ഐസിസി അധ്യക്ഷനായി ശശാങ്ക് മനോഹർ തന്നെ തുടരണമെന്ന് അംഗരാജ്യങ്ങൾക്ക് താൽപര്യം; ബിസിസിഐ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞേക്കും; ശരദ് പവാർ തിരിച്ചെത്താൻ സാധ്യത

മുംബൈ: ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തു നിന്ന് ശശാങ്ക് മനോഹർ ഒഴിഞ്ഞേക്കും. ഐസിസിയുടെ സ്വതന്ത്ര ചെയർമാനാകുന്നതിനു മുന്നോടിയായാണ് ബിസിസിഐ അധ്യക്ഷസ്ഥാനത്തു നിന്ന് സ്ഥാനമൊഴിയാൻ ശശാങ്ക് മനോഹർ ആലോചിക്കുന്നത്. അങ്ങനെയെങ്കിൽ പകരം ശരദ് പവാറിനു വീണ്ടും ബിസിസിഐ അധ്യക്ഷ സ്ഥാനത്തു തിരിച്ചെത്താൻ സാധിക്കും. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ശശാങ്ക് രാജി സൂചന നൽകിയത്.

എന്നാൽ, ശശാങ്ക് ഐസിസി ചെയർമാൻ ആകുന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. പക്ഷേ മെയിൽ തന്റെ രാജിക്കത്ത് കൈമാറും എന്നാണ് അറിയുന്നത്. മെയ് അവസാനമാണ് ഐസിസി രഹസ്യ ബാലറ്റിലൂടെ ആദ്യത്തെ സ്വതന്ത്ര ചെയർമാനെ തെരഞ്ഞെടുക്കുക. തെരഞ്ഞെടുക്കപ്പെട്ടാൽ ഐസിസി ചെയർമാനായി അഞ്ചു വർഷം മനോഹറിനു തുടരാനാകും. നിലവിൽ ശശാങ്ക് മനോഹർ തന്നെയാണ് ഐസിസിയുടേയും അധ്യക്ഷൻ. കോഴവിവാദത്തെ തുടർന്ന് എൻ.ശ്രീനിവാസനെ ചെയർമാൻ സ്ഥാനത്തു നിന്ന് നീക്കം ചെയ്തതിനു ശേഷമാണ് ശശാങ്കിനെ ഐസിസി ചെയർമാനായി ഇന്ത്യയുടെ പ്രതിനിധിയായി നോമിനേറ്റ് ചെയ്തത്.

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ എന്നാണ് പേരെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്, ക്രിക്കറ്റ് ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് എന്നീ മൂന്ന് സംഘടനകളുടെ നിയന്ത്രണത്തിലാണ് ഐസിസി. ഈ മൂന്നു അസോസിയേഷനുകളും ചേർന്നാണ് ഐസിസി വരുമാനത്തിന്റെ നല്ലൊരു പങ്കും കൈകാര്യം ചെയ്യുന്നതും ചെയർമാനെ തെരഞ്ഞെടുക്കുന്ന കാര്യത്തിലും തീരുമാനമെടുക്കുന്നതും ഈ മൂന്നു പേരാണ്. എന്നാൽ എല്ലാ അംഗങ്ങൾക്കും തുല്യപ്രാധാന്യം ഉറപ്പാക്കണമെന്ന വാദം ഇപ്പോൾ ഐസിസി അംഗങ്ങൾക്കിടയിൽ ശക്തമാണ്. അധ്യക്ഷന്റെ നിഷ്പക്ഷത ഉറപ്പാക്കാൻ ഐസിസി അധ്യക്ഷനാകുന്ന വ്യക്തി മറ്റു സംഘടനകളുടെ തലപ്പത്തിരിക്കാൻ പാടില്ലെന്നുമുള്ള പരിഷ്‌കാരം ഐസിസിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഈയിടെ പാസാക്കിയിരുന്നു.

കഴിഞ്ഞ വർഷമാണ് ശശാങ്ക് മനോഹർ ബിസിസിഐ അധ്യക്ഷനായി അവരോധിക്കപ്പെട്ടത്. ജഗ്മോൻ ഡാൽമിയയുടെ അന്ത്യത്തെ തുടർന്നായിരുന്നു ശശാങ്കിന്റെ ആരോഹണം. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ഇന്ത്യൻ ക്രിക്കറ്റിൽ വിപ്ലവകരമായ നിരവധി നീക്കങ്ങൾക്ക് കടിഞ്ഞാൺ പിടിച്ചത് ഇദ്ദേഹമായിരുന്നു.

എന്നാൽ സുനിൽ ഗവാസ്‌കറുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും ഐപിഎൽ കമന്റേറ്റർ സ്ഥാനത്തു നിന്നു ഹർഷ ഭോഗ്‌ലെയെ പുറത്താക്കിയതും മഹാരാഷ്ട്ര കടുത്ത വരൾച്ച നേരിടുമ്പോഴും സ്റ്റേഡിയം സംരക്ഷിക്കുന്നതിന് ലക്ഷക്കണക്കിനു ലിറ്റർ വെള്ളം ഉപയോഗിച്ച നടപടിയെ ബിസിസിഐ ന്യായീകരിച്ച രീതിയുമെല്ലാം ശശാങ്കിന് മോശം പ്രതിച്ഛായ സമ്മാനിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel