പ്രിന്‍സ് മരിച്ചത് എയ്ഡ്‌സ് ബാധിച്ച്? രോഗം ദൈവം സുഖപ്പെടുത്തുമെന്ന് വിശ്വസിച്ച് ചികിത്സയ്ക്ക് തയ്യാറായിരുന്നില്ല

ന്യൂയോര്‍ക്ക്: അന്തരിച്ച പ്രശസ്ത പോപ് ഗായകന്‍ പ്രിന്‍സ് എയ്ഡ്‌സ് ബാധിതനായിരുവെന്ന് അന്തര്‍ദേശീയ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്. എയ്ഡ്‌സ് ബാധിതനായിരുന്ന പ്രിന്‍സ് രോഗം ദൈവം സുഖപ്പെടുത്തുമെന്ന് വിശ്വസിച്ച് ചികിത്സയ്ക്ക് തയ്യാറായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

പ്രിന്‍സ് വേദനാസംഹാരിക്ക് അടിമപ്പെട്ടിരുന്നതായും മരണസമയത്ത് പോലും വേദന സംഹാരി ഉപയോഗിച്ചിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പ്രിന്‍സിന്റെ മരണം ആത്മഹത്യയാണോ സ്വാഭാവിക മരണമാണോ എന്ന സംശയം നില നില്‍ക്കവെയാണ് പേരു വെളിപ്പെടുത്താത്ത ലോ എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. കടുത്ത ‘യഹോവ സാക്ഷി’ വിശ്വാസി കൂടിയായിരുന്ന പ്രിന്‍സ് പ്രാര്‍ത്ഥന മാത്രമാണ് രോഗം ഭേദമാകാനുള്ള ഏകവഴിയെന്ന് വിശ്വസിച്ചിരുന്നു.

1990കളില്‍ തന്നെ പ്രിന്‍സ് എച്ച്‌ഐവി ബാധിതനാണെന്ന് തിരിച്ചറിഞ്ഞിരുന്നെന്നും എന്നാല്‍ കാര്യങ്ങള്‍ മോശമായത് കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആറു മാസം മുമ്പാണ് പ്രിന്‍സിന് രോഗം മുര്‍ച്ഛിക്കുന്ന അവസ്ഥയില്‍ എത്തിയത്. ശരീരത്തിന്റെ തൂക്കം കുറഞ്ഞ് മരിക്കുമ്പോള്‍ വെറും 36 കിലോ മാത്രമായി കുറഞ്ഞു. 57കാരനായിരുന്ന പ്രിന്‍സിന്റെ രക്തത്തിലെ കൗണ്ട് കുറഞ്ഞപോയതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. താപനില ക്രമാനുഗതമായി താഴുകയും ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞെന്നും റിപ്പോര്‍ട്ട് പുറത്തുവിട്ട നാഷണല്‍ എന്‍ക്വയറര്‍ പറയുന്നു.

വേദനാസംഹാരിയുടെ അമിതമായ ഉപയോഗമാണ് പെട്ടെന്നുള്ള മരണത്തിന് കാരണമായതെന്നും മരിക്കുമ്പോള്‍ പോലും ഇവ ഉപയോഗിച്ചിരുന്നെന്നും പറയുന്നു. വേദനാസംഹാരിയുടെ അമിതമായ ഉപയോഗമായിരുന്നു മരണകാരണമെന്നായിരുന്നു പ്രിന്‍സിന്റെ മരണവുമായി ബന്ധപ്പെട്ട് ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹത്തിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടില്ല.

പ്രിന്‍സ് റോജര്‍ നെല്‍സണ്‍ എന്നാണ് പ്രിന്‍സ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ട സംഗീതജ്ഞന്റെ മുഴുവന്‍ പേര്. ഗായകന്‍, ഗാനരചയിതാവ്, നടന്‍, ഉപകരണ സംഗീതജ്ഞന്‍, സംവിധായകന്‍, റെക്കോര്‍ഡ് പ്രൊഡ്യൂസര്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് പ്രിന്‍സ്. മൂന്ന് പതിറ്റാണ്ടില്‍ അധികമായി പോപ്, റോക് ഉള്‍പ്പടെയുള്ള പാശ്ചാത്യ സംഗീത രംഗത്ത് നിറഞ്ഞു നിന്നു. വാര്‍ണര്‍ ബ്രോസ്, പെയ്‌സ് ലി പാര്‍ക്, എന്‍പിജി, അരിസ്റ്റ യൂണിവേഴ്‌സല്‍ എന്നിവയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചു.

പര്‍പ്പിള്‍ റെയ്ന്‍ എന്ന സംഗീത ആല്‍ബത്തിന് 1984ല്‍ പ്രിന്‍സിന് ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചു. 7 ഗ്രാമി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഒരു ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും ലഭിച്ചു. 15ലധികം സംഗീത ആല്‍ബങ്ങളും പ്രിന്‍സ് രചിച്ചു. 2004ല്‍ റോക്ന്‍ റോള്‍ ഹാള്‍ ഓഫ് ഫെയിം ആയി ആദരിക്കപ്പെട്ടു. നിരവധി വിദേശ രാജ്യങ്ങളിലും പ്രിന്‍സ് സംഗീത ആല്‍ബങ്ങള്‍ അവതരിപ്പിച്ചു. 20ഓളം സ്റ്റുഡിയോ ആല്‍ബങ്ങളും നാല് തത്സമയ ആല്‍ബങ്ങളും ഉള്‍പ്പടെ നിരവധി ആല്‍ബങ്ങള്‍ പ്രിന്‍സിന്റേതായുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News