സംസ്ഥാനത്ത് അപ്രഖ്യാപിത പവര്‍കട്ടിന് നീക്കം; വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോഡില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോഡില്‍ എത്തി. 80.34 മില്യന്‍ യൂണിറ്റ് വൈദ്യുതിയാണ് ബുധനാഴ്ച മാത്രം ഉപയോഗിച്ചത്. 78.62 മില്യന്‍ യൂണിറ്റ് ഉപഭോഗം എന്ന ചൊവ്വാഴ്ചത്തെ റെക്കോഡാണ് മറികടന്നത്. പുലര്‍ച്ചെയും വൈകുന്നേരവുമുള്ള ഉപയോഗവും റെക്കോഡ് തിരുത്തി. വൈദ്യുതി ഉപഭോഗം കൂടിയതോടെ വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കാന്‍ ബോര്‍ഡ് നിര്‍ബന്ധിതരായി. 27.68 മില്യന്‍ യൂണിറ്റ് വൈദ്യുതി അധികം ഉത്പാദിപ്പിച്ചപ്പോള്‍ 52.66 മില്യന്‍ യൂണിറ്റ് വൈദ്യുതി പുറത്തു നിന്നും വാങ്ങി. വരും ദിവസങ്ങളിലും ഉപയോഗം കുത്തനെ വര്‍ധിക്കുമെന്നാണ് ബോര്‍ഡ് വിലയിരുത്തല്‍.

ഉപയോഗം വര്‍ധിച്ചെങ്കിലും ഇനിയും ഉത്പാദനം വര്‍ധിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ന്ിലവിലുള്ളത്. മഴ മാറി നില്‍ക്കുന്നതിനൊപ്പം നീരൊഴുക്കുകള്‍ നിലച്ചു. ഇതോടെ ഡാമുകള്‍ വറ്റി വരണ്ടു. ഇടുക്കി, പമ്പ, കക്കി, ഷോളയാര്‍, ഇടമലയാര്‍, കുണ്ടള, മാട്ടുപ്പെട്ടി തുടങ്ങി ഗ്രൂപ്പ് ഒന്നിലെ ഡാമുകളിലെ ആകെ ജല നിരപ്പ് സംഭരണ ശേഷിയുടെ 30% മാത്രമാണ്. മാട്ടുപ്പെട്ടി, കക്കി ഡാമുകളിലെ ജലം ഉപയോഗിക്കാതിരുന്നിട്ടു കൂടിയാണ് ഈ സ്ഥിതി. ആകെ 1100 മില്യന്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലം മാത്രമാണ് ഇവിടെയുള്ളത്. കുറ്റ്യാടി, തരിയോട്, ആനയിറങ്കല്‍, പൊന്മുടി തുടങ്ങിയ ഗ്രൂപ്പ് രണ്ടിലെ ഡാമുകളിലെ ജല നിരപ്പ് ആശങ്കാജനകമാണ്. സംഭരണ ശേഷിയുടെ 22% മാത്രമാണ് ഇവിടങ്ങളില്‍ ജലനിരപ്പ്. 95.45 മില്യന്‍ യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള ജലം മാത്രമാണ് ഇവിടെ ശേഷിക്കുന്നത്.

ഗ്രൂപ്പ് മൂന്നില്‍പ്പെടുന്ന നേര്യമംഗലം, പെരിങ്ങല്‍, ചെങ്കുളം, ലോവര്‍ പെരിയാര്‍, കക്കാട് ഡാമുകളിലെ ജല നിരപ്പ് സംഭരണ ശേഷിയുടെ 42 % മാത്രമാണ്്. 7.32 മില്യന്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്നത്ര മാത്രം ജലം. വൈദ്യുതി ബോര്‍ഡിന്റെ മുഴുവന്‍ ഡാമുകളുടെയും ആകെ ജലനിരപ്പ് സംഭരണ ശേഷിയുടെ 29% മാത്രമാണ്. 4140.25 മില്യന്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലം ശേഖരിക്കാന്‍ കഴിയുന്ന ഡാമുകളില്‍ ശേഷിക്കുന്ന വെള്ളം കൊണ്ടു പരമാവധി 1203.73 മില്യന്‍ യൂണിറ്റ് വൈദ്യുതി മാത്രമെ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുകയുള്ളൂ. വരും ദിവസങ്ങളില്‍ ഉപയോഗം വീണ്ടും വര്‍ധിക്കുന്നതോടെ ഉത്പാദനവും വര്‍ധിപ്പിക്കേണ്ടി വരും.

എന്നാല്‍ ഉത്പാദനം വര്‍ധിപ്പിച്ചാല്‍ ജല നിരപ്പ് ക്രമാതീതമായി താഴും. ഈ സാഹചര്യത്തില്‍ പുറത്തു നിന്നും കൂടുതല്‍ വൈദ്യുതി എത്തിക്കേണ്ടി വരും. ഇതിനാകട്ടെ വന്‍ തുക നല്‍കണം. ഉപയോക്താക്കള്‍ക്ക് കനത്ത ബാധ്യതയാകുന്ന തീരുമാനമാകും ഇതുവഴിയുണ്ടാവുക. സര്‍ ചാര്‍ജിനത്തില്‍ അടുത്ത വര്‍ഷം കൂടുതല്‍ പണം നല്‍കേണ്ടി വരും. സംസ്ഥാനത്തിനു പുറത്തു നിന്നും വൈദ്യുതി എത്തിക്കാതിരുന്നാല്‍ പവര്‍ക്കട്ടും ലോഡ്‌ഷെഡിങും ഏര്‍പ്പെടുത്തേണ്ടി വരും. തെരഞ്ഞെടുപ്പു കാലമായതിനാല്‍ ലോഡ് ഷെഡിങിന് സര്‍ക്കാര്‍ അനുമതി നല്‍കില്ല. അതുകൊണ്ടു തന്നെ പകലും രാത്രിയും ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന സമയങ്ങളില്‍ അപ്രഖ്യാപിത പവര്‍ക്കട്ടിന് വൈദ്യുതി ബോര്‍ഡ് നിര്‍ബന്ധിതമാകുമെന്നും മെട്രോ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News