888 രൂപയുടെ ഫോൺ വെറും പറ്റിക്കൽ അല്ല;ഫോണിന്റെ ഒറിജിനൽ ഫോട്ടോയും വീഡിയോയും ഓൺലൈനിൽ ഷെയർ ചെയ്തു; ഫോൺ കയ്യിൽ കിട്ടുമ്പോൾ പണം കൊടുത്താൽ മതി

Docoss-X1

888 രൂപയ്ക്ക് സ്മാർട്‌ഫോൺ എന്ന വാഗ്ദാനവുമായി എത്തിയ ഡോകോസ് എക്‌സ് വൺ വെറും പറ്റിക്കൽ അല്ല. ഫോണിന്റെ യഥാർത്ഥ ഫോട്ടോയും സ്‌പെസിഫിക്കേഷൻ വിവരിക്കുന്ന ഹാൻഡ്‌സ് ഓൺ വീഡിയോയും ഓൺലൈനിൽ ഡോകോസ് തന്നെ ഷെയർ ചെയ്തു. ഫോൺ പറ്റിക്കൽ അല്ലെന്നും യഥാർത്ഥമാണെന്നും ആളുകൾക്ക് ബോധ്യം വരുത്തുന്നതിനാണ് കമ്പനിയുടെ ഈ നടപടി. ഫോണിനെ ചുറ്റിപ്പറ്റി ഇതിനകം പുറത്തുവന്ന വിവരങ്ങൾ എല്ലാം ഫോണിന് ഗുണപ്രദമായ കാര്യങ്ങളാണ്. അതുകൊണ്ടു തന്നെ ഓൺലൈനിൽ ഇതിനകം പ്രചരിച്ച വ്യാജനെന്നു തോന്നുന്ന ചിത്രങ്ങൾ മാറ്റാൻ കമ്പനി കിണഞ്ഞു ശ്രമിച്ചു വരികയാണ്.

ഫോണിന്റെ പ്രീബുക്കിംഗ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇന്നുരാത്രി 10 മണി വരെ പ്രീബുക്കിംഗ് വരെ ഫോണിനു ഓർഡർ ചെയ്യാം. ഈവരുന്ന മെയ് രണ്ടിനു തന്നെ ഫോൺ നിങ്ങളുടെ കയ്യിൽ എത്തുകയും ചെയ്യും. പണവും ഫോൺ കയ്യിൽ കിട്ടുമ്പോൾ കൊടുത്താൽ മതി. ഇന്നലെ ഉച്ചയോടെയാണ് ഫോണിന്റെ യഥാർത്ഥ ഇമേജുകളും വീഡിയോയും ട്വിറ്ററിൽ ഡോകോസ് പോസ്റ്റ് ചെയ്തത്. നേരത്തെ ഫേസ്ബുക്കിലും ഫോണിന്റെ അൺബോക്‌സ് ചെയ്യാത്ത ചിത്രവും ഹാൻഡ്‌സ് ഓൺ വീഡിയോയും കമ്പനി പുറത്തിറക്കിയിരുന്നു.

കറുപ്പ് നിറത്തിൽ മാത്രമാണ് ഫോൺ ലഭിക്കുക. ഇയർഫോൺ, എസി അഡാപ്റ്റർ, യുഎസ്ബി ഡാറ്റ കേബിൾ എന്നിവ ഫോണിനോടൊപ്പമുണ്ടാകും. വാട്‌സ്ആപ്പ് അടക്കം ചില ആപ്ലിക്കേഷനുകൾ കാലേകൂട്ടി ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുമുണ്ട്. നാലിഞ്ച് ഐപിഎസ് ഡിസ്‌പ്ലേയാണു ഫോണിലുണ്ടാവുക. 1.3 ജിഗാഹെർട്‌സിന്റെ ഡുവൽ കോർ കോർടെക്‌സ് എ7 ചിപ് സെറ്റ് പ്രൊസസർ, 1ജിബി റാം, 4 ജിബി ഇന്റേണൽ മെമ്മറി എന്നിവയാണ് ഫോണിലുണ്ടാവുക. ശേഖരണശേഷി 32 ജിബി വരെ വർധിപ്പിക്കാനാവും. 3ജി കണക്ടിവിറ്റിയുള്ള ഡുവൽ സിംഫോണാണിത്. രണ്ടു മെഗാപിക്‌സലിന്റെ പ്രധാനകാമറയും .3 മെഗാപിക്‌സലിന്റെ വിജിഎ മുൻ കാമറയുമാണ് ഫോണിലുണ്ടാവുക. ആൻഡ്രോയിഡ് 4.4 കിറ്റ്കാറ്റായിരിക്കും ഓപ്പറേറ്റിംഗ് സിസ്റ്റം.

http://www.docoss.com/book.php എന്ന വെബ്‌സൈറ്റിൽ ഫോൺ ബുക്ക് ചെയ്യാം. ബുക്കിംഗ് പൂർത്തിയായാൽ എസ്എംഎസായി സന്ദേശം ലഭിക്കും. 251 രൂപയ്ക്കു സ്മാർട്‌ഫോൺ എന്ന പ്രഖ്യാപനവുമായെത്തിയ ഫ്രീഡം ഫോൺ തട്ടിപ്പായിരുന്നെന്ന പ്രചാരണത്തിന് ഉത്തരം കിട്ടാതിരിക്കേയാണ് കുറഞ്ഞവിലയിൽ സ്മാർട്‌ഫോൺ വാഗ്ദാനം ചെയ്തു മറ്റൊരു ഇന്ത്യൻ കമ്പനിയെത്തുന്നത്. ഇതിനാൽതന്നെ പലരും ഡോക്കോസിനെക്കുറിച്ച് അറിഞ്ഞിരുന്നെങ്കിലും ബുക്ക് ചെയ്യാൻ മടിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News