തിരുവനന്തപുരം: സംസ്ഥാനത്തെ കൊടുംവരൾച്ച നേരിടാൻ പ്രത്യേക കർമപദ്ധതിക്ക് രൂപം നൽകാൻ തീരുമാനം. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ആലോചനാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. 14 ജില്ലകളിലും പ്രത്യേക കർമപദ്ധതികൾ രൂപീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയതായി മന്ത്രി അടൂർ പ്രകാശ് അറിയിച്ചു. വരൾച്ചാ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ചട്ടങ്ങളിൽ ഇളവു തേടി കേന്ദ്രത്തിന് കത്തയക്കുമെന്നും അദ്ദേഹം അറിയിച്ചു. കേരളത്തെ വരൾച്ചാ ബാധിത പ്രദേശമായി കണക്കാക്കണമെന്ന് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പറഞ്ഞു.
വരൾച്ചാ ദുരിതാശ്വാസത്തിനായി 3 കോടി 52 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇതു ആവശ്യത്തിനനുസരിച്ച് വിനിയോഗിക്കും. 14 ജില്ലകളിലും തണ്ണീർപന്തലുകൾ സ്ഥാപിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകുമെന്ന് അടൂർ പ്രകാശ് പറഞ്ഞു. കൊല്ലം തെൻമല ഡാമിൽ നിന്ന് കുടിവെള്ളം എത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. രണ്ടുദിവസത്തിനകം ഇക്കാര്യം ശരിയാകും. ശാസ്താംകോട്ട കായലിൽ വെള്ളം കുറഞ്ഞതിനെ തുടർന്നാണ് ഇത്. മലമ്പുഴ ഡാമിലെ വെള്ളം കുടിവെള്ളത്തിനു മാത്രമായി ഉപയോഗിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.
സൂര്യതാപമേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് അടൂർ പ്രകാശ് അറിയിച്ചു. കേന്ദ്രത്തിന്റെ മാർഗരേഖ കൂടി വന്ന ശേഷം ധഗനസഹായം വിതരണം ചെയ്യുമെന്നും അടൂർ പ്രകാശ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here