ബഹിരാകാശത്ത് ചരിത്രം കുറിച്ച് ഇന്ത്യ; സ്വന്തം ഗതിനിർണയ സംവിധാനത്തിന് കുതിപ്പേകി ഐഎൻആർഎസ്എസ് 1 ജി വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട: ബഹിരാകാശചരിത്രത്തിൽ നാഴികക്കല്ലിട്ട് ഇന്ത്യ. സ്വന്തമായി വികസിപ്പിച്ച ഗതിനിർണയ സംവിധാനം എന്ന നേട്ടത്തിലേക്കു ഇന്ത്യയെ കുതിപ്പിച്ച് ഐആർഎൻഎസ്എസ് 1ജി ഉപഗ്രഹം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലായിരുന്നു വിക്ഷേപണം. ഈ ശ്രേണിയിലെ ഏഴാമത്തെയും അവസാനത്തെയും ഉപഗ്രഹമാണിത്. വിക്ഷേപണം വിജയമാണെന്ന് ഐഎസ്ആർഒ അറിയിച്ചു. ചരിത്രദൗത്യത്തിന് നേതൃത്വം നൽകിയ ഐഎസ്ആർഒ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.

അമ്പത്തൊന്നര മണിക്കൂർ നീണ്ട കൗണ്ട് ഡൗണിനു ശേഷം ഉച്ചയ്ക്ക് 12.50നായിരുന്നു വിക്ഷേപണം. പിഎസ്എൽവിയുടെ പരിഷ്‌കരിച്ച എക്സ്.എൽ പതിപ്പായ പിഎസ്എൽവിസി 33 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഉപഗ്രഹം ബഹിരാകാകാശത്ത് എത്തുന്നതോടെ പുതിയൊരു ചരിത്രമാണ് സൃഷ്ടിക്കപ്പെടുക.

സ്വന്തമായി ജിപിഎസ് ഉപഗ്രഹ സംവിധാനമുള്ള രാജ്യമായി അമേരിക്കയ്ക്കും റഷ്യക്കുമൊപ്പം ഇന്ത്യയുടെ പേരും എഴുതിച്ചേർക്കപ്പെടും. ഇന്ത്യൻ ഭൂപ്രദേശത്തിന് പുറമേ 1500 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തും ഈ സൗകര്യം ലഭ്യമാകും. സൈനിക, വാർത്തവിനിമയ മേഖലകളിൽ രാജ്യത്തിന് കൂടുതൽ കരുത്താർജിക്കാൻ ഉപഗ്രഹം ഇന്ത്യയെ സഹായിക്കും. ഇന്ത്യൻ മഹാസമുദ്രത്തിന്റെ വലിയൊരു ഭാഗവും ആഫ്രിക്കയുടെയും ഓസ്ട്രേലിയയുടെയും പകുതിയോളവും ഗൾഫ് മേഖലയും പാകിസ്താൻ ഉൾപ്പടെയുള്ള അയൽ രാജ്യങ്ങളും ചൈന ഏതാണ്ട് പൂർണമായും ഇന്ത്യൻ ജിപിഎസിന്റെ നിരീക്ഷണ പരിധിയിൽ വരും.

ചൈനയ്ക്കും ജപ്പാനും സ്വന്തമായി ഗതിനിർണയ ഉപഗ്രഹങ്ങളുണ്ടെങ്കിലും ഇത്ര വിപുലമായ ഉപഗ്രഹമില്ല. അവർക്ക് സ്വന്തം രാജ്യാതിർത്തിക്കുള്ളിൽ ഒതുങ്ങുന്ന ഉപഗ്രഹസംവിധാനം മാത്രമാണുള്ളത്. ഗതിനിർണയ ഉപഗ്രഹ വിക്ഷേപണത്തിനു യൂറോപ്പും ശ്രമം തുടങ്ങിക്കഴിഞ്ഞു. അമേരിക്കയുടെ ജിപിഎസിൽ 24 ഉപഗ്രഹങ്ങളാണുള്ളത്.

ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ഐആർഎൻഎസ്എസ്) പദ്ധതിക്ക് 2013 ജൂലൈയിലാണ് ഐഎസ്ആർഒ തുടക്കമിട്ടത്. 910 കോടി രൂപയാണ് പദ്ധതിക്ക് ചെലവു പ്രതീക്ഷിച്ചിരുന്നത്. ഏഴ് ഉപഗ്രഹങ്ങൾ ആകാശത്തും രണ്ട് ഉപഗ്രഹങ്ങൾ സ്റ്റാൻഡ് ബൈ ആയും ഉണ്ടാകും. ബഹിരാകാശത്തെ നാല് ഉപഗ്രഹങ്ങൾ ഭൂസ്ഥിര ഭ്രമണപഥത്തിലും മൂന്നെണ്ണം ഭൂമിയെ പ്രദക്ഷിണം ചെയ്യുന്ന ഭ്രമണപഥത്തിലുമായിരിക്കും.

ഇന്ത്യയുടെ ആദ്യ നാല് ഉപഗ്രഹങ്ങൾ കഴിഞ്ഞ വർഷം വിക്ഷേപിച്ചതോടെ ഗ്ലോബൽ പൊസിഷനിംഗ് സംവിധാനത്തിന്റെ പ്രവർത്തനം ചെറിയ തോതിൽ ആരംഭിച്ചിരുന്നു. അവസാന ഉപഗ്രഹവും ഭ്രമണപഥത്തിൽ എത്തുന്നതോടെ ഒരു മാസത്തിനുള്ളിൽ ജിപിഎസിന്റെ പ്രവർത്തനം പൂർണതോതിൽ ആരംഭിക്കാനാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News