മമത കുല്‍ക്കര്‍ണി അന്താരാഷ്ട്ര മയക്കുമരുന്നു കടത്തുകാരിയോ? മാഫിയത്തലവനായ ഭര്‍ത്താവിന് സഹായം നല്‍കുന്നത് താരമെന്ന് ഇന്റര്‍പോള്‍; മഹാരാഷ്ട്രയിലെ സംഘത്തെ നയിക്കുന്നതും

മുംബൈ: അന്താരാഷ്ട്ര മയക്കുമരുന്നു മാഫിയയുമായി മുന്‍ ബോളിവുഡ്താരം മമതാ കുല്‍ക്കര്‍ണ്ണിക്ക് അടുത്തബന്ധമെന്ന് ഇന്റര്‍പോള്‍. കഴിഞ്ഞ ആഴ്ച്ച താനേ പൊലീസ് പിടികൂടിയ 20 ടണ്‍ എഫേഡ്രിനുമായി ബന്ധപ്പെട്ട കേസില്‍ കള്ളക്കടത്ത് സംഘത്തിന്റെ കേന്ദ്രകണ്ണി മമതയാണെന്നാണ് രഹസ്യാന്വേഷണകേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അന്വേഷണസംഘത്തിന്റെ നിഗമനപ്രകാരം മയക്കുമരുന്നിന്റെ കേന്ദ്രബിന്ദു കെനിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിക്കി ഗോസ്വാമിയാണ്. മമത കുല്‍ക്കര്‍ണിയുടെ ഭര്‍ത്താവാണ് മയക്കുമരുന്നു മാഫിയ തലവനായ വിക്കി.

1997ല്‍ മയക്കുമരുന്ന് കടത്തിയതിന് ദുബായില്‍ അറസ്റ്റിലായ വിക്കി 15 വര്‍ഷം തടവുശിക്ഷ അനുഭവിച്ചയാളാണ്. ഇതിന് ശേഷമാണ് ഇയാള്‍ മമതയുമായി നെയ്‌റോബിയിലേക്ക് കടന്നത്. മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട് അമേരിക്കയിലെയും താനെയിലെയും പൊലീസ് തേടുന്ന കുറ്റവാളികളില്‍ ഒരാളാണ് വിക്കി. ഇന്റര്‍പോള്‍ നോട്ടീസ് ഉള്ളതിനാല്‍ കെനിയ വിട്ടു പോകാത്ത വിക്കി ദുബായിലും സിംഗപ്പൂരിലും ദക്ഷിണാഫ്രിക്കയിലും അമേരിക്കയിലുമെല്ലാം ഇടപാടുകാരുമായി കൂടിക്കാഴ്ചയ്ക്ക് അയയ്ക്കാറുള്ളത് മമതയെയാണെന്ന് പൊലീസ് സംശയിക്കുന്നു. മയക്കുമരുന്ന് കടത്തില്‍ മമതയും പങ്കാളിയാണ് എന്നതിനപ്പുറം നിര്‍ണ്ണായകമായ പങ്കിന്റെ തെളിവുകള്‍ ഇതുവരെ ഇന്റര്‍പോളിന് ലഭിച്ചിട്ടില്ല.

മഹാരാഷ്ട്രയിലെ മയക്കുമരുന്ന് സംഘത്തെ നിയന്ത്രിക്കുന്നത് മമതയാണെന്നും ബാങ്ക് ഇടപാടുകള്‍ക്ക് ഇവരുടെ പേരാണ് വിക്കി ഉപയോഗിക്കുന്നതുമെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്ന് വില്‍പ്പനയിലൂടെ വന്‍തുകയാണ് ദമ്പതികള്‍ സമ്പാദിക്കുന്നതെന്നും പണമിടപാട് ഹവാല വഴിയാണ് നടത്തുന്നതെന്നും ഇന്റര്‍പോള്‍ സംശയിക്കുന്നു. യുഎസിലെ മയക്കുമരുന്നു വിരുദ്ധസമിതിയില്‍ നിന്നാാണ് വിക്കിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരം ലഭിച്ചിരിക്കുന്നത്.

1990കളില്‍ ബോളിവുഡിലെ മുന്‍നിര താരങ്ങളില്‍ ഒരാളായിരുന്നു മമതാ കുല്‍ക്കര്‍ണ്ണി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here