അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റന്‍ ഇടപാട്: ഇടനിലക്കാരനെ ഇന്ത്യയിലെത്തിക്കാന്‍ ബ്രിട്ടന്റെ സഹായം തേടി കേന്ദ്രസര്‍ക്കാര്‍

ദില്ലി: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ ഇടപാടില്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ സഹായം തേടി ഇന്ത്യ. ഇടപാടിലെ മുഖ്യ കണ്ണിയായ ക്രിസ്റ്റ്യന്‍ ജയിംസ് മിഷെലിനെ ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബ്രിട്ടീഷ് സര്‍ക്കാരിനെ സമീപിച്ചു. വിഷയം ബന്ധപ്പെട്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വികെ സിങ് രാജ്യസഭയില്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ഹെലികോപ്റ്റര്‍ ഇടപാടില്‍ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് കൈക്കൂലി നല്‍കിയിട്ടുണ്ടെന്ന ഇറ്റാലിയന്‍ കോടതിയുടെ നിരീക്ഷണമാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. 12 വിവിഐപി കോപ്റ്ററുകള്‍ വാങ്ങാനുള്ള ഇടപാടില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ 125 കോടി രൂപയോളം കമ്മിഷന്‍ കൈപ്പറ്റി.

ഇടനിലക്കാരില്‍നിന്നു പിടിച്ചെടുത്ത കയ്യെഴുത്തു രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു കോടതി നിരീക്ഷണം. 225 പേജുള്ള കോടതി വിധിയുടെ 193, 205 പേജുകളില്‍ സോണിയ ഗാന്ധിയെക്കുറിച്ചും 163,164 പേജുകളില്‍ മന്‍മോഹന്‍ സിങിനെക്കുറിച്ചും പരാമര്‍ശമുണ്ടെന്നാണു റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിഷയം ചൂട് പിടിക്കുകയാണ്.

എന്നാല്‍ ഒന്നും ഒളിക്കാനില്ലെന്നും ഇന്ത്യയിലെത്തി നിയമനടപടികള്‍ നേരിടാന്‍ തയാറാണെന്നുമാണ് ഇടനിലക്കാരന്‍ പറഞ്ഞത്. ബൊഫോഴ്‌സ് കേസില്‍ തീരുമാനമാകാന്‍ 25 വര്‍ഷമെടുത്തു. നിയമനടപടികള്‍ നേരിടാന്‍ തയാറാണ് എന്നാല്‍ സമയം കളയാനാകില്ല എന്നും മുഖ്യ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ ജയിംസ് പ്രതികരിച്ചു. ഗാന്ധി കുടുംബവുമായുള്ള അടുത്ത ബന്ധവും ഇടനിലക്കാരന്‍ നിഷേധിച്ചു. തന്റെ പിതാവിന് ഗാന്ധി കുടുംബവുമായോ അടുത്ത ബന്ധുക്കളുമായോ ഒരു ബന്ധവുമില്ലെന്നുമാണ് മിഷെല്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News