അബുദാബിയില്‍ അറസ്റ്റിലായ നടന്‍ ജിനു ജോസഫിനെ വിട്ടയച്ചു; പിന്തുണച്ചവര്‍ക്ക് നന്ദി രേഖപ്പെടുത്തി താരം

തിരുവനന്തപുരം: അബുദാബി വിമാനത്താവളത്തില്‍ അറസ്റ്റിലായ നടന്‍ ജിനു ജോസഫ് വിട്ടയച്ചു. ജിനു തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചത്. ന്യൂയോര്‍ക്കില്‍ നിന്ന് അബുദാബിയിലേക്ക് ഇത്തിഹാദ് വിമാനത്തില്‍ യാത്ര ചെയ്യേണ്ടി വന്ന ജിനു ജോസഫിന് നേരെ വിമാന ജീവനക്കാരുടെ ഭീഷണിയും കയ്യേറശ്രമവും നടന്നിരുന്നു. ഇതിന് പിന്നാലെയാണ് വിമാനം അബുദാബിയിലെത്തിയപ്പോള്‍ അറസ്റ്റ് നടന്നത്. മൂന്നു മണിക്കൂറുകള്‍ക്ക് ശേഷമാണ് ജിനുവിനെ പൊലീസ് മോചിപ്പിച്ചത്. ‘ഞാന്‍ പുറത്തിറങ്ങി, എല്ലാം നല്ലപോലെ അവസാനിച്ചു. എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി’ ജിനു പറഞ്ഞു.

ഫേസ്ബുക്കിലൂടെയാണ് ജിനു തനിക്ക് വിമാനജീവനക്കാരില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ പങ്കുവച്ചത്.

സംഭവത്തെക്കുറിച്ച് ജിനു പറയുന്നതിങ്ങനെ: ‘ന്യൂയോര്‍ക്കില്‍ നിന്ന് അബുദാബിയിലേക്കുള്ള യാത്രയിലായിരുന്നു ഞാന്‍. ഉറക്കം വന്നപ്പോള്‍ സീറ്റിന് മുന്നിലുള്ള ടിവി സ്‌ക്രീന്‍ ഓഫ് ചെയ്യാന്‍ നോക്കി, എന്നാല്‍ സാധിച്ചില്ല. ജീവനക്കാരനോട് കാര്യം പറഞ്ഞു. അയാള്‍ ഒരു പുതപ്പുമായിട്ടാണ് വന്നത്. ടിവി പുതപ്പുകൊണ്ട് മൂടാനാണ് അയാള്‍ വന്നത്. അത് ബിസിനസ് ക്ലാസ് ആയിരുന്നു, ഓര്‍ക്കണം. ഇങ്ങനെയാണ് നിങ്ങളുടെ പ്രതികരണമെങ്കില്‍ ഞാന്‍ ഇത് വീഡിയോയില്‍ പകര്‍ത്തുമെന്ന് ഞാന്‍ അവരോട് പറഞ്ഞു. എന്റെ ഫോണ്‍ തട്ടിപ്പറിച്ച് അയാള്‍ ഭീഷണി മുഴക്കി, അബുദാബിയില്‍ എത്തുമ്പോള്‍ എന്നെ അറസ്റ്റ് ചെയ്യുമെന്ന്. പിറകെ ഒരു ജീവനക്കാരിയുമെത്തി ഇതേ ഭീഷണി മുഴക്കി. ഒരു ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യണമെങ്കില്‍ എന്തൊക്കെയാണ് സഹിക്കേണ്ടത്? ജീവനക്കാരുടെ കഴിവില്ലായ്മയ്ക്ക് ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്യുകയാണോ വേണ്ടത്? എന്തെങ്കിലും സാങ്കേതിക പ്രശ്‌നമുണ്ടെങ്കില്‍ പറഞ്ഞാല്‍ മനസിലാകും. അതിനുപകരം ഭീഷണിപ്പെടുത്തുകയല്ല വേണ്ടത്. എന്താണ് ഞാന്‍ ചെയ്ത കുറ്റം? നേരത്തെ കുറച്ച് വെള്ളം ചോദിച്ചിട്ടു പോലും ലഭിച്ചില്ല. പിന്നീട് മണിക്കൂറുകള്‍ കഴിഞ്ഞ് പ്രതികരണമൊന്നും കാണാത്തതിനാല്‍ എനിക്ക് സര്‍വ്വീസ് ഏരിയയിലേക്ക് ചെല്ലേണ്ടിവന്നു. ‘ ജിനു പറയുന്നു. വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചത് കൊണ്ടാണ് ജിനുവിനെ വിമാനജീവനക്കാരുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

>Also Read

>>> നടന്‍ ജിനു ജോസഫ് അബുദാബിയില്‍ അറസ്റ്റില്‍

>>> നടന്‍ ജിനുവിന് നേരെ ഇത്തിഹാദ് വിമാനത്തില്‍ ജീവനക്കാരുടെ കയ്യേറ്റശ്രമം

സംഭവങ്ങളുടെ വീഡിയോയും ജിനു ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. റാണി പത്മിനി, ഇയോബിന്റെ പുസ്തകം, നോര്‍ത്ത് 24 കാതം, നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി, ഉസ്താദ് ഹോട്ടല്‍, ചാപ്പ കുരിശ്, അന്‍വര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ജിനു ജോസഫ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News