ടി കോൺഗ്രസ് ചേരുന്നത്. ലോകരാഷ്ട്രങ്ങളിൽ നിന്ന് ഉപരോധം നേരിടുന്ന സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ആവശ്യമായ നടപടികൾ പാർട്ടി കോൺഗ്രസിൽ പ്രഖ്യാപിക്കും. ഭരണാധികാരി കിം ജോംഗ് ഉന്നിന് കോൺഗ്രസ് കൂടുതൽ പിന്തുണ പ്രഖ്യാപിക്കും.

കഴിഞ്ഞ ദിവസം കൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് പാർട്ടി കോൺഗ്രസ് ചേരുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എത്ര ദിവസം വരെ പാർട്ടി കോൺഗ്രസ് നീണ്ടുനിൽക്കുമെന്ന കാര്യം അറിയിച്ചിട്ടില്ല. അജണ്ട സംബന്ധിച്ചും കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. പക്ഷേ, ആണവരംഗത്തെ കൊറിയയുടെ പുരോഗതി വിവരിച്ച് കിം ജോംഗ് ഉന്നിന്റെ അധികാരം അരക്കിട്ടുറപ്പിക്കുന്നതാകും പാർട്ടി കോൺഗ്രസെന്നു സൂചനകളിൽ നിന്നു വ്യക്തമാണ്. ഉന്നത ഉദ്യോഗസ്ഥർക്ക് സ്ഥാനചലനം സംഭവിച്ചേക്കുമെന്നും സൂചനയുണ്ട്.

അടുത്തിടെ ഉത്തര കൊറിയ നിരന്തരം ആണവപരീക്ഷണങ്ങൾ നടത്തുന്നതിൽ അമേരിക്ക അടക്കമുള്ള ലോകരാഷ്ട്രങ്ങൾ ആശങ്കയിലാണ്. ഇതേതുടർന്ന് ഐക്യരാഷ്ട്രസഭയിൽ അടക്കം അമേരിക്ക വീറ്റോ അധികാരം ഉപയോഗിച്ച് ഉത്തര കൊറിയക്കു മേൽ സാമ്പത്തിക ഉപരോധം അടക്കം ഏർപ്പെടുത്താനുള്ള നീക്കം നടക്കുകയാണ്.ഏതാനും ആഴ്ചകളിലായി ഇതുവരെ 4 ആണവപരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. അഞ്ചാമത്തെ പരീക്ഷണത്തിന് കൊറിയ തയ്യാറെടുത്തിരിക്കുകയാണ്. അടുത്തമാസം ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തുമെന്നാണ് അറിയുന്നത്.

1940-ൽ ഉത്തര കൊറിയ രൂപീകൃതമായ ശേഷം ഏഴാമത്തെ പാർട്ടി കോൺഗ്രസ് ആയിരിക്കും ഇത്. 1980നു ശേഷം ആദ്യത്തേതും. 1980-ൽ കിം ജോംഗ് ഉന്നിന്റെ പിതാവ് കിം ജോംഗ് ഇൽ അധികാരത്തിൽ കയറിയപ്പോഴാണ് അവസാനത്തെ പാർട്ടി കോൺഗ്രസ് നടന്നത്. ഉത്തര കൊറിയയുടെ സ്ഥാപകനായ കിം ഇൽ സംഗിൽ നിന്നാണ് കിം ജോംഗ് ഇൽ അധികാരം ഏറ്റെടുത്തത്. ഇല്ലിന്റെ പിതാവും ഉന്നിന്റെ മുത്തച്ഛനുമാണ് സംഗ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News