തൃപ്പൂണിത്തുറ: തിരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ത്ഥിയുടെ അപരന് അബദ്ധത്തില്‍ കിട്ടുന്ന വോട്ടുകളുടെ ബലത്തില്‍ ജയിക്കേണ്ടിവന്നാല്‍ താന്‍ ലജ്ജിച്ച് മരിക്കുമെന്ന് തൃപ്പൂണിത്തുറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. തൃപ്പൂണിത്തുറയില്‍ അപരന്‍ സ്വരാജിനെ നിര്‍ത്തിയ യുഡിഎഫിന് എതിരെയാണ് സ്വരാജ് ആലങ്കാരിക മറുപടി നല്‍കിയത്.
യുഡിഎഫ് ഇങ്ങോട്ട് ഒരു പാരവെച്ചപ്പോള്‍ അപരനെ നിര്‍ത്തി അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ തോന്നിയ പ്രവര്‍ത്തകരുടെ വികാരം ന്യായമാണ്. എന്നാല്‍ അപരന്‍മാരെ മത്സരിപ്പിക്കുന്ന രാഷ്ട്രീയ അധാര്‍മികതയോട് വിട്ടുവീഴ്ച ചെയ്യാനാവില്ല. അതിനാലാണ് ബാബുവിന്റെ അപര സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചത്. അപരന്‍മാരെ നിര്‍ത്തി തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നത് ജനാധിപത്യത്തോടും വോട്ടര്‍മാരോടുമുള്ള വെല്ലുവിളിയാണ്. അന്തസില്ലാത്ത തല്ലിപ്പൊളി ഏര്‍പ്പാടാണ്. വ്യക്തിപരമായും ഇത്തരം നിലവാരമില്ലാത്ത തരികിട ഏര്‍പ്പാടുകളോട് കടുത്ത വിയോജിപ്പുണ്ട്. അപരന്‍മാരെയിറക്കുന്ന അന്തസില്ലായ്മ കേരളത്തിലെങ്കിലും അവസാനിപ്പിക്കാന്‍ കഴിയാതെ പോയാല്‍ സമ്പൂര്‍ണ സാക്ഷരത വെറുംവാക്ക് മാത്രമായി മാറുമെന്നും എം സ്വരാജ് പറയുന്നു.
തിരഞ്ഞെടുപ്പിനെ ആശയങ്ങളും നിലപാടുകളും തമ്മിലുള്ള സമരമായാണ് ഇടതുപക്ഷം കാണുന്നത്. തട്ടിപ്പും, സൂത്രപ്പണിയും, കബളിപ്പിക്കലും ജനാധിപത്യ പ്രക്രിയയെ ദുര്‍ബലമാക്കും. ആയിരം അപരന്‍മാരെ യുഡിഎഫ് രംഗത്തിറക്കിയാലും അപരന്‍മാരുടെ പിന്‍ബലമില്ലാതെ മത്സരിക്കും. പതിനായിരം ബാബുമാരെയെങ്കിലും സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടില്ലാത്ത സംഘടനയുടെ ഭാരവാഹിത്വത്തില്‍ ഇരുന്നു കൊണ്ടു തന്നെ പറയട്ടെ സൂത്രപ്പണികളിലൂടെയുള്ള വിജയം ഞങ്ങള്‍ക്കു വേണ്ട. അത്ര തന്നെ. – എം സ്വരാജ് വ്യക്തമാക്കുന്നു.
‘അപരനെ തിരഞ്ഞിറങ്ങുകയും ഏറെ പണിപ്പെട്ട് ഒരാളെ അങ്കമാലിയില്‍ നിന്ന് സംഘടിപ്പിക്കുകയും ചെയ്ത ആദരണീയ സുഹൃത്ത് എബ്രഹാം ലിങ്കന്‍ എന്ന ഒരാളെ കുറിച്ച് കേട്ടിട്ടുണ്ടാവുമെന്നാണ് വിശ്വാസം. എബ്രഹാം ലിങ്കന്‍ തന്റെ കൊച്ചുമകന്‍ പഠിച്ച സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ക്ക് അയച്ച കത്ത് ഏറെ പ്രശസ്തമാണ്. തിരക്കുകള്‍ക്കിടയില്‍ സമയം കിട്ടുമ്പോള്‍ (തിരഞ്ഞെടുപ്പ് കഴിഞ്ഞായാലും) അതൊന്ന് വായിക്കണം. വളഞ്ഞ വഴിയിലൂടെയുള്ള വിജയങ്ങളെക്കുറിച്ച് അതില്‍ പറയുന്ന വരികള്‍ ശ്രദ്ധിച്ചു വായിക്കുന്നത് നല്ലതാണ്.’ – യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സ്ഥലം എംഎല്‍എയുമായ കെ ബാബുവിന് പരോക്ഷമായി എം സ്വരാജ് മറുപടി നല്‍കി.
എം സ്വരാജിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here