വിഎസിനെതിരായ മാനനഷ്ടക്കേസിൽ ഉമ്മൻചാണ്ടിക്ക് കോടതിയുടെ രൂക്ഷവിമർശനം; കോടതിയെ രാഷ്ട്രീയ കളിക്ക് വേദിയാക്കരുത്; കേസ് വിശദാംശങ്ങൾ വിഎസ് ഹാജരാക്കി

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദനെതിരെ സമർപിച്ച മാനഷ്ടക്കേസിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കോടതിയുടെ രൂക്ഷവിമർശനം. കോടതിയെ രാഷ്ട്രീയക്കളിക്ക് വേദിയാക്കരുതെന്ന് കോടതി ഉമ്മൻചാണ്ടിയോട് ആവശ്യപ്പെട്ടു. ഉമ്മൻചാണ്ടിക്കെതിരെ കേസുകളുണ്ടെന്ന കാര്യം വിഎസിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. വിഎസ് തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയലാഭം ലക്ഷ്യമിട്ടാണ് ഉമ്മൻചാണ്ടി ഹർജി സമർപിച്ചിട്ടുള്ളതെന്ന തരത്തിലായിരുന്നു കോടതിയുടെ വിമർശനം. തിരുവനന്തപുരം അഡീഷണൽ ജില്ലാ ജഡ്ജി ഇന്ദിരാമ്മയുടെതാണ് വിമർശനം.

തനിക്കെതിരെ 31 അഴിമതിക്കേസുകളുണ്ടെന്ന വിഎസിന്റെ പ്രസ്താവവയ്‌ക്കെതിരെയാണ് ഉമ്മൻചാണ്ടി കേസ് നൽകിയിട്ടുള്ളത്. ഒരുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഉമ്മൻചാണ്ടിയുടെ മാനനഷ്ട ഹർജി. വിഎസിന്റെ നടപടി മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനും ഉമ്മൻചാണ്ടി പരാതി നൽകിയിട്ടുണ്ട്.

എന്നാൽ, എല്ലാം കോടതിയിൽ നേരിടുമെന്നാണ് വിഎസിന്റെ നിലപാട്. കേസ് നൽകിയത് ഉമ്മൻചാണ്ടിയുടെ കപട മനഃസാക്ഷിയെ സംരക്ഷിക്കാനെന്ന് വിഎസ് അച്യുതാനന്ദൻ പ്രതികരിച്ചു. തന്റെ പ്രസംഗത്തിലൂടെ ഉമ്മൻചാണ്ടിയുടെ അഴിമതിക്കേസുകൾ പ്രചരിക്കുന്നതിൽ വിളറിപൂണ്ടാണ് നിയമനടപടി തുടങ്ങിയത്. മന്ത്രിമാരുടെ തട്ടിപ്പും വെട്ടിപ്പും പുറത്തുകൊണ്ടുവരേണ്ടത് പ്രതിപക്ഷത്തിന്റെ കടമയാണ്. ഇതിനെ പ്രതിരോധിക്കാൻ കഴിയാത്തതിനാലാണ് ഉമ്മൻചാണ്ടി കോടതിയെ സമീപിക്കുന്നതെന്നും വിഎസ് പറഞ്ഞു.

മന്ത്രിമാരുടെ അഴിമതികൾ പുറത്തുകൊണ്ടുവരിക തന്നെ ചെയ്യും. ഇത് ജനങ്ങളിൽ എത്തിക്കുന്നതിനുള്ള ഏറ്റവും നല്ല അവസരമാണ് തെരഞ്ഞെടുപ്പ്. തന്റെ നാവ് ബന്ധിക്കാമെന്ന് കരുതുന്ന ഉമ്മൻചാണ്ടി വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ്. പ്രതിപക്ഷത്തിൻരെ പ്രചരണത്തെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ട മുഖ്യമന്ത്രിയുടെ നീക്കം അപഹാസ്യവും ഒളിച്ചോടലുമാണ് എന്നും വിഎസ് അച്യുതാനന്ദൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel