കേരളത്തിൽ യുവാക്കൾക്കിടയിൽ കഞ്ചാവ് കച്ചവടം വാട്‌സ്ആപ്പ് വഴി; കോട്ടയത്ത് യുവാവ് പിടിയിൽ; കച്ചവടം വാട്സ് ആപ്പിൽ തുകയുറപ്പിച്ച് ബാങ്ക് അക്കൗണ്ടിലേക്ക് പണം ഇട്ടശേഷം

കോട്ടയം: ബാറുകൾ ഇല്ലാതായതോടെ ലഹരിക്കായി കഞ്ചാവ് കണ്ടെത്താൻ നെട്ടോട്ടമോടുന്ന യുവാക്കൾക്ക് സഹായമായി വാട്‌സ്ആപ്പ്. സംസ്ഥാനവ്യാപകമായി യുവാക്കൾക്കു കഞ്ചാവെത്തിച്ചുകൊടുക്കാൻ വാട്‌സ്ആപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ചു പത്തിലേറെ സംഘങ്ങളെന്നു വിവരം. വില പറഞ്ഞുറപ്പിച്ച് കേരളത്തിലെവിടെയും എത്തിച്ചുകൊടുക്കുകയാണ് സംഘങ്ങളുടെ രീതി. ഇത്തരത്തിൽ പ്രവർത്തിക്കുന്ന സംഘത്തിലെ അംഗമായ യുവാവ് കോട്ടയത്തു പിടിയിലായി.

കോട്ടയം കാരാപ്പുഴ സ്വദേശി ബാദുഷ ഷാഹുലാണ് പിടിയിലായത്. വിനോദസഞ്ചാരത്തിനെന്ന വ്യാജേന രാജ്യത്തിന്റെ വിവിധ ഭാഗങ്ങൡ പോകുന്ന ബാദുഷ കഞ്ചാവ് കേരളത്തിലേക്കെത്തിക്കുന്ന കാരിയറാണെന്നാണു പൊലീസ് നൽകുന്ന വിവരം. ബാദുഷയെത്തിക്കുന്ന കഞ്ചാവ് വാട്‌സ്ആപ്പിലൂടെ വില പറഞ്ഞുറപ്പിക്കുന്നവർക്കു കേരളത്തിലെ വിവിധ ഭാഗങ്ങളിലെത്തിക്കുകയാണ് ചെയ്തിരുന്നത്. എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡാണ് ഷാഹുലിനെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.
തമിഴ്നാട്ടിൽ വിനോദയാത്രയ്ക്കെന്ന വ്യാജേന പോവുകയും കഞ്ചാവ് എത്തിക്കുകയുമായിരുന്നു യുവാവ് ചെയ്തിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കോളജ് വിദ്യാർഥികളും യുവാക്കളായ പ്രൊഫഷണലുകളുമാണ് തന്റെ പ്രധാന കസ്റ്റമേഴ്‌സ് എന്നാണു ഷാഹുൽ നൽകിയ മൊഴി. പെൺകുട്ടികളടക്കമുള്ള നിരവധി പേരുടെ നമ്പരുകളും ആശയവിനിമയത്തിന്റെ രേഖകളും ഇയാളുടെ മൊബൈലിൽനിന്നും വാട്‌സ്ആപ്പിൽനിന്നും ലഭിച്ചു. ഇയാൾ ഉപയോഗിച്ചിരുന്ന രണ്ടു വാട്‌സ്ആപ്പ് നമ്പരുകളിലായി നൂറിലേറെപ്പേരുടെ നമ്പരുകൾ ലഭിച്ചിട്ടുള്ളതായാണ് വിവരം. ഒരു വർഷമായി കേരളത്തിൽ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചുള്ള കഞ്ചാവു കച്ചവടം സജീവമാണെന്നാണ് എക്‌സൈസ് പറയുന്നത്.

ബൈക്കിലും കാറിലുമാണ് പറഞ്ഞുറപ്പിച്ച സ്ഥലത്തു കഞ്ചാവെത്തിക്കുന്നത്. പകലാണ് വിതരണമെന്നതിനാൽ സംശയത്തിന്റെ പേരിൽ പോലും പിടിക്കപ്പെടില്ല. ആപ്യൂളുകളും മയക്കുമരുന്നുകളും ഇങ്ങനെ വിൽപന നടത്തുന്നുണ്ടെന്നും വിവരമുണ്ട്. ചങ്ങനാശേരിയാണ് മധ്യകേരളത്തിലെ ഇത്തരം സംഘങ്ങളുടെ കേന്ദ്രം. പാലക്കാട്, കൊല്ലം എന്നിവിടങ്ങളിലും ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വാട്‌സ്ആപ്പിൽ തുക പറഞ്ഞുറപ്പിച്ചാൽ പണം ബാങ്ക് അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്യണം. ഈ പണം ലഭിച്ചുകഴിഞ്ഞാൽ മാത്രമേ കഞ്ചാവ് കൈമാറൂ എന്നതാണ് ചില സംഘങ്ങളുടെ രീതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News