വായനയുടെ വിസ്മയഭരിതമായ ആനന്ദം; വി ജെ ജെയിംസിന്റെ പ്രണയോപനിഷത്ത് കഥാസമാഹാരത്തിന്റെ വായന

ഖ്യാനശൈലിയുടെയും പ്രമേയഭംഗിയുടെയും വ്യതിരിക്തതകളാൽ ശ്രദ്ധേയമായവയാണ് വി.ജെ. ജയിംസിന്റെ രചനകൾ. ഓരോ രചനയും തന്റെ മറ്റു രചനകളിൽനിന്നു വ്യത്യസ്തമാവണമെന്നു കാർക്കശ്യമുള്ള ഒരെഴുത്തുകാരനായാണ് അദ്ദേഹം സാഹിത്യലോകത്ത് അറിയപ്പെടുന്നത്. ആദ്യനോവൽ പുറപ്പാടിന്റെ പുസ്തകത്തിൽ മുതൽ ഏറ്റവും പുതിയനോവൽ നിരീശ്വരനിൽ വരെ പ്രമേയത്തിന്റെ ഈ വൈവിധ്യം അദ്ദേഹം പുലർത്തുന്നു. ഇതേ നിർബന്ധബുദ്ധി കഥകളുടെ പ്രമേയം തിരഞ്ഞെടുക്കുന്നതിൽ വളരെ സൂക്ഷ്മമായി നമുക്ക് തിരിച്ചറിയാനാകുകയും ചെയ്യും. അതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് പ്രണയോപനിഷത്ത് എന്ന കഥാസമാഹാരം.

വോൾഗാ, ദ്രാക്ഷാരസം, പ്രണയോപനിഷത്ത്, വാഷിങ്ടൺ ഡീസി, സമയപുരുഷൻ, ചിത്രസൂത്രം, അനാമിക, അനിയത്തിപ്രാവ്, ഒറ്റവൈക്കോൽ വിപ്ലവം എന്നിങ്ങനെ സമകാലിക മനുഷ്യ ജീവിതത്തിന്റെ ചൂടും ചൂരും നിറഞ്ഞുനിൽക്കുന്ന ഒരു പിടിക്കഥകളാണ് ഈ സമാഹാരത്തിൽ അടങ്ങിയിരിക്കുന്നത്.
ഔദ്യോഗികാർത്ഥം റഷ്യൻമണ്ണിലെത്തുന്ന നായകകഥാപാത്രത്തിന്റെ ജീവിതത്തെ അവിടുത്തെ മദാലസനദിയായ വോൾഗയെപ്പോലെ, അതേ പേരുകാരിയായൊരു ഹോട്ടൽ പരിചാരികയുടെ അദൃശ്യമായ പരിചരണത്തെ തുടർന്ന് കരകവിഞ്ഞൊഴുകാൻ വെമ്പുന്നതാണ് വോൾഗ എന്ന കഥ.

മനുഷ്യമനസ്സുകളുടെ കടിഞ്ഞാണില്ലാത്ത ഗതിവേഗത്തെയാണ് ഈ കഥ രൂപകമാക്കുന്നത്. അതിർവരമ്പുകളില്ലാത്ത സൗഹൃദത്തിനെയാണ് ദ്രാക്ഷാരസം പ്രമേയവത്കരിക്കുന്നതെങ്കിൽ പ്രായപരിമിതികളില്ലാതെ പ്രണയത്തെ ജീവിതത്തിൽ ആവിഷ്‌കരിക്കപ്പെടേണ്ടതിന്റെ സാധ്യതകളാണ് പ്രണയോപനിഷത്ത് അവതരിപ്പിക്കുന്നത്. സ്ത്രീ-പുരുഷ ലിംഗഭേദമെന്ന സമസ്യയെ അപഹസിക്കുന്നതാണ് വാഷിങ്ടൺ ഡീസിയെ ശ്രദ്ധേയമാക്കുന്നത്. സ്ത്രീയുടെ സ്വാതന്ത്ര്യവാഞ്ഛയെ അവളുടെ ഭാഗത്തുനിന്ന് സാംസ്‌കാരികവും ദേശീയവുമായ സത്തകൾക്കപ്പുറത്തേക്ക് കടന്ന് വീക്ഷിക്കുന്നതാണ് ഈ കഥ. നവസാമൂഹികമാധ്യമങ്ങളുടെ അപകടങ്ങളെ അടയാളപ്പെടുത്തുകയാണ് അനാമിക എന്ന ആഖ്യാനം. ചിത്രസൂത്രത്തിൽ ജീവിതത്തിലെ കൈക്കുറ്റപ്പാടുകളിലേക്ക് പൊടുന്നനെ തിരിഞ്ഞുനോക്കേണ്ടി വന്ന ഒരു കലാകാരനെയാണ് വരച്ചിടുന്നത്.

വായനയുടെ രസമുകുളങ്ങളെ ഉദ്ദീപിപ്പിക്കുന്ന ഭാഷയും ആഖ്യാനവും വി.ജെ. ജയിംസിന് സ്വതസിദ്ധമാണ്. ഈ കഥകളിലോരോന്നിലും ഇതു തെളിഞ്ഞു കാണാവുന്നതുമാണ്. പ്രണയോപനിഷത്ത് പ്രണയത്തെപ്പറ്റിമാത്രമല്ല, ജീവിതത്തിൽ വിലപിടിച്ചതായി കരുതുന്ന ചില ദർശനങ്ങളുടെയും പുനർവിചിന്തനത്തിനുള്ള വായനകൂടിയാകുന്നു. കേവലമൊരു വായനയല്ല, വിസ്മയഭരിതമായ ആനന്ദം പകരുന്ന വായന അതാണ് വി.ജെ. ജയിംസിന്റെ പ്രണയോപനിഷത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here