ശനി ശിംഗനാപുർ ക്ഷേത്രത്തിലെ സ്ത്രീപ്രവേശനത്തിന് നേതൃത്വം വഹിച്ച തൃപ്തി ദേശായി ശബരിമലയിലേക്ക്; സ്ത്രീകൾക്ക് അന്തസോടെ ജീവിക്കാനുള്ള അവസരമൊരുക്കും

മുംബൈ: മഹാരാഷ്ട്രയിലെ ശനി ശിംഗനാപുർ ക്ഷേത്രത്തിൽ സ്ത്രീപ്രവേശനത്തിന് നേതൃത്വം നൽകിയ തൃപ്തി ദേശായിയുടെ അടുത്ത ലക്ഷ്യം ശബരിമല. ആർത്തവത്തിന് അശുദ്ധി കൽപിച്ച് സ്ത്രീകളെ മാറ്റിനിർത്തുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിലപാടിനെതിരേ സ്ത്രീകളെ സംഘടിപ്പിച്ചു മല കയറാനാണ് തൃപ്തിയുടെ തീരുമാനം. ഇതിനു മുന്നോടിയായി ദേവസ്വം ബോർഡ് നേതൃത്വവുമായി തൃപ്തി അടുത്ത മേയിൽ ചർച്ച നടത്തും.

രണ്ടാഴ്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടി ആരംഭിക്കുമെന്നും തൃപ്തി മാധ്യമങ്ങളോടു പറഞ്ഞു. ഇന്നു ഹാജി അലി ദർഗയിൽ പ്രവേശിക്കാനിരിക്കുകയാണ് തൃപ്തിയും സംഘവും. അതിനുശേഷമായിരിക്കും ശബരിമല പ്രവേശനത്തിനായുള്ള ശ്രമങ്ങൾക്കു തുടക്കം കുറിക്കുക. മേയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ സ്ത്രീകൾക്കു ശബരിമലയിൽ പ്രവേശനം നൽകണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെടുമെന്നും തൃപ്തി പറയുന്നു.

സ്ത്രീകൾക്ക് നിഷേധിക്കപ്പെടുന്ന ആചാരങ്ങളിൽ ഇടപെടണമെന്നാവശ്യപ്പെട്ടു ചിലർ കേരളത്തിൽനിന്നു തന്നെ വിളിച്ച് ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് താൻ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. ദൈവത്തിന്റെ ഭവനത്തിലെങ്കിലും സ്ത്രീകൾ ആദരിക്കപ്പെടണം. സ്ത്രീകൾക്കു പ്രവേശനം നിഷേധിക്കാൻ അധികാരികൾ ചൂണ്ടിക്കാട്ടുന്ന ന്യായങ്ങൾ ഒരുതരത്തിലും അംഗീകരിക്കാവുന്നതല്ലെന്നും തൃപ്തി പഞ്ഞു. ആചാരങ്ങൾ തകർക്കുന്നത് എളുപ്പമല്ല. എന്നാൽ സ്ത്രീകൾക്ക് അന്തസോടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കുന്ന കാര്യത്തിൽ താൻ ദൃഢനിശ്ചയത്തോടെയാണു മുന്നോട്ടു പോകുന്നതെന്നും തൃപ്തി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here