പാലക്കാട്: കൊടുംവേനലില്‍ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോള്‍ പെപ്‌സി ഉള്‍പ്പടെയുള്ള കുത്തക ശീതളപാനീയ കമ്പനികള്‍ ഊറ്റിയെടുക്കുന്നത് ലക്ഷകണക്കിന് ലിറ്റര്‍ ഭൂഗര്‍ഭജലം. പെപ്‌സികോ, യുണൈറ്റഡ് ബ്രീവറീസ്, അമൃത് ഡിസ്റ്റലറീസ്, യുണൈറ്റഡ് സ്പിരിറ്റ്‌സ്, എംപി ഡിസ്റ്റലറീസ് തുടങ്ങിയ സ്ഥാപനങ്ങളാണ് ജലചൂഷണത്തില്‍ മുന്നില്‍. കഞ്ചിക്കോട്ട് നിന്ന് മാത്രം ലക്ഷക്കണക്കിന് ലിറ്റര്‍ ഭൂഗര്‍ഭജലമാണ് ദിവസംതോറും ഊറ്റിയെടുക്കുന്നത്. മൂന്ന് പതിറ്റാണ്ടിനിടെ ഏറ്റവും വലിയ വേനല്‍ നേരിടുന്ന പാലക്കാട്ടെ ഭൂഗര്‍ഭ ജലചൂഷണത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. പകല്‍ച്ചൂട് 41.9 ഡിഗ്രിയിലേക്ക് ഉയര്‍ന്നിരിക്കെ ജലാശങ്ങള്‍ വറ്റി വരണ്ടതോടെ കുടിവെള്ളത്തിനായി ടാങ്കറുകളെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ് പാലക്കാട്ടുകാര്‍.
ഹൈക്കോടതി നിര്‍ദേശ പ്രകാരമുള്ള വിദഗ്ദ്ധ സമിതിയില്‍ നിന്നുള്ള വിവരം അനുസരിച്ച് ദിനംപ്രതി ആറു ലക്ഷത്തോളം ലിറ്റര്‍ വെള്ളം കമ്പനികള്‍ കൊണ്ടുപോകുന്നതായിട്ടാണ് വിവരം. നിയമസഭാ സബ്ജക്ട് കമ്മറ്റിയും ഹൈക്കോടതിയും നിര്‍ദേശിച്ച സൂപ്പര്‍വൈസറി കണ്‍ട്രോള്‍ ആന്റ് ഡേറ്റാ അക്വിസിഷന്റെ കണക്കുകള്‍ അനുസരിച്ച് പ്രതിദിനം 5.76 ലക്ഷം ലിറ്റര്‍ കുടിവെള്ളമാണ് ജനുവരിയില്‍ പെപ്‌സി ഊറ്റിയെടുത്തത്. ഫെബ്രുവരിയില്‍ 5.25 ലക്ഷം ലിറ്റര്‍ ജലം ഊറ്റിയെടുത്തു. വേനല്‍ അടുത്ത മാര്‍ച്ചില്‍ 5.97 ലക്ഷം ലിറ്റര്‍ ഭൂഗര്‍ഭജലമാണ് പെപ്‌സി ഊറ്റിയതെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
മലമ്പുഴ ജലസംഭരണി വഴി പാലക്കാട് മുനിസിപ്പാലിറ്റിയിലെ ആറ് പഞ്ചായത്തുകളില്‍ വെള്ളം നല്‍കുന്ന സംവിധാനവും വരള്‍ച്ചയെ അഭിമുഖീകരിക്കുകയാണ്. എന്നിരുന്നാലും ബ്രേവറി യൂണിറ്റുകള്‍ക്ക് വെള്ളം നല്‍കുന്നത് നിര്‍ത്തിയിട്ടില്ല. മാസംതോറും ഏഴ് ലക്ഷം രൂപ വരുമാനമുള്ള ഇത്തരം യൂണിറ്റുകള്‍ക്ക് മാസം 15000 മുതല്‍ 17000 കിലോലിറ്റര്‍ വെള്ളം വരെ മലമ്പുഴ ഡാമില്‍ നിന്നും നല്‍കുന്നതായും ആക്ഷേപമുണ്ട്.
കുടിവെള്ളത്തിനായി ടാങ്കര്‍ലോറിയെ ഏറെ ആശ്രയിക്കുന്ന കഞ്ചിക്കോടിന് സമീപത്തെ അട്ടപ്പാളം, പികെ ചല്ല, ചുള്ളിമട, വാളയാര്‍, വടകരപ്പാതി, ചെമ്പന, കാവ എന്നിവിടങ്ങളാണ് കൂടുതല്‍ കുടിവെള്ള പ്രതിസന്ധി നേരിടുന്നത്. 12 ഇഞ്ച് വ്യാസമുള്ള ഏഴ് കുഴല്‍കിണര്‍ വഴിയാണ് പെപ്‌സി യൂണിറ്റ് ജലം ഊറ്റുന്നത്. ഇവയില്‍ ആറാമത്തെയും ഏഴാമത്തെയും കുഴല്‍ക്കിണര്‍ അനുവദനീയമായതിലും ആഴത്തിലുള്ളതാണ് എന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. പല ട്യൂബുകളിലായി പെപ്‌സി ഊറ്റുന്ന ഭൂഗര്‍ഭജലത്തിന്റെ പരിധി ദിനംപ്രതി 2.34 ലക്ഷം ലിറ്ററാക്കി നിയന്ത്രിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
ഈ ആവശ്യം ഉന്നയിച്ച് നാട്ടുകാരുടെ കൂട്ടായ്മയായ ജനജാഗ്രത രംഗത്ത് വന്നു. എട്ടു കുപ്പിവെള്ള കമ്പനികളുടേയും പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജനജാഗ്രതാ യോഗം ആവശ്യപ്പെട്ടു. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ഇഷ്ടികചൂളകളും നിരവധി പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. ഇതിനെതിരെ എത്രയും വേഗം നടപടിയെടുക്കണമെന്ന് യോഗം ആവശ്യപെട്ടു. 44 നദികളുള്ള കേരളത്തില്‍ ജലചൂഷണം മൂലം നദികള്‍ തോടുകളാവുന്ന സ്ഥിതിയാണ്. ഇത് പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ തന്നെ പ്രതികൂലമായി ബാധിക്കുന്നു എന്ന് ഭൗമശാസ്ത്രജ്ഞര്‍ ചൂണ്ടികാണിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here