നീറ്റിൽ മിടുക്കു കാട്ടിയാൽ സീറ്റുറപ്പ്; നേരിയ മാർക്ക് വ്യത്യാസത്തിൽ മെഡിക്കൽ പഠനം അന്യമാകുമെന്ന പേടി വേണ്ട

കേരളത്തിലെ വിദ്യാർഥികളെ സംബന്ധിച്ച് അത്ര ശുഭകരമായ വാർത്തയല്ല. പ്രതീക്ഷകളോടെ എഴുതിയ മെഡിക്കൽ പ്രവേശനപ്പരീക്ഷ റദ്ദാവുകയും പുതിയ പരീക്ഷയ്ക്കു തയാറെടുക്കേണ്ടിവരികയും ചെയ്യുന്ന അവസ്ഥ. ഭയപ്പാടോ ആശങ്കകളോ ഇല്ലാതെ പുതിയ പരീക്ഷയെ നേരിടുക എന്നതുതന്നെയാണ് വിദ്യാർഥികൾ ചെയ്യേണ്ടത്. കാരണം, വലിയ സാധ്യതകളാണ് ഇതോടെ തുറന്നുവരുന്നത്.

പലർക്കും എന്താണു നീറ്റ് എന്നറിയില്ല. ഓൾ ഇന്ത്യ പ്രീ-മെഡിക്കൽ/പ്രീ- ഡെന്റൽ എൻട്രൻസ് അഥവാ എഐപിഎംടി എന്ന പേരിൽ ദേശീയ തലത്തിൽ നടത്തിയിരുന്ന പ്രവേശന പരീക്ഷയ്ക്ക് പുതിയ ചില ഭേദഗതികൾ വരുത്തി സിബിഎസ്ഇ നടത്തുന്ന മെഡിക്കൽ/ഡെന്റൽ പ്രവേശന പരീക്ഷയാണിത്. കേരളത്തിൽ പ്ലസ്ടു അഡ്മിഷൻ ഏകജാലക സംവിധാനത്തിലൂടെ നടത്തുന്നതു പോലെ. മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ പ്രവേശന സംവിധാനത്തെ ദേശീയതലത്തിൽ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് സുപ്രീം കോടതി നീറ്റിന് അനുമതി നൽകിയത്. അതതു സംസ്ഥാനങ്ങൾ പ്രവേശന പരീക്ഷകൾ നടത്തുന്നത് കൂടാതെ യൂണിവേഴ്‌സിറ്റികൾ അവരുടേതായ പ്രവേശന പരീക്ഷകൾ നടത്തുന്നതു വിദ്യാർത്ഥികൾക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നു. ഇതിനൊരു പരിഹാരമാണ് നീറ്റ്. മുമ്പ് പതിനഞ്ചു ശതമാനം സീറ്റിനായി രണ്ടു ഘട്ടങ്ങളിലായാണ് എഐപിഎംടി നടത്തിയിരുന്നത്. അതുകൊണ്ട് തന്നെ സീറ്റിന്റെ പരിമിതി വിദ്യാർത്ഥികളെ ബാധിച്ചിരുന്നു.

ആന്ധ്രപ്രദേശിലേയും ജമ്മു കശ്മീരിലേയും ഒഴികെ ഇന്ത്യയിലെ എല്ലാ മെഡിക്കൽ സർവകലാശാലകളും പങ്കെടുക്കുന്ന നീറ്റിന്റെ ആദ്യഘട്ടം 2010 മേയ് ഒന്നാം തീയതിയും രണ്ടാം ഘട്ടം ജൂലൈ 24-നും നടക്കും. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ 180 മാർക്കിനുള്ള ഒബ്‌ജെക്ടീവ് മാതൃകചോദ്യങ്ങളുണ്ടാകും. ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ നാലു വിഷയങ്ങളിൽനിന്നും ഓരോ വിഷയത്തിനും 45 വീതം മാർക്കിനുള്ള ചോദ്യങ്ങളായിരിക്കുമുണ്ടാവുക. നെഗറ്റീവ് മാർക്കിനെക്കുറിച്ച് ഇതു വരെ പരാമർശമില്ല. ഹിന്ദിയിലോ ഇംഗ്ലീഷിലോ ചോദ്യക്കടലാസ് തെരഞ്ഞടുക്കാം. പരീക്ഷയുടെ ഫലം ഓഗസ്റ്റ് പതിനേഴു പ്രസിദ്ധീകരിക്കും. യോഗ്യത നേടിയാൽ ഇന്ത്യയിലെവിടെയുമുള്ള കോളജുകളിലും പ്രവേശനം നേടാം.

ഓൾ ഇന്ത്യ എൻട്രൻസ് എന്ന് വിളിപ്പേരുള്ള എഐപിഎംടിയുടെ ഇതുവരെയുള്ള സിലബസ് തന്നെയാണ് ഈ വർഷവും പിന്തുടരുക. മിടുക്കരായ വിദ്യാർത്ഥികൾക്ക് ഉറപ്പായും സീറ്റു ലഭ്യമാക്കുന്നതിന് ഈ പരീക്ഷയിലൂടെ കഴിയും. ഒന്നോ രണ്ടോ മാർക്കിന്റെ വ്യത്യാസത്തിൽ മെഡിക്കൽ കോഴ്‌സുകൾ കിട്ടാതെ പരാമെഡിക്കൽ കോഴ്‌സുകൾ തെരഞ്ഞെടുക്കേണ്ടി വരുന്ന ഗതികേട് ഇതോടെ ഇല്ലാതാകും. അതുപോലെ തന്നെ പാരാമെഡിക്കൽ കോഴ്‌സുകൾ ലക്ഷ്യം വയ്ക്കുന്ന വിദ്യാർത്ഥികൾക്കും അനുയോജ്യമായ കോഴ്‌സുകൾ സീറ്റിന്റെ പരിമിതി ഇല്ലാതെ തിരഞ്ഞെടുക്കാനാകും.

സംശയങ്ങൾക്കും ഊഹാപോഹങ്ങൾക്കും നിൽക്കാതെ. തികഞ്ഞ ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും വൈദ്യശാസ്ത്ര പഠനം ലക്ഷ്യം വയ്ക്കുന്ന വിദ്യാർത്ഥികൾ നീറ്റ് പരീക്ഷ എഴുതുക.. എല്ലാ പഠനമേഖലകൾക്കുമുള്ള യോഗ്യത വിദ്യാർത്ഥികളുടെ ബുദ്ധിസാമർത്ഥ്യവും കഠിനാദ്ധ്വാനവും മാത്രമാണെന്നു മറക്കാതിരിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here