തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനും സർക്കാർ ഭൂമി സൗജന്യമായി പതിച്ചുനൽകി. കോട്ടയം ജില്ലയിലെ തീക്കോയിയിലാണ് ആകെ 25 ഏക്കർ എസ്എൻഡിപി യൂണിയനും എസ്എൻ ട്രസ്റ്റിനുമായി പതിച്ചു നൽകിയത്. എസ്എൻഡിപി യൂണിയനു 15 ഏക്കറും എസ്എൻ ട്രസ്റ്റിനു 10 ഏക്കർ ഭൂമിയുമാണ് പതിച്ചു നൽകിയത്. 2012 മാർച്ചിലാണ് ഭൂമി പതിച്ചു നൽകിക്കൊണ്ട് ഉത്തരവിറക്കിയത്. വീടുവയ്ക്കാൻ ഭൂമിയില്ലാത്തവർക്ക് ഒരിഞ്ചു ഭൂമി നൽകാൻ സാധിക്കാത്ത സർക്കാരാണ് വെള്ളാപ്പള്ളി നടേശനെ പോലൊരു സമുദായ നേതാവിനെ പ്രീണിപ്പിക്കാൻ സർക്കാർ ഭൂമി സൗജന്യമായി പതിച്ചു നൽകിയത്.

എസ്എൻഡിപി യോഗം മീനച്ചിൽ താലൂക്ക് യൂണിയനാണ് 25 ഏക്കർ ഭൂമി പതിച്ചു നൽകിയത്. കോട്ടയം ജില്ലയിലെ തീക്കോയിയിൽ മുരുകൻമല വില്ലേജിൽ എസ്എൻഡിപി യോഗത്തിന് സാംസ്‌കാരിക കേന്ദ്രം തുടങ്ങാനാണ് 25 ഏക്കർ ഭൂമി പതിച്ചു നൽകിയത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ പീപ്പിൾ ടിവിക്കു ലഭിച്ചു. 2012 മാർച്ചിലാണ് ഈ ഭൂമി പതിച്ചു നൽകിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയത്.

ഈ നൽകിയ 25 ഏക്കറിൽ നിന്നാണ് പിന്നീട് ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ഉത്തരവു ഭേദഗതി ചെയ്ത് 10 ഏക്കർ വെള്ളാപ്പള്ളിയുടെ എസ്എൻ ട്രസ്റ്റിനു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ നൽകിയത്. 2012 സെപ്തംബറിലാണ് ഉത്തരവ് ഭേദഗതി ചെയ്ത് 10 ഏക്കർ വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കാൻ പതിച്ചു നൽകിയത്. ഇതു രണ്ടും പൂർണമായും സൗജന്യമായിട്ടായിരുന്നു ഭൂമി പതിച്ചു നൽകിയത്. എസ്എൻ ട്രസ്റ്റ് എന്നത് വെള്ളാപ്പള്ളി നടേശന്റെ കുടുംബവും അടുത്ത സുഹൃത്തുക്കളും മാത്രം അടങ്ങിയതാണ്.

എന്നാൽ, ഭൂമി നൽകിയതിനെ ന്യായീകരിക്കുകയാണ് തുഷാർ വെള്ളാപ്പള്ളി ചെയ്തത്. എല്ലാ സമുദായക്കാർക്കും നൽകുന്നുണ്ടല്ലോ, അപ്പോൾ ഞങ്ങൾക്കും നൽകുന്നതു കൊണ്ടു എന്താണ് തെറ്റെന്നാണ് തുഷാർ പീപ്പിൾ ടിവിയോടു ചോദിച്ചത്.