ദാദാ സാഹെബ് ഫാൽക്കെയുടെ 146-ാം ജൻമവാർഷികം

ചലച്ചിത്രനിർമ്മാതാവ്, സംവിധായകൻ, തിരക്കഥാകൃത്ത് തുടങ്ങി ബഹുമുഖ പ്രതിഭയായിരുന്ന ദാദസാഹെബ് ഫാൽക്കെയുടെ ജൻമവാർഷിക ദിനമാണ് ഇന്ന്. ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെ എന്ന ദാദാ സാഹെബ് ഫാൽക്കെ ഇന്ത്യൻ ചലച്ചിത്ര പ്രസ്ഥാനത്തിന്റെ പിതാവായി ഗണിക്കപ്പെടുന്ന ചലച്ചിത്രപ്രതിഭയാണ്. 1870 ഏപ്രിൽ 30 ന് മഹാരാഷ്ട്രയിലെ ഒരു പുരോഹിത കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. ഇന്ത്യയിലെ ആദ്യത്തെ മുഴുനീള ഫീച്ചർ ചലച്ചിത്രമായി കണക്കാക്കുന്ന രാജാ ഹരിശ്ചന്ദ്രയുടെ സംവിധായകനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ആദ്യത്തെ സംരംഭവും അതുതന്നെ.

ജെജെ. സ്‌കൂൾ ഒഫ് ആർട്‌സിലും ബറോഡയിലെ കലാഭവനിലുമായിട്ടായിരുന്നു പഠനം. പിന്നീട് ആർക്കിടെക്ചറും അഭ്യസിച്ചു. പെയിന്റിംഗിലും നാടകാഭിനയത്തിലും മാജിക്കിലും അദ്ദേഹത്തിനു താത്പര്യമുണ്ടായിരുന്നു. അച്ചടിശാല തുടങ്ങിയ ഫാൽക്കെ പതുക്കെ സിനിമയിലേക്കു തിരിയുകയായിരുന്നു. 100-ൽ അധികം ചിത്രങ്ങൾ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ സ്ഥാപിച്ചതും ഇദ്ദേഹമാണ്.
95 സിനിമകളും 26 ചെറുചിത്രങ്ങളും 19 വർഷക്കാലത്തെ തന്റെ സിനിമാ ജീവിതത്തിനിടയിൽ ഫാൽക്കെ സംഭാവന ചെയ്തു. മോഹിനി ഭസ്മാസുർ (1913), സത്യവാൻ സാവിത്രി (1914), ലങ്കാദഹൻ (1917), ശ്രീകൃഷ്ണ ജനം (1918), കാളിയമർദൻ (1919) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ.

ദാദാസാഹെബ് ഫാൽക്കെയോടുള്ള ആദര സൂചകമായാണ് ഇന്ത്യ ദാദാസാഹെബ് ഫാൽക്കെ പുരസ്‌കാരം ആരംഭിച്ചത്. 1969-ലാണ് പുരസ്‌കാരം ആരംഭിച്ചത്. ഇന്ന് ഇന്ത്യയിലെ ഏറ്റവും ഉയർന്ന ചലച്ചിത്ര പുരസ്‌കാരമാണിത്. സമഗ്രസംഭാവനയ്ക്കാണ് പുരസ്‌കാരം നൽകുന്നത്. 1944 ഫെബ്രുവരി 16ന് ഫാൽക്കെ അന്തരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News