പാസ്‌പോര്‍ട്ട് റദ്ദാക്കിയത് കൊണ്ട് ആരുടെയും പണം കിട്ടാന്‍ പോകുന്നില്ലെന്ന് വിജയ് മല്യ; ഇന്ത്യയിലേക്ക് മടങ്ങാന്‍ ഉദ്ദേശമില്ല

ദില്ലി: പാസ്‌പോര്‍ട്ട് റദ്ദാക്കിയതുകൊണ്ടോ അറസ്റ്റ് ചെയ്തതുകൊണ്ടോ ബാങ്കുകള്‍ക്ക് പണം തിരികെ ലഭിക്കുമെന്ന് കരുതേണ്ടെന്ന് മദ്യരാജാവ് വിജയ് മല്യയുടെ ഭീഷണി. ഇന്ത്യയിലേക്ക് മടങ്ങാന്‍ ഉദ്ദേശമില്ലെന്നും മല്ല്യ ആവര്‍ത്തിച്ചു. മല്യയെ തിരികെയെത്തിക്കാന്‍ ബ്രിട്ടനോട് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് മല്യയുടെ പ്രതികരണം.

വിജയ് മല്യയെ തിരിച്ചെത്തിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയത്തിനും ഇന്ത്യ കത്ത് നല്‍കിയിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് ഇന്ത്യയിലേക്ക് ഇപ്പോള്‍ തിരിച്ചു വരാന്‍ ഉദ്ദേശമില്ലെന്ന് വിജയ് മല്യ വ്യക്തമാക്കിയത്. ബ്രിട്ടീഷ് ദിനപത്രമായ ഫിനാന്‍ഷ്യല്‍ ടൈംസിനു നല്‍കി അഭിമുഖത്തിലാണ് മല്യ നിലപാട് വ്യക്തമാക്കിയത്.

വായ്പാ തുക തിരിച്ചടക്കണമെന്നാണ് തന്റെ ആഗ്രഹം. എന്നാല്‍ ബാങ്കുകള്‍ പറയുന്ന വലിയ തുക തിരിച്ചടക്കാനാവില്ല. തനിക്ക് താങ്ങാന്‍ കഴിയുന്ന തുക ബാങ്കുകള്‍ നിശ്ചയിച്ചാല്‍ സഹകരിക്കാം. പക്ഷേ പാസ്‌പോര്‍ട്ട് റദ്ദ് ചെയ്തതുകൊണ്ടോ അറസ്റ്റ് ചെയ്തതു കൊണ്ടോ ഒരു രൂപ പോലും തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും മല്യ ഭീഷണി മുഴക്കി. ബാങ്കുകളുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെടുന്നതിനു കാരണം ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വമാണെന്നും വ്യവസായ ജീവിതത്തിലെ വേദനയേറിയ അധ്യായം അവസാനിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മല്യ പറഞ്ഞു. സാഹചര്യങ്ങളാണ് തന്നെ ബ്രിട്ടനിലേക്ക് പോകാന്‍ നിര്‍ബന്ധിതമാക്കിയതെന്നും മല്യ കൂട്ടിച്ചേര്‍ത്തു.

ബാങ്കുകളില്‍ നിന്നും 9000 കോടി രൂപ വായ്പ്പയെടുത്ത് തിരിച്ചടക്കാതെ ബ്രിട്ടനിലേക്ക് കടന്ന മല്യയ്‌ക്കെതിരെ ജാമ്യമില്ലാ വാറണ്ട് നിലനില്‍ക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News