ബംഗാളിൽ ഇന്നു അഞ്ചാംഘട്ട വിധിയെഴുത്ത്; 3 ജില്ലകളിലായി 53 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്; അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷ

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭയിലേക്കുള്ള അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. മൂന്ന് ജില്ലകളിലെ 53 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മുൻ ഘട്ടങ്ങളിലുണ്ടായ വ്യാപക അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ സുരക്ഷാസേനയെയും തെരഞ്ഞെടുപ്പ് നിരീക്ഷകരെയും വിന്യസിച്ചിട്ടുണ്ട്. പോളിംഗ് നടക്കുന്ന മണ്ഡലങ്ങളിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. മുഖ്യമന്ത്ര മമത ബാനർജി അടക്കം നിരവധി പ്രമുഖർ ഈ ഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്.

സൗത്ത് 24 പർഗാനയിലെ 31 ഉം ഹൂഗ്ലിയിലെ 18 ഉം ദക്ഷിണ കൊൽക്കത്തയിലെ 4 മണ്ഡലങ്ങളിലുമാണ് അഞ്ചാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. 43 വനിതകൾ ഉൾപ്പെടെ 349 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. 14,500 പോളിംഗ് ബൂത്തുകളിലായി ഒരു കോടി 24 ലക്ഷം വോട്ടർമാർ സമ്മതിദാനവകാശം വിനിയോഗിക്കും. മുഖ്യമന്ത്രി മമതാ ബാനർജി വീണ്ടും ജനവിധി തേടുന്ന ഭവാനിപ്പൂർ മണ്ഡലമാണ് അഞ്ചാംഘട്ടത്തിലെ ശ്രദ്ധാകേന്ദ്രം. മമതയ്‌ക്കെതിരെ നേതാജി സൂഭാഷ്ചന്ദ്ര ബോസിന്റെ കുടുംബത്തിലെ ഇളമുറക്കാരനായ ചന്ദ്രകുമാർ ബോസിനെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. ദീപ ദാസ് മുൻഷിയാണ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി.

ഒരു ഡസനിലധികം പ്രമുഖ സ്ഥാനാർത്ഥികളും ഈ ഘട്ടത്തിൽ മത്സരരംഗത്തുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സുജൻ ചക്രബർത്തി, റോബിൻദേവ്, തൃണമൂലിനു വേണ്ടി സംസ്ഥാന മന്ത്രിമാരായ അരൂപ് വിശ്വാസ്, മനീഷ് ഗുപ്ത തുടങ്ങിയ പ്രമുഖരും ജനവിധി തേടുന്നു. കൈക്കൂലി വാങ്ങുന്നതിനിടെ നാരദ ഒളികാമറയിൽ കുടുങ്ങിയ തൃണമൂൽ നേതാക്കളായ സുബ്രതാ മുഖർജി, ഫിർഹാദ് ഹക്കീം , സോവൻ ചാറ്റർജി തുടങ്ങിയവരും മത്സരരംഗത്തുണ്ട്. അർധസൈനികരും സംസ്ഥാന പോലീസും ഉൾപ്പടെ 90,000 ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്. 1467 ബൂത്തുകൾ അതീവ പ്രശ്‌ന സാധ്യത ബൂത്തുകളായി കണ്ടെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News