രാജാരവിവർമയുടെ ജൻമവാർഷിക ദിനം

രാജാക്കന്മാർക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാർക്കിടയിലെ രാജാവുമായിരുന്ന രാജാരവിവർമ്മ 1848 ഏപ്രിൽ 29ന് കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ചു. അമ്മാവനും സ്വാതിതിരുനാൾ മഹാരാജാവിന്റെ ആസ്ഥാന ചിത്രകാരനും ആയിരുന്ന രാജരാജവർമ്മയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഗുരു.

തിരുവിതാംകൂറിന്റെ ഭരണാധികാരിയായ ആയില്യം തിരുനാൾ രവിവർമ്മയുടെ ചിത്രങ്ങൾ കണ്ട് സന്തുഷ്ടനാകുകയും തിരുവനന്തപുരത്ത് താമസിക്കാനും, ചിത്രമെഴുത്ത് കൂടുതൽ പരിശീലിക്കാനും, എണ്ണച്ചായ ചിത്രരചന പുതിയതായി പഠിക്കാനും സൗകര്യമൊരുക്കിക്കൊടുത്തു. ആയില്യംതിരുനാളിന്റെ പ്രത്യേക താൽപ്പര്യത്തിൽ വിദേശത്തുനിന്നും സ്വദേശത്തുനിന്നും എത്തിയ അപൂർവ്വ ചിത്രരചനാ പാഠപുസ്തകങ്ങളും രവിവർമ്മക്ക് സഹായകമായി.

കൊട്ടാരത്തിലെ വിദേശ എണ്ണച്ചായ ചിത്രങ്ങൾ നോക്കി സ്വയം പഠിക്കാൻ ആരംഭിച്ച രവിവർമ്മയ്ക്ക് ചിത്രകാരനായിരുന്ന അറുമുഖം പിള്ളയും പ്രോത്സാഹനമേകി. രവിവർമ്മ എണ്ണച്ചായത്തിൽ വരച്ച ബക്കിങ്ങ്ഹാം പ്രഭുവിന്റെ ഛായാ ചിത്രം മദ്രാസ് ഗവൺമന്റ് ആസ്ഥാനത്ത് സ്ഥാപിച്ചതോടെ രവിവർമ്മ പ്രശസ്തിയിലേക്ക് ഉയർന്നു. 1871ൽ മഹാരാജാവിൽ നിന്ന് അദ്ദേഹത്തിന് വീരശൃംഖല ലഭിച്ചു, കൂടാതെ ആസ്ഥാന ചിത്രകാരനായി അവരോധിക്കപെടുകയും ചെയ്തു.

അദ്ദേഹത്തിന്റെ ‘മുല്ലപ്പൂ ചൂടിയ നായർ വനിത’, ‘തമിഴ്‌സ്ത്രീയുടെ ഗാനാലാപനം’, ‘ശകുന്തളയുടെ പ്രേമലേഖനം’ തുടങ്ങിയ ചിത്രങ്ങൾ ഇന്ത്യയിലും വിദേശത്തും നടന്ന വിവിധ കലാപ്രദർശനങ്ങളിൽ സമാനങ്ങൾ നേടി. അദ്ദേഹത്തിന്റെ ‘ശകുന്തളയുടെ പ്രേമലേഖനം’ എന്ന ചിത്രം കണ്ട സർ മോണിയർ വില്യംസ് തന്റെ അഭിജ്ഞാന ശാകുന്തളത്തിന്റെ ഇംഗ്ലീഷ് തർജ്ജമക്ക് മുഖചിത്രമായി ചേർക്കാൻ അനുവാദം തേടി. 1906 ഒക്ടോബർ രണ്ടിന് അദ്ദേഹം അന്തരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here