ദില്ലി: വിവാദമായ അഗസ്ത വെസ്റ്റ്‌ലാൻഡ ഹെലികോപ്റ്റർ ഇടപാടിൽ മുൻ പ്രതിരോധമന്ത്രി എ കെ ആന്റണിയെ ചോദ്യം ചെയ്യും. അന്വേഷണത്തിനായി പ്രതിരോധമന്ത്രാലയത്തിൽ പ്രത്യേകസംഘത്തെ നിയോഗിച്ച കേന്ദ്ര പ്രതിരോധ മന്ത്രി മനോഹർ പരീക്കർ മുൻ യുപിഎ സർക്കാരിനെ ഇടപാടിൽ പ്രതിക്കൂട്ടിലാക്കുമെന്നാണ് സൂചന. ക്രമക്കേടു കണ്ടെത്തിയിട്ടും കരാർ റദ്ദാക്കാൻ ആന്റണി രണ്ടു വർഷം കാത്തിരുന്നത് ഗുരുതരമായ കുറ്റകൃത്യമായാണ് കേന്ദ്ര സർക്കാർ വിലയിരുത്തുന്നത്. സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമായിരിക്കും ചോദ്യം ചെയ്യുക.
2012 ലാണ് ഹെലികോപ്റ്റർ ഇടപാടിൽ ക്രമക്കേടു നടന്നതായി കണ്ടെത്തിയത്. 2014 ജനുവരിയാണ് കരാർ റദ്ദാക്കിയത്. ക്രമക്കേടുണ്ടായിട്ടും കേസ് സിബിഐക്കു കൈമാറാൻ വൈകിയതെന്താണെന്ന ചോദ്യവും കേന്ദ്ര സർക്കാർ ഉയർത്തുന്നുണ്ട്. ഇറ്റാലിയൻ കമ്പനി ഫിൻ മെക്കാനിക്കയുടെ സിഎംഡി ഗിസപ്പേ ഓർസി അറസ്റ്റിലായതിനു ശേഷം മാത്രമാണ് അന്വേഷണം നടത്തിയത്. ഇതെന്തിന്റെ അടിസ്ഥാനത്തിലാണ് എന്നതായിരിക്കും ആന്റണിയിൽനിന്നു തേടുന്ന പ്രധാനവിവരം. ഇടപാടിൽ ആന്റണിക്കു വ്യക്തമായ പങ്കുണ്ടെന്നതിനു തെളിവുകൾ നിരത്താനാണു കേന്ദ്ര സർക്കാരിന്റെ പദ്ധതിയെന്നുമറിയുന്നു. ക്രമക്കേടു കണ്ടെത്തിയശേഷവും മൂന്നു ഹെലികോപ്റ്ററുകൾ അഗസ്ത വെസ്റ്റ്‌ലാൻഡിൽനിന്നു വാങ്ങിയതിനെക്കുറിച്ചും ആന്റണിയെ ചോദ്യം ചെയ്യുമെന്നാണ് കേന്ദ്ര സർക്കാരുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ഇന്നലെ ദില്ലിയിൽ പ്രതിരോധമന്ത്രി മനോഹർ പരീക്കറിന്റെ സാന്നിധ്യത്തിൽ ദില്ലിയിൽ ചേർന്ന യോഗത്തിലാണ് ആന്റണിയെ അടക്കം ചോദ്യം ചെയ്യാൻ തീരുമാനമായത്. 3600കോടിയുടെ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിക്കും. അതേസമയം, തനിക്കെതിരേ തെളിവുണ്ടെങ്കിൽ എന്തുകൊണ്ടാണ് കേന്ദ്ര സർക്കാർ നടപടിയെടുക്കാൻ വൈകുന്നതെന്ന് ആന്റണി തിരുവനന്തപുരത്തു പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here