ലഹരിമരുന്ന് ഉപയോഗത്തിനു പണം ചോദിച്ചിട്ട് റിസ്റ്റിയുടെ പിതാവ് കൊടുത്തില്ല; കൊച്ചിയിൽ നടുറോഡിൽ പത്തുവയസുകാരനെ കുത്തിക്കൊന്നത് അച്ഛനോടുള്ള പകമൂലം

കൊച്ചി: പുല്ലേപ്പടിയിൽ പാൽ വാങ്ങാൻ പോയി മടങ്ങുകയായിരുന്ന പത്തു വയസുകാരൻ റിസ്റ്റി ജോണിനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയത് അച്ഛനോടുള്ള പകവീട്ടാനെന്ന് പൊലീസ്. പ്രതി അജി ദേവസ്യയെ പൊലീസ് ചോദ്യം ചെയ്തപ്പോൾ ഇതിലേക്ക് വിരൽചൂണ്ടുന്ന സൂചനകളാണ് ലഭിച്ചത്. ലഹരി ഉപയോഗത്തിനായി അജി സ്ഥിരമായി റിസ്റ്റിയുടെ പിതാവ് ജോണിനോടു പണം ചോദിക്കാറുണ്ടായിരുന്നു. എന്നാൽ, മിക്കപ്പോഴും ഇതു നൽകാൻ ജോണിനു കഴിയുമായിരുന്നില്ല. ഇക്കാര്യത്തിൽ അജിക്ക് ജോണിനോടു പകയുണ്ടായിരുന്നു.

മയക്കുമരുന്നിനു അടിമയായ അജി പണം കിട്ടാതാകുമ്പോൾ മിക്കപ്പോഴും മാതാപിതാക്കളെ ക്രൂരമായി മർദിക്കാറുണ്ടായിരുന്നു. പണം ചോദിച്ചിട്ടു നൽകാൻ കഴിയാതെ വരുന്ന സന്ദർഭത്തിലാണ് ഇയാൾ ആക്രമണകാരിയാകുന്നത്. മകന്റെ ആക്രമണത്തിൽ നിന്നു രക്ഷപ്പെടാൻ അജിയുടെ അമ്മ അഭയം തേടാറുള്ളത് ജോണിന്റെ വീട്ടിലാണ്. ഇതും പ്രതിക്കു വൈരാഗ്യം തോന്നാൻ കാരണമായിട്ടുണ്ടെന്നാണ് കരുതുന്നത്. ജോണിനെ ആക്രമിക്കാനുള്ള ആരോഗ്യമില്ലാത്ത അജി, പകതീർക്കാൻ മകൻ റിസ്റ്റിയെ ഇരയാക്കുകയായിരുന്നെന്നാണ് സമീപവാസികൾ പൊലീസിനു മൊഴി നൽകിയത്.

ലഹരി ഉപയോഗിക്കുന്ന പ്രതി മാനസിക വിഭ്രാന്തി കാരണമാണു കൊല നടത്തിയതെന്ന ബന്ധുക്കളുടെയും പൊലീസിന്റെയും നിലപാടിനെതിരെ പുല്ലേപ്പടി റസിഡന്റ്‌സ് അസോസിയേഷൻ രംഗത്തു വന്നു. കൊലപാതകത്തിനു ലഹരിയുടെ ഉപയോഗം കാരണമായേക്കാമെങ്കിലും പ്രതിയെ മനോവൈകല്യമുള്ളയാളായി ചിത്രീകരിച്ചു നിയമത്തിന്റെ ആനുകൂല്യം നൽകുന്നത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്നാണു അസോസിയേഷന്റെ നിലപാട്.

പ്രതി ഇപ്പോൾ റിമാൻഡിലാണ്. കൊലപാതകത്തിന് ഒന്നിലധികം ദൃക്‌സാക്ഷികളുണ്ട്. കൊലയാളി ഉപയോഗിച്ച ആയുധം കണ്ടെടുക്കുകയും ചെയ്ത സാഹചര്യത്തിൽ കൂടുതൽ തെളിവെടുപ്പിന്റെ ആവശ്യമില്ലെന്നാണു പൊലീസിന്റെ നിലപാട്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ഇനി ചോദ്യം ചെയ്യണോ എന്ന കാര്യം തീരുമാനിച്ചട്ടില്ല. എറണാകുളം സെൻട്രൽ സിഐ വിജയകുമാറിനാണ് അന്വേഷണ ചുമതല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News