തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ അഴിമതിക്കേസുകൾ ഉണ്ടെന്ന വിഎസിന്റെ വാദത്തിന് കൂടുതൽ ബലം നൽകി ലോകായുക്ത. മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മന്ത്രിമാർക്കും എതിരെ 96 കേസുകൾ ലോകായുക്തയിൽ രജിസ്റ്റർ ചെയ്തവയിൽ നിലനിൽക്കുന്നുണ്ടെന്ന് ലോകായുക്ത വ്യക്തമാക്കി. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ലോകായുക്ത ഇക്കാര്യം വെളിപ്പെടുത്തിയത്. 2011 മുതൽ 2016 വരെയുള്ള കാലയളവിലാണ് ഈ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. തനിക്കോ മന്ത്രിമാർക്കോ എതിരെ ലോകായുക്തയിൽ ഒരു കേസു പോലും നിലവിൽ ഇല്ലെന്നായിരുന്നു മുഖ്യമന്ത്രി വാദിച്ചിരുന്നത്.
മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവർക്കെതിരെ ഏതെങ്കിലും തരത്തിലുള്ള കേസുകൾ നിലനിൽക്കുന്നുണ്ടോ, ഉണ്ടെങ്കിൽ ഏതുതരം കേസാണ്, എന്താണ് കേസിന്റെ വിശദാംശങ്ങൾ എന്നീ കാര്യങ്ങളാണ് അപേക്ഷയിൽ ചോദിച്ചിരുന്നത്. ഇതിനാണ് 96 കേസുകൾ നിലവിലുണ്ടെന്ന മറുപടി ലഭിച്ചത്. എന്നാൽ, കേസിന്റെ വിശദാംശങ്ങൾ നൽകാൻ ലോകായുക്ത തയ്യാറായിട്ടില്ല. കേസുകളുടെ നമ്പറുകൾ മാത്രമാണ് നൽകിയിട്ടുള്ളത്. പക്ഷേ, കേസുകൾ എല്ലാം ഇപ്പോൾ വിചാരണയുടെ ഘട്ടത്തിലാണെന്നും വ്യക്തമാണ്. കേസുകളിൽ ഒന്നിലും വിധി പുറപ്പെടുവിച്ചിട്ടുമില്ല.
തനിക്കെതിരെ ഒരു കേസ് പോലും ഇല്ലെന്നാണ് മുഖ്യമന്ത്രി നാമനിർദേശ പത്രികയ്‌ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലും പറഞ്ഞിട്ടുള്ളത്. എന്നാൽ, അദ്ദേഹത്തിനെതിരെ പാറ്റൂർ കേസിൽ ജേക്കബ് തോമസ് നൽകിയ റിപ്പോർട്ട് ലോകായുക്തയിൽ നിലനിൽക്കുന്ന കാര്യം പോലും മുഖ്യമന്ത്രി മറച്ചുവച്ചു. ഇക്കാര്യം ലോകായുക്ത നൽകിയ റിപ്പോർട്ടിൽ വ്യക്തമാണ്. എന്നാൽ, തനിക്കെതിരെ മൂന്നു കേസുകൾ ഉണ്ടെന്നു മന്ത്രി എംകെ മുനീർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
Get real time update about this post categories directly on your device, subscribe now.
Discussion about this post