ദില്ലി: മെഡിക്കൽ പ്രവേശനത്തിന് സംസ്ഥാന സർക്കാരുകൾ നടത്തിയ പ്രവേശനപ്പരീക്ഷ റദ്ദായി. ദേശീയാടിസ്ഥാനത്തിലെ ഏകീകൃത പരീക്ഷ ഈ വർഷംതന്നെ നടത്താൻ സുപ്രീം കോടതി അനുമതി നൽകി. ഇതോടെ കഴിഞ്ഞദിവസം സംസ്ഥാന മെഡിക്കൽ പ്രവേശന പരീക്ഷയെഴുതിയ വിദ്യാർഥികൾ എൻഇഇടി(നീറ്റ്) പരീക്ഷ എഴുതണം. രണ്ടുഘട്ടങ്ങളിലായായിരിക്കും പരീക്ഷ നടത്തുക. ജസ്റ്റിസ് അനിൽ ആർ.ദവേ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നീറ്റ് പരീക്ഷ ഈവർഷം തന്നെ നടത്താൻ അനുമതി നൽകിയത്.
മേയ് ഒന്നിനും ജൂലൈ പതിനാലും പരീക്ഷ നടത്താനാണു തീരുമാനം. ഓഗസ്റ്റ് പതിനേഴിന് ഫലം പ്രഖ്യാപിക്കും. എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിന് ഈ അദ്ധ്യയന വർഷം തന്നെ ഏകീകൃത പൊതു പ്രവേശന പരീക്ഷ (നീറ്റ്) നടത്താൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാരും മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയും സുപ്രീം കോടതിയെ അറിയിച്ചിരുന്നു. പരീക്ഷയുടെ സമയക്രമം ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ഇന്ന് നേരിട്ട് ഹാജരാക്കുമെന്നും സി.ബി.എസ്.ഇ കോടതിയിൽ വ്യക്തമാക്കിയിരുന്നു. മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിനുള്ള അന്തിമ തീയതി സെപ്തംബർ 30 ആയതിനാൽ പൊതുപരീക്ഷ നടത്താൻ ആവശ്യമായ സമയമുണ്ടെന്നും സിബിഎസ്ഇ അറിയിച്ചിരുന്നു.
സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകളിലേക്കുള്ള എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിന് ഏകീകൃത പൊതു പ്രവേശന പരീക്ഷ വേണ്ടെന്ന മുൻ ഉത്തരവ് ഇക്കഴിഞ്ഞ 11ന് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. വിഷയം ഒരിക്കൽ കൂടി പരിഗണിക്കാനായിരുന്നു കോടതിയുടെ തീരുമാനം. ഈ സാഹചര്യത്തിലാണ് സങ്കൽപ് ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടന നീറ്ര് പരീക്ഷ നടത്താൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post