106 കോടി പിഴയടക്കാനുള്ളപ്പോൾ നെയ്മർ ചെയ്തത് എന്താണെന്നറിയണ്ടേ; 59 കോടി മുതൽ മുടക്കിൽ സ്വന്തമായി വിമാനം വാങ്ങി

റിയോ ഡി ജനീറോ: 106 കോടി രൂപയിൽ അധികം അഥവാ 16 ദശലക്ഷം ഡോളർ നികുതി കുടിശ്ശികയായി അടയ്ക്കാനുള്ളപ്പോൾ നെയ്മർ സ്വന്തമായി വാങ്ങിയത് ഒരു വിമാനം. 59 കോടി രൂപയിൽ അധികം വിലകൊടുത്താണ് ജെറ്റ് വാങ്ങിയത്. അതായത് 9.1 ദശലക്ഷം ഡോളർ ചെലവഴിച്ച്. പണയക്കരാർ പ്രകാരമാണ് നെയ്മർ വിമാനം വാങ്ങിയത്. അന്താരാഷ്ട്ര മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. സെസ്‌ന 680 എന്ന മധ്യനിര വിമാനമാണ് വാങ്ങിയിട്ടുള്ളത്. ഒരേസമയം 12 പേർക്ക് ഇതിൽ യാത്ര ചെയ്യാം.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നികുതി വെട്ടിപ്പ് നടത്തിയെന്നു കണ്ടെത്തിയതിനെ തുടർന്ന് നെയ്മറുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ബ്രസീലിലെ ഫെഡറൽ കോടതി ഉത്തരവിട്ടിരുന്നു. നെയ്മർ 106 കോടി രൂപയിൽ അധികം നികുതി കുടിശ്ശികയായി അടയ്ക്കാനുണ്ടെന്നു ബ്രസീലിയൻ അധികൃതർ കണ്ടെത്തിയിരുന്നു. 2011 മുതൽ 2013 വരെയുള്ള സാമ്പത്തിക വർഷത്തെ കണക്കുകളാണിത്. സാന്റോസിൽ നിന്ന് ബാഴ്‌സലോണയിലേക്കുള്ള നെയ്മറുടെ കൂടുമാറ്റം വൻ തുകയ്ക്കായിരുന്നു.

ഇതേതുടർന്നാണ് നെയ്മർക്കെതിരെ നികുതി വെട്ടിപ്പിനു കേസ് വന്നത്. നെയ്മർക്ക് ഉപയോഗിക്കാൻ പറ്റുന്ന എന്നാൽ, വിൽക്കാനാകാത്ത സ്വത്തുക്കൾ എന്നു പറയുന്നത് 3.8 ദശലക്ഷം ഡോളർ വിലവരുന്ന ഹെലികോപ്ടറും ഒരു യാട്ടും മറ്റൊരു വിമാനവുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here