വീട്ടുകാരുടെ കൺമുന്നിൽ മോഷ്ടാക്കൾ 19 കാരിയെ കൂട്ടബലാൽസംഗം ചെയ്തു; സ്വർണവും പണവും അടക്കം വിലപിടിപ്പുള്ളതെല്ലാം മോഷ്ടിച്ചു

ഫരീദാബാദ്: ഹരിയാനയിൽ വീട്ടുകാരെ ബന്ദികളാക്കിയ ശേഷം അവരുടെ കൺമുന്നിലിട്ട് 19 കാരിയായ മൂത്തമകളെ മോഷ്ടാക്കൾ കൂട്ടബലാൽസംഗം ചെയ്തു. ഇളയ മകളെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. ആയുധധാരികളായി എത്തിയ മോഷ്ടാക്കളുടെ സംഘം വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കളുമായാണ് പോയത്. ഫരീദാബാദിലെ ദസദിയയിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.

ഉത്തർപ്രദേശ് സ്വദേശിയുടെ വാടക വസതിയിലാണ് മോഷ്ടാക്കളുടെ അതിക്രമം നടന്നത്. രണ്ടു സംഘങ്ങളായി പത്തോളം വരുന്ന മോഷ്ടാക്കൾ വീട്ടിന്റെ അകത്തു കയറി. ഈ സമയം അഞ്ചംഗ കുടുംബം നല്ല ഉറക്കത്തിലായിരുന്നു. മാതാപിതാക്കൾ താഴത്തെ നിലയിലും മക്കൾ മുകൾ നിലയിലുമായിരുന്നു കിടന്നിരുന്നത്. സംഘത്തിലെ ഒരാളെ ആക്രമിച്ചയാളെ തിരഞ്ഞെന്ന വ്യാജേന വീട്ടിലെത്തിയ സംഘം മാതാപിതാക്കളെ മുറിയിലിട്ട് പൂട്ടിയ ശേഷം മുകളിലെ മുറിയിൽ ഉറങ്ങുകയായിരുന്ന 19കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. 16കാരിയായ ഇളയ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു.

വീട് മുഴുവൻ പരിശോധിച്ച സംഘം 10,000 രൂപയും വെള്ളി ആഭരണങ്ങളും കവർന്നു. വീട്ടിൽ വളർത്തിയിരുന്ന രണ്ട് പോത്തുകളെയും സംഘം മോഷ്ടിച്ചു. കവർച്ചാസംഘം പോയ ശേഷം കുട്ടികൾ എത്തി വാതിൽ തുറന്നാണ് മാതാപിതാക്കളെ രക്ഷപ്പെടുത്തിയത്. വീട്ടുകാരുടെ പരാതിയിൽ കേസെടുത്തതായി പോലീസ് അറിയിച്ചു. കുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയായതായി വൈദ്യപരിശോധനയിൽ ബോധ്യപ്പെട്ടതായും എസ്‌ഐ ഹേമന്ദ് കുമാർ അറിയിച്ചു. മേവാത്തിൽ നിന്നുള്ള കവർച്ചാസംഘമാണ് അതിക്രമത്തിന് പിന്നിലെന്ന ആരോപണം പൊലീസ് നിഷേധിച്ചു. കന്നുകാലികളെ ഇവർ മോഷ്ടിക്കുമെങ്കിലും സ്ത്രീകളെ ഉപദ്രവിക്കില്ലെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. അന്വേഷണത്തിനായി പല സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here