നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്; പിൻവലിക്കൽ മെയ് 2 വരെ; പ്രചാരണം മൂന്നാംഘട്ടത്തിലേക്ക്; യെച്ചുരി അടക്കം ദേശീയ നേതാക്കളെത്തും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സമർപിക്കപ്പെട്ട നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്നു ആരംഭിക്കും. മറ്റന്നാൾ, മെയ് 2 തിങ്കളാഴ്ച വരെ നാമനിർദേശ പത്രിക പിൻവലിക്കാൻ സാവകാശമുണ്ട്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്കാണ് പത്രിക പിൻവലിക്കാനുള്ള അവസാന സമയം. അതുകഴിയുന്നതോടെ തെരഞ്ഞെടുപ്പ് ചിത്രം പൂർണമാകും. മെയ് രണ്ടിനു തന്നെയാണ് സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിക്കുന്നതും. സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് ഇതുവരെ ചിഹ്നം അനുവദിച്ചിട്ടില്ല. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം മാത്രമേ ചിഹ്നം അനുവദിക്കാറുള്ളു.

സംസ്ഥാനത്ത് ആകെ 1,647 നാമനിർദ്ദേശ പത്രികകകളാണ് സമർപ്പിക്കപ്പെട്ടത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ പത്രിക ലഭിച്ചത്. 204 എണ്ണം. ഏറ്റവും കുറവ് നിയമസഭാ മണ്ഡലങ്ങളുള്ള വയനാട്ടിലാണ് ഏറ്റവും കുറച്ച് സ്ഥാനാർത്ഥികളും ജനവിധി തേടുന്നത്. മൂന്ന് മണ്ഡലങ്ങളിലായി 41 പത്രികകളാണ് ലഭിച്ചത്.

അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണം മൂന്നാംഘട്ടത്തിലേക്ക് കടക്കുകയാണ്. ദേശീയ നേതാക്കളെ രംഗത്തിറക്കാനാണ് മുന്നണികളുടെ ശ്രമം. സിപിഐഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചുരി ഇന്നു കേരളത്തിലെത്തും. എറണാകുളം ജില്ലയിലെ 3 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗങ്ങളിൽ പ്രസംഗിക്കും. പറവൂർ, ചെറായി, വൈറ്റില എന്നിവിടങ്ങളിലാണ് യെച്ചുരി പ്രസംഗിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here